കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് യാത്രാസമയം 25 മിനിറ്റ്: സീപ്ലെയ്ൻ സഞ്ചാരികൾക്ക് അനുകൂലം
Mail This Article
തൊടുപുഴ ∙ ഇടുക്കിയുടെ മലനിരകൾ താണ്ടി സീപ്ലെയ്ൻ ജലാശയത്തിൽ പറന്നിറങ്ങുമ്പോൾ പിറന്നത് പുതിയൊരു അധ്യായം. നെടുമ്പാശേരിയിലെ കൊച്ചി വിമാനത്താവളത്തിൽനിന്ന് 3 മണിക്കൂർ, എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര മണിക്കൂർ എന്നിങ്ങനെയാണു റോഡുമാർഗം ഇപ്പോൾ മൂന്നാറിലേക്കുള്ള യാത്രാസമയം. സീപ്ലെയ്നായാൽ യാത്രാസമയം 25 മിനിറ്റായി കുറയ്ക്കാം.
നേര്യമംഗലം, അടിമാലി വഴിയാണ് ഇപ്പോൾ കൊച്ചിയിൽ നിന്നു മൂന്നാറിൽ എത്തേണ്ടത്. ഇതിൽ 14.5 കിലോമീറ്റർ വനമേഖലയാണ്. രാത്രിസഞ്ചാരം അപകടകരമായതിനാൽ സഞ്ചാരികൾ ഉച്ചയോടെ മൂന്നാർ വിടുന്നതാണു പതിവ്. ഇതു സീസൺ അല്ലാത്ത സമയങ്ങളിൽ മൂന്നാറിനെ ബാധിക്കുന്നുണ്ട്. ചുരുങ്ങിയ സമയത്തിൽ മൂന്നാറിലും സമീപപ്രദേശങ്ങളിലും എത്താനായാൽ കൂടുതൽ രാജ്യാന്തര സഞ്ചാരികളെ ടൂർ കമ്പനികൾ തന്നെ മൂന്നാറിലേക്ക് എത്തിക്കുമെന്നാണു പ്രതീക്ഷ. ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയുള്ള മൂന്നാറിൽ അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കാനും സീപ്ലെയ്‌ൻ ഉപയോഗിക്കാൻ കഴിയും. അതിർത്തിഗ്രാമങ്ങളായ മറയൂർ, കാന്തല്ലൂർ നിവാസികൾക്കും ഗുണകരമാകും.
11–ാം മാസത്തിലെ 11–ാം തീയതി രാവിലെ 11 മണി; ഇതു ഇടുക്കിയുടെ ചരിത്രം
മൂന്നാർ ∙ ഇടുക്കിയുടെ ടൂറിസം സ്വപ്‍നങ്ങൾക്ക് ചിറകു വിടർത്തി ജലവിമാനം ഇറങ്ങുന്നതു കാണാൻ മാട്ടുപ്പെട്ടി അണക്കെട്ടിനു സമീപം ഇന്നലെ ജനങ്ങൾ തടിച്ചുകൂടി. ജലവിമാനം ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചവരെ അണക്കെട്ടിൽ ബോട്ടിങ് നിർത്തിവച്ചിരുന്നു. ഇതറിയാതെ എത്തിയ വിദേശികൾ അടക്കമുള്ള സഞ്ചാരികൾ മടങ്ങാതെ ബോട്ട്ലാൻഡിനു സമീപം കാത്തു നിന്നു. തെളിഞ്ഞ അന്തരീക്ഷത്തിൽ പത്തു മണിയോടെ നാട്ടുകാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമെത്തിയതോടെ ബോട്ട്ലാൻഡ് പരിസരം ജനങ്ങളെക്കൊണ്ടു നിറഞ്ഞു.
