താഴ്ന്ന പ്രദേശം മണ്ണിട്ട് ഉയർത്തി; പുറത്തിറങ്ങാനാവാതെ വീട്ടുകാർ; മഴ പെയ്താൽ വീട്ടിനുള്ളിൽ ചെളി
![നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി താഴ്ന്ന പ്രദേശം മണ്ണിട്ട് ഉയർത്തിയപ്പോൾ കുഴിയിലായിപ്പോയ വീട്ടുകാർ](https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2023/12/15/thiruvananthapuram-neyyattinkkara-land-uplifted.jpg?w=1120&h=583)
Mail This Article
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി താഴ്ന്ന പ്രദേശം മണ്ണിട്ട് ഉയർത്തിയപ്പോൾ 2 വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് പരാതി. മഴയിൽ വീട്ടിനുള്ളിൽ ചെളി നിറയുന്നതായും ആക്ഷേപം. പരാതിയുമായി അധികൃതരുടെ മുന്നിൽ എത്തിയിട്ടും പരിഹാരമായില്ല. റെയിൽവേ സ്റ്റേഷന് എതിർവശത്ത് പാർക്കിങ് യാഡ് നിർമിക്കാൻ മണ്ണ് കുന്നുപോലെ കൂട്ടിയതോടെയാണ് കണിച്ചാംകോട് സ്വദേശികളായ മുരളി, നിഷ എന്നിവരുടെ വീടുകളിലേക്കുള്ള വഴിയടഞ്ഞത്. മഴയിൽ ചെളിയും വെള്ളവും കുത്തിയൊലിച്ച് വീട്ടിൽ കയറും.
രാത്രിയാണ് മഴയെങ്കിൽ ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയെന്ന് വീട്ടുകാർ പരാതി പറയുന്നു. പാർക്കിങ് യാർഡ് നിർമാണം ആരംഭിച്ച വേളയിൽ ഒട്ടേറെ വീടുകളിലേക്കുള്ള വഴി അടഞ്ഞിരുന്നു. അന്ന് അവർ പ്രതിഷേധിച്ചതോടെ വേറെ വഴി നൽകി പ്രശ്നം പരിഹരിച്ചു. എന്നാൽ ഈ 2 വീട്ടുകാരുടെ കാര്യത്തിൽ അധികൃതർ പരിഹാരം കണ്ടിട്ടില്ല. ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കൗൺസിലർ കൂട്ടപ്പന മഹേഷിന്റെ നേതൃത്വത്തിൽ റെയിൽവേക്കു നിവേദനം നൽകി.