അമൃതയ്ക്ക് കഴക്കൂട്ടത്ത് സ്റ്റോപ്; പിന്നാലെ ‘അവകാശികൾ’...
Mail This Article
കഴക്കൂട്ടം∙ ദീർഘദൂര ട്രെയിൻ അമൃത എക്സ്പ്രസിനു കഴക്കൂട്ടത്ത് സ്റ്റോപ്. കേന്ദ്ര മന്ത്രി വി. മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന ചടങ്ങിൽ അവകാശ വാദവുമായി ബിജെപിയും കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. കേന്ദ്ര റെയിൽവേ മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതു കൊണ്ടാണ് ഈ ട്രെയിനിനു കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിച്ചതെന്നാണ് കേന്ദ്ര മന്ത്രി വി. മുരളീധരന്റെ വാദം. താൻ നേരിട്ട് റെയിൽവേ മന്ത്രിയെ കണ്ടെന്നും അതിന്റെ ഫലമാണ് സ്റ്റോപ്പെന്നു കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറയുന്നു.
എന്നാൽ കഴക്കൂട്ടം റെയിൽവേ വികസന ആക്‌ഷൻ കൗൺസിലിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്ന് താൻ മുൻപ് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നേരത്തെ കഴക്കൂട്ടത്ത് 8 ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചതെന്ന് ചടങ്ങിൽ പ്രസംഗിച്ച ശശി തരൂർ എംപി പറഞ്ഞു.ഇക്കാര്യത്തിൽ അതേ സമയം വർഷങ്ങൾക്കു മുൻപു തന്നെ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയതായി ടെക്നോപാർക്ക് ജീവനക്കാരുടെ സംഘടനകളിലൊന്നായ പ്രതിധ്വനിയുടെ ഭാരവാഹികൾ പറഞ്ഞു.
‘ആലപ്പുഴ വഴിയുള്ള ട്രെയിനുകൾക്ക് സ്റ്റോപ് വേണം’
അമൃത എക്സ്പ്രസിനു സ്റ്റോപ് അനുവദിച്ചെങ്കിലും ടെക്കികൾ ഉൾപ്പെടെ ഉള്ളവർ വലിയ സന്തോഷത്തിലല്ല . കാരണം നേരത്തെ തന്നെ 6 ദീർഘദൂര ട്രെയിനുകൾക്ക് കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിച്ചെങ്കിലും അവയിൽ ഒന്നു പോലും ആലപ്പുഴ വഴി പോകുന്നതല്ല. അമൃത എക്സ്പ്രസും കോട്ടയം വഴിയാണ് പോകുന്നത്. ആലപ്പുഴ വഴിയുള്ള ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്് വേണമെന്നാവശ്യപ്പെട്ട് കഴക്കൂട്ടം റെയിൽ വികസന ആക്‌ഷൻ കൗൺസിൽ ജന.കൺവീനർ ജോൺ വിനേഷ്യസിന്റെ നേതൃത്വത്തിൽ ദക്ഷിണ റെയിൽവേ അധികൃതരെ കണ്ട് പല തവണ നിവേദനം നൽകിയിട്ടുണ്ട്.