രാജിയെ തലങ്ങും വിലങ്ങും കുത്തി, പ്രതിക്കും പരുക്കേറ്റു; കൺമുന്നിൽ അരുംകൊല, വിറങ്ങലിച്ച് നാട്
Mail This Article
വെള്ളറട ∙ ആശുപത്രിയിൽ നിന്ന് മരുന്നു വാങ്ങി മടങ്ങും വഴി ഭാര്യയെ ഭർത്താവ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. അമ്പൂരി മായം ഈരൂരിക്കൽ വീട്ടിൽ കുര്യാക്കോസിന്റെയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മേരിക്കുട്ടിയുടെയും ഏകമകൾ രാജിമോൾ(39) ആണ് ഭർത്താവിന്റെ വീടിനു മുന്നിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭർത്താവ് കോലത്തുവീട്ടിൽ മനോജ് സെബാസ്റ്റ്യനെ (മനു–50) നെയ്യാർഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
ഭർത്താവുമായി അകന്ന് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു രാജി. കുട ഉപയോഗിച്ച് ആക്രമണം തടയാൻ രാജിമോൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖത്തും കഴുത്തിലും കുത്തേറ്റു. നാട്ടുകാർ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രണയവിവാഹിതരായിരുന്ന ഇവർ രണ്ടു വർഷമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടങ്ങിയതിനു പിന്നാലെയായിരുന്നു കൊലപാതകം. രാജിയുടെ പോസ്റ്റ്മോർട്ടം ഇന്നു നടക്കും. പരുക്കേറ്റ മനോജ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇവർക്കു രണ്ടു മക്കളുണ്ട്.
കൺമുന്നിൽ അരുംകൊല; വിറങ്ങലിച്ച് നാട്
വെള്ളറട ∙ തിരക്കേറിയ റോഡിൽ നടന്ന അരുംകൊല നാടിനെ നടുക്കി. കത്തിയുമായി കാത്തു നിന്ന ഭർത്താവ് മനോജ് സെബാസ്റ്റ്യൻ, രാജിമോളെ ആക്രമിച്ച് തലങ്ങും വിലങ്ങും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നു മരുന്നു വാങ്ങിയ ശേഷം മടങ്ങുകയായിരുന്ന രാജിമോളെയാണ് മനോജ് കുത്തിയത്. സാധാരണ