വറ്റി വരണ്ട് കിടന്നിരുന്ന ഭാരതപ്പുഴയുടെ രൂപവും ഭാവവും മാറി; ഇറങ്ങുമ്പോൾ കരുതൽ വേണം
Mail This Article
ചെറുതുരുത്തി ∙ വേനലിൽ വരണ്ട് മണൽ പരപ്പായി കിടന്നിരുന്ന ഭാരതപ്പുഴയുടെ കാഴ്ച മാറി, മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളവും, മഴ വെള്ളവും ഒന്നിച്ചതോടെ ജലനിരപ്പുയർന്ന് ഒഴുക്ക് കൂടിയ പുഴയെ സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുഴയിൽ മുങ്ങി മരിച്ചത് മൂന്ന് കുട്ടികളാണ്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ചെറുതുരുത്തി റെയിൽവേ മേൽ പാലത്തിനു സമീപമുള്ള കാരൂർ ക്ഷേത്രത്തിനടുത്തുള്ള എറള കടവിൽ സഹോദരന്റെയും സുഹൃത്തുക്കളുടെയും കൂടെ പുഴയിൽ കുളിക്കാനിറങ്ങിയ ആര്യൻ (15) ഒഴുക്കിൽപ്പെട്ട് മുങ്ങിയത്.
ശനിയാഴ്ച്ച രാവിലെ സംഭവ സ്ഥലത്ത് നിന്ന് അൽപ്പം മാറി ആര്യന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന്റെ ദുഃഖത്തിൽ നിന്ന് ഒരു നാട് കരകയറും മുൻപ് അന്ന് വൈകിട്ട് ഭാരതപ്പുഴയുടെ ദേശമംഗലം വറവട്ടൂർ തെങ്ങ് കടവിനു സമീപം പുഴയിൽ ഇറങ്ങിയ നേപ്പാൾ സ്വദേശികളായ രണ്ടു സഹോദരങ്ങൾ പുഴയിൽ മുങ്ങി മരിച്ചത്. നേപ്പാൾ ഡൈറ്റാട്ടി സ്വദേശികളായ നന്ദു - സുധ ദമ്പതിമാരുടെ നാലുമക്കളിൽ മൂത്തവർ രണ്ടു പേരായ വിക്രം (20), ശ്രീഷ്മ (15) എന്നിവരാണ് പുഴയിലെ കുഴിയിൽ പെട്ട് മരിച്ചത്. സഹോദരങ്ങളിൽ നാലാമനായ ബിവോഷിനെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കളുടെ വരവിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദിവസങ്ങൾക്കുള്ളിൽ പുഴയിൽ ജലനിരപ്പ് ഉയർന്നതും, കടവുകളിൽ ഒഴുക്ക് കൂടിയതും അപകട സാധ്യതകൾക്ക് കാരണമായിരിക്കെ മറ്റൊരു ജീവൻ കൂടി പുഴയിൽ പൊലിയാതിരിക്കാൻ ഓരോർത്തരും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ കുട്ടികളെ ഭാരതപ്പുഴയിലേക്ക് കുളിക്കാൻ പറഞ്ഞയക്കരുതെന്ന മുനറിയിപ്പുമായി ചെറുതുരുത്തി പൊലീസും രംഗത്തെത്തിയിട്ടുണ്ട്.