കുതിരാൻ തുരങ്കത്തിൽ വൈദ്യുതി തടസ്സം മൂലം വെളിച്ചമില്ല; വാഹനങ്ങൾക്ക് അപകട ഭീഷണി
Mail This Article
കുതിരാൻ ∙ തുരങ്കത്തിനുള്ളിൽ ഇന്നലെ പല തവണയായി അരമണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടതായി യാത്രക്കാർ. വൈദ്യുതി തടസ്സമുണ്ടാകുന്ന സമയത്തു തന്നെ ജനറേറ്റർ പ്രവർത്തനക്ഷമമാകേണ്ടതാണ്. എന്നാൽ പലപ്പോഴും കൂടുതൽ സമയം വൈദ്യുതി തടസ്സപ്പെടുന്നതായാണു പരാതി. വൈദ്യുതി തടസ്സപ്പെടുമ്പോൾ എക്സ്ഹോസ്റ്റ് ഫാനുകളും അന്തരീക്ഷത്തിലെ താപനില അളക്കുന്നതിനുള്ള സംവിധാനവും എൽഇഡി ബൾബിൽ സ്ഥാപിച്ചിട്ടുള്ള സൂചന ബോർഡുകളും പ്രവർത്തന രഹിതമാകും.
നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെയാണ് ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നത്. വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തുരങ്കത്തിനുള്ളിൽ പ്രവേശിക്കുന്നതിനു തൊട്ടു മുൻപായി എല്ലാ വാഹനങ്ങളും ഹെഡ് ലൈറ്റ് ഓണാക്കണമെന്നു നിർദേശമുണ്ട്.
വലിയവെളിച്ചത്തിൽ നിന്നു തുരങ്കത്തിനുള്ളിലേക്കു പ്രവേശിക്കുമ്പോൾ തുരങ്കത്തിൽ വെളിച്ചമില്ലാത്തത് വാഹനങ്ങൾക്ക് അപകടഭീഷണി സൃഷ്ടിക്കുന്നതായി യാത്രക്കാർ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി വൈദ്യുതി തടസ്സമുണ്ടാകാറുണ്ടെന്നും യാത്രക്കാർ പറയുന്നു.