പിന്നെ ജലവിമാനമെത്തുന്നതിന്റെ ആകാംക്ഷയിലായിരുന്നു ഓരോരുത്തരും. കൃത്യം 10.53 ന് വിമാനം മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ആകാശത്ത് എത്തി. ഒരുതവണ ആകാശത്ത് വട്ടമിട്ടു പറന്ന ശേഷം 10.55ന് വെള്ളത്തിൽ തൊട്ടു. തുടർന്ന് വെള്ളത്തിലൂടെ കുറെദൂരം കുണ്ടള ഭാഗത്തേക്ക് ഓടിയശേഷം തിരിച്ച് അണക്കെട്ടിൽ യാത്രക്കാർക്ക് വിമാനത്തിൽ നിന്നു ഇറങ്ങുന്നതിനും കയറുന്നതിനുമായി പ്രത്യേകം തയാറാക്കിയിരുന്ന വാട്ടർഡ്രോമിനു സമീപത്തേക്ക് വിമാനമെത്തി നിന്നു.
പുറത്തു വന്ന സെക്കൻഡ് പൈലറ്റായ കനേഡിയൻ പൗരൻ ക്യാപ്റ്റൻ ഡാനിയൽ മോണ്ട്ഗോമറി വിമാനം അനങ്ങാത്ത വിധം വാട്ടർഡ്രോമിൽ ബന്ധിച്ചു. പിന്നീട് വാതിൽ തുറന്നതോടെ എ.രാജാ എംഎൽഎയും മറ്റ് യാത്രക്കാരും പുറത്തെത്തി.മന്ത്രി റോഷി അഗസ്റ്റിൻ, എം.എം.മണി എംഎൽഎ എന്നിവർ ചേർന്ന് യാത്രക്കാരെയും പൈലറ്റുമാരെയും മാലയിട്ടു സ്വീകരിച്ചു. മന്ത്രിയടക്കമുള്ളവർ സമീപത്തു ക്രമീകരിച്ചിരുന്ന യോഗസ്ഥലത്തേക്ക് പോയതോടെ വിമാനത്തിനടുത്തു നിന്ന് ഫോട്ടോയെടുക്കുന്നതിനുള്ള നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും തിരക്കായിരുന്നു ഒരു മണിക്കൂർ നേരം.
മാട്ടുപ്പെട്ടി എന്തുകൊണ്ടും അനുയോജ്യം
ഏതാണ്ട് മൂന്ന് കിലോമീറ്റർ വിശാലമായി കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേത്. എല്ലാ കാലത്തും വെള്ളമുണ്ടെന്നുള്ളതാണ് പ്രത്യേകത. ഇരട്ട എൻജിനുള്ള 19 സീറ്റർ ജലവിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഏതുചെറു ജലാശയത്തിലും എളുപ്പത്തിൽ ഇറക്കാം.
ആദ്യ യാത്രക്കാർ ഇവർ
എ.രാജ എംഎൽഎ, കെഎസ്ഇബി ചെയർമാനും എംഡിയുമായ ബിജു പ്രഭാകർ, ടൂറിസം അഡീഷനൽ ഡയറക്ടർ പി.വിഷ്ണു രാജ്, എറണാകുളം ജില്ലാ വികസന കമ്മിഷണർ അശ്വതി ശ്രീനിവാസ്, സിയാൽ ഡയറക്ടർ ജി.മനു, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ അശ്വനി പി.കുമാർ, എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സതീഷ് മിരാന്ദ.
സാധാരണക്കാർക്ക് ജലവിമാനത്തിൽ യാത്ര ചെയ്യാൻ സൗകര്യം എർപ്പെടുത്തും: മന്ത്രി
സാധാരണക്കാരായ ജനങ്ങൾക്കും ജലവിമാനത്തിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും മാട്ടുപ്പെട്ടിയിൽ ജലവിമാനത്തിന് നൽകിയ സ്വീകരണ യോഗത്തിൽ മന്ത്രി പറഞ്ഞു. എ.രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ചെയർമാനും എംഡിയുമായ ബിജു പ്രഭാകർ, ആമുഖ പ്രഭാഷണം നടത്തി. ഡാം സേഫ്റ്റി ചീഫ് എൻജിനീയർ എസ്.നന്ദകുമാർ സന്നിഹിതനായിരുന്നു.