അജ്ഞാതൻ വളർത്തു മൃഗങ്ങളെ പീഡിപ്പിക്കുന്നു; നഗ്നനായി നടക്കുന്ന ചിത്രങ്ങൾ ലഭിച്ചെന്ന് വീട്ടുടമ
Mail This Article
കല്ലമ്പലം∙ പുല്ലൂർ മുക്കിൽ കഴിഞ്ഞ 4 മാസമായി രാത്രി അജ്ഞാതൻ ക്ഷീര കർഷകന്റെ വളർത്തു മൃഗങ്ങളെ പീഡിപ്പിക്കുന്നതായി പരാതി. സംഭവത്തിൽ പൊലീസ് നടപടി വൈകുന്നതായി ആക്ഷേപമുണ്ട്. സംഭവത്തെ തുടർന്ന് 4 മാസം പ്രായമുള്ള ഒരു ആട്ടിൻ കുട്ടി ചത്തു. പശു കുട്ടികൾ ചികിത്സയിൽ. പ്രതിയുടെ സഹായിയായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും അന്വേഷണത്തിൽ തൃപ്തി ഇല്ലെന്ന് നാട്ടുകാർ.
പുല്ലൂർമുക്ക് മുളയിലഴികത്ത് അബ്ദുൽ കരീമിന്റെ വീട്ടിലാണ് സംഭവം. പശുക്കുട്ടി, കാളക്കുട്ടി, ആട്ടിൻകുട്ടി എന്നിവയെ മാറി മാറി പീഡിപ്പിക്കുന്നു എന്നാണ് പരാതി. 4 മാസമായി ഇത് തുടരുകയാണ്. വീടിന് പുറത്തെ ശുചിമുറിയിൽ നിന്ന് സോപ്പ്, വസ്ത്രങ്ങൾ എന്നിവ മോഷണം പോയതാണ് തുടക്കം.
ഒപ്പം 3 മാസം പ്രായമായ പശു കുട്ടി വല്ലാതെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ മാസം ഒന്നു മുതൽ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. അതോടെയാണ് കാര്യങ്ങൾക്ക് വ്യക്തത വന്നത്. പുലർച്ചെ 3നും 5നും ഇടയ്ക്ക് എത്തുന്ന അജ്ഞാതൻ ശുചിമുറിയിൽ കയറി വസ്ത്രം മാറി തൊഴുത്തിൽ പോകും. അവിടെ വളർത്തു മൃഗങ്ങളെ പീഡിപ്പിച്ച ശേഷം വീണ്ടും ശുചിമുറിയിലെത്തി കുളിച്ച് വൃത്തിയായി മടങ്ങും.
ഇതാണ് പതിവ്. അജ്ഞാതൻ നഗ്നനായി നടക്കുന്ന ചിത്രങ്ങളും ലഭിച്ചതായി വീട്ടുടമ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടക്കം അന്ന് പൊലീസിൽ പരാതി നൽകി എങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് വീട്ടുടമ പറഞ്ഞു. തുടർന്ന് കഴിഞ്ഞ 25ന് 4 മാസം പ്രായമുള്ള ആട്ടിൻ കുട്ടിയെ കാണാതായി. 3 ദിവസങ്ങൾക്ക് ശേഷം സമീപത്തെ പറമ്പിൽ ചത്ത നിലയിൽ കണ്ടെത്തി.
അതിന്റെ ശരീര ഭാഗങ്ങൾ പലതും മുറിച്ചെടുത്ത നിലയിലായിരുന്നു. അതിനെ പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതാണ് എന്നും തുടർന്ന് നായ്ക്കൾ ഉപദ്രവിച്ചതായും വീട്ടുടമ പറഞ്ഞു. വീണ്ടും പൊലീസിന് പരാതി നൽകി. തുടർന്ന് പൊലീസ് എത്തി കേസ് എടുക്കുകയും കുഴിച്ചിട്ട ആട്ടിൻകുട്ടിയെ പൊലീസിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു.
അതിന്റെ ഫലം വന്നിട്ടില്ല. നിരന്തരം പീഡനത്തിന് ഇരയായ പശുക്കുട്ടി അവശതയിൽ ആണ്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പ്രദേശത്തെ ക്ഷീര കർഷകരുടെ ആശങ്ക മാറിയിട്ടില്ല. തുടർ അന്വേഷണം ശക്തം അല്ലെന്നും നാട്ടുകാരുടെ ആശങ്ക അകറ്റാൻ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും വീട്ടുടമയും നാട്ടുകാരും ആവശ്യപ്പെട്ടു.