ഒരു കോടി സമ്മാനം അടിച്ച ടിക്കറ്റ് തട്ടിയെടുത്തു; സമ്മാനത്തുകയുടെ കൈമാറ്റം തടഞ്ഞു
Mail This Article
തിരുവനന്തപുരം ∙ ഒരു കോടി രൂപ സമ്മാനം അടിച്ച ഭാഗ്യക്കുറി ടിക്കറ്റ് വഴിയോര കച്ചവടക്കാരിയിൽ നിന്നു ലോട്ടറി വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ സമ്മാനത്തുകയുടെ കൈമാറ്റം പൊലീസ് ഇടപെട്ട് തടഞ്ഞു. തട്ടിപ്പ് നടത്തിയ പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണൻ അറസ്റ്റിലാകും മുൻപ് ഭാഗ്യക്കുറി ടിക്കറ്റ് ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിൽ നൽകിയിരുന്നു. ഇതിന്റെ തുടർനടപടിയാണ് പൊലീസ് തടഞ്ഞത്. കോടതിയുടെ ഉത്തരവ് വരും വരെ ടിക്കറ്റ് ബാങ്കിൽ സൂക്ഷിക്കുമെന്നും മ്യൂസിയം പൊലീസ് പറഞ്ഞു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ ദീപു സദനത്തിൽ സുകുമാരിയമ്മ (72)യിൽ നിന്നാണ് കണ്ണൻ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തത്. ഒന്നാം സമ്മാനത്തിന് അവകാശം ഉന്നയിച്ച് സുകുമാരിയമ്മ ഭാഗ്യക്കുറി വകുപ്പിനെ സമീപിച്ചു. കോടതി ഉത്തരവ് വരാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥർ ഇവർക്കു നൽകിയ മറുപടി.
ഈമാസം 14ന് ആണ് സുകുമാരിയമ്മ കണ്ണന്റെ പക്കൽ നിന്നും കേരള സർക്കാരിന്റെ ഫിഫ്ടി ഫിഫ്ടിയുടെ വ്യത്യസ്ത സീരീസുകളിലായി ഒരേ നമ്പരിലുള്ള 12 ടിക്കറ്റുകൾ വാങ്ങിയത്. 15നായിരുന്നു നറുക്കെടുപ്പ്. ഇതിൽ ഒന്നിനായിരുന്നു ഒരു കോടി രൂപ സമ്മാനം. എന്നാൽ ഇക്കാര്യം സുകുമാരിയമ്മ അറിഞ്ഞില്ല. ടിക്കറ്റ് പിന്നീട് തന്ത്രപൂർവം കണ്ണൻ തന്നെ കൈവശപ്പെടുത്തുകയായിരുന്നു.
തട്ടിപ്പിന് ഇരയായ സുകുമാരിയമ്മ പറയുന്നത്: കണ്ണന്റെ പക്കൽ നിന്നും സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ട്. 14ന് വൈകിട്ടും ടിക്കറ്റ് എടുത്തു. തൊട്ടടുത്തു കച്ചവടം നടത്തുന്ന സാവിത്രിയാണ് ആദ്യം ടിക്കറ്റ് നോക്കിയത്. അവർ എടുക്കാൻ തുനിഞ്ഞ ടിക്കറ്റ് സെറ്റാണ് കണ്ണൻ എന്റെ നേരെ നീട്ടിയത്. ഒരേ നമ്പറിലുള്ള ഒരു സെറ്റ് (12 എണ്ണം) ടിക്കറ്റ് എടുത്തു. അടുത്ത ദിവസം വൈകിട്ട് 5 മണിയോടെ മ്യൂസിയത്തെ തൊപ്പി വിൽക്കുന്നിടത്ത് കണ്ണൻ വന്നു. ടിക്കറ്റ് ഒന്നിന് 500 രൂപ വീതം 6000 രൂപ സമ്മാനം ഉണ്ടെന്ന് പറഞ്ഞു. ഈ സമയം അടുത്തുണ്ടായിരുന്ന ആൾ ലോട്ടറി ഫലത്തിന്റെ ഷീറ്റ് പരിശോധിക്കുകയും 500 രൂപ അടിച്ചതായി കാണുന്നില്ലെന്നും പറഞ്ഞു.
എന്നാൽ 100 രൂപ വീതം 1200 രൂപയാണ് സമ്മാനം ലഭിച്ചതെന്നു പറഞ്ഞ് കണ്ണൻ ടിക്കറ്റുകൾ തിരിച്ചുവാങ്ങി. 500 രൂപയും 700 രൂപയ്ക്കുള്ള പുതിയ ടിക്കറ്റുകളും നൽകി. രാത്രിയോടെ തനിക്ക് ഒന്നാം സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് പാളയത്തെ കച്ചവടക്കാർക്ക് കണ്ണൻ ലഡു വിതരണം ചെയ്തു. ഒരു സ്ത്രീ ടിക്കറ്റ് എടുത്ത ശേഷം പണം ഇല്ലാത്തതിനാൽ തിരികെ നൽകിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്നാണ് ഇയാൾ പറഞ്ഞത്. സംശയം തോന്നി ഒരു ലോട്ടറികച്ചവടക്കാരൻ എന്നോട് വിവരം പറഞ്ഞു. തുടർന്ന് ലോട്ടറി ഫലം പരിശോധിച്ചപ്പോൾ ഞാൻ എടുത്ത ടിക്കറ്റുകളിൽ ഒന്നായ എഫ്ജി 348822 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് മനസ്സിലായി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.