സീപ്ലെയ്ൻ കാട്ടാനകളെ പേടിപ്പിക്കുമെന്ന് വനംവകുപ്പ്; കാട്ടാനയ്ക്ക് ബക്കറ്റിൽ വെള്ളം കൊടുക്കണം: മണി
Mail This Article
മൂന്നാർ ∙ മാട്ടുപ്പെട്ടിയിൽ സീപ്ലെയ്‌ൻ ഇറങ്ങുന്നതു കാട്ടാനകളുടെ സ്വൈരവിഹാരത്തിനു തടസ്സമാണെന്നു വനംവകുപ്പ് അറിയിച്ചു. വനമേഖലയായ മാട്ടുപ്പെട്ടിയിൽ 10 കാട്ടാനകളാണുള്ളത്. ഇവ തീറ്റതേടുന്നതും വെള്ളം കുടിക്കുന്നതും മാട്ടുപ്പെട്ടി ഡാമിലും പരിസരത്തുമാണ്. സീപ്ലെയ്‌നിന്റെ പ്രൊപ്പല്ലറിന്റെ ശബ്ദം ആനകളെ പേടിപ്പെടുത്തുന്നതാണ്. ഇക്കാരണത്താൽ വിമാനം മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വനംവകുപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥർ വൈദ്യുതി വകുപ്പ്, കൊച്ചി രാജ്യാന്തര വിമാനത്താവളം, വിനോദസഞ്ചാരവകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇടുക്കി ജലാശയത്തിൽ ഇറക്കാനിരുന്ന സീപ്ലെയ്‌ൻ വനംവകുപ്പിന്റെ എതിർപ്പിനെത്തുടർന്നാണു മാട്ടുപ്പെട്ടിയിലേക്കു മാറ്റിയത്.
കാട്ടാനയ്ക്ക് ബക്കറ്റിൽ വെള്ളം കൊടുക്കണം: എം.എം. മണി
മൂന്നാർ ∙ മാട്ടുപ്പെട്ടി അണക്കെട്ടിൽ ജലവിമാന സർവീസ് ആരംഭിക്കുന്നതു കാട്ടാനകളുടെ സ്വൈരവിഹാരത്തിനു തടസ്സമാകുമെന്നു പരാതിയുണ്ടെങ്കിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനകൾക്കു ബക്കറ്റിൽ വെള്ളം കോരി വായിലൊഴിച്ചു കൊടുക്കണമെന്ന് എം.എം.മണി എംഎൽഎ. സീപ്ലെയ്‌ൻ സർവീസ് നടത്തുന്നതു മാട്ടുപ്പെട്ടിയിൽ കാട്ടാനകൾക്കു ഭീഷണിയാണെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി ജനകീയമാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി ∙ സീപ്ലെയ്ൻ പദ്ധതി ജനകീയമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വിശദമായ പദ്ധതി തയാറാക്കിവരികയാണ്. നടപ്പായാൽ സംസ്ഥാനത്തെ വിദൂരസ്ഥലങ്ങളിലേക്കും കുറഞ്ഞ സമയത്തിലും ചെലവിലും എത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിലെ ഫ്ലാഗ് ഓഫ് ചടങ്ങിൽ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.ശിവൻകുട്ടി, മേയർ എം.അനിൽകുമാർ, സംസ്ഥാന വ്യോമയാന സെക്രട്ടറി ബിജു പ്രഭാകർ, ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം അഡിഷനൽ ഡയറക്ടർ (ജനറൽ) പി.വിഷ്ണുരാജ്, ഡിഹാവ്‌ലാൻഡ് ഏഷ്യ - പസിഫിക് മേഖലാ വൈസ് പ്രസിഡന്റ് യോഗേഷ് ഗാർഗ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തുരങ്കം വച്ചാൽ തടയുമെന്ന്മന്ത്രി റോഷി അഗസ്റ്റിൻ
ജലവിമാന പദ്ധതി ആറുമാസത്തിനുള്ളിൽ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പ്രകൃതിസ്നേഹം പറഞ്ഞ് പദ്ധതിക്ക് ആരു തുരങ്കം വയ്ക്കാൻ ശ്രമിച്ചാലും സർക്കാർ എന്തു വിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞു.
ഉഡാൻ പദ്ധതി
ഗ്രാമീണമേഖലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളിൽ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതിയുടെ ഭാഗമായാണു ജലവിമാന സർവീസ്. കാനഡയിലെ ഡിഹാവ്‌ലാൻഡ് കമ്പനിയുടെ 17 സീറ്റുള്ള വിമാനമാണു സ്‌പൈസ്‌ജെറ്റിന്റെ സഹകരണത്തോടെ പരീക്ഷണപ്പറക്കൽ നടത്തിയത്.