കെഎസ്ഇബി കേബിൾ കത്തി; ഇട്ടിയപ്പാറ ടൗണിൽ 2 മണിക്കൂർ വൈദ്യുതി മുടങ്ങി
Mail This Article
ഇട്ടിയപ്പാറ ∙ ഉഗ്രസ്ഫോടനത്തോടെ കെഎസ്ഇബിയുടെ കേബിൾ കത്തി നശിച്ചു. 2 മണിക്കൂറോളം ഇട്ടിയപ്പാറ ടൗണിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു 12.10ന് ആണ് ഇട്ടിയപ്പാറ ടൗണിൽ മൂഴിക്കൽ ജംക്‌ഷനിലെ 11 കെവി ഏരിയൽ ബഞ്ച് കേബിൾ (എബിസി) കത്തിയത്. ഇട്ടിയപ്പാറ–ഐത്തല റോഡിൽ ഓട്ടോ സ്റ്റാൻഡിനു സമീപം തൂണിൽ ചുരുട്ടി വച്ചിരുന്ന കേബിളാണ് വലിയ ശബ്ദത്തോടെ കത്തിയത്. ഉടനെ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ അപകടങ്ങൾ ഒഴിവായി.
കേബിളിൽ തീ പടർന്നതോടെ 20 മിനിറ്റിനു ശേഷം അഗ്നി രക്ഷാസേന എത്തിയാണ് അണച്ചത്. ഐത്തല റോഡിൽ മൂഴിക്കൽ ജംക്‌ഷനിലുള്ള ട്രാൻസ്ഫോമറിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷമാണ് റാന്നി ടൗൺ, ഇടമൺ, വെച്ചൂച്ചിറ എന്നീ 11 കെവി ഫീഡറുകൾ പിന്നീട് ചാർജ് ചെയ്തത്. കത്തിയ കേബിൾ മുറിച്ചു നീക്കിയ ശേഷം 2 മണിയോടെ ഇട്ടിയപ്പാറ ടൗണിലും വൈദ്യുതി എത്തിച്ചു. കൂടുതൽ ഭാഗങ്ങളിലും ബാക്ക് ഫീഡ് ചെയ്തു നൽകുകയായിരുന്നു.