മുതലപ്പൊഴി ബോട്ട് അപകടം; ഉസ്മാന്റെ മൃതദേഹം കബറടക്കി
Mail This Article
വർക്കല∙ മുതലപ്പൊഴിയിൽ ബോട്ട് അപകടത്തിൽ മരിച്ച നഗരസഭ പണയിൽ വാർഡ് ഗ്രാലിക്കുന്ന് പുത്തൻവീട്ടിൽ കഹാറിന്റെയും സോഫിറയുടെയും മൂത്തമകൻ മുഹമ്മദ് ഉസ്മാന്റെ(21) മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി. ഇന്നലെ ഉച്ചയോടെ വർക്കല ചിലക്കൂർ മുസ്‌ലിം ജമാഅത്ത് പള്ളി കബർസ്ഥാനിലാണു സംസ്കാരം നടന്നത്. വെള്ളിയാഴ്ച രാവിലെ വിഴിഞ്ഞം ഭാഗത്ത് കടൽത്തീരത്ത് അടിഞ്ഞ ഉസ്മാന്റെ മൃതദേഹം ബന്ധുക്കൾ സ്ഥലത്തെത്തി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ബോട്ടപകടത്തിൽ മരിച്ച ഉസ്മാന് യാത്രാമൊഴി നൽകാൻ ഉറ്റവരും സുഹൃത്തുക്കളുമായി ഒട്ടേറെ പേർ പള്ളിയിൽ എത്തിച്ചേർന്നിരുന്നു. വ്യാഴാഴ്ച വിഴിഞ്ഞം ഭാഗത്തു നിന്നു കണ്ടെത്തിയ മറ്റൊരു മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്.
ഉസ്മാന്റെ സഹോദരനായ മുഹമ്മദ് മുസ്തഫ(16), മറ്റൊരു മത്സ്യത്തൊഴിലാളിയായ രാമന്തളി കനാൽ പുറമ്പോക്കിൽ അബ്ദുൽ സമദ്(53) എന്നിവരെ അപകടത്തിനിടെ കാണാതായിരുന്നു. വി.ജോയി എംഎൽഎ, നഗരസഭ അധ്യക്ഷൻ കെ.എം.ലാജി, ഉപാധ്യക്ഷ കുമാരി സുദർശിനി, കൗൺസിലർമാരായ എ.സലിം, ആമിന ആലിയാർ, കെ.ഷംസുദ്ദീൻ, എഐടിയുസി നേതാവ് എഫ്.നഹാസ്, വെട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.നാസിമുദീൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അസിം ഹുസൈൻ, ബിനു വെട്ടൂർ ഉൾപ്പെടെ ഉസ്മാന് അന്ത്യോപചാരം അർപ്പിക്കാനെത്തി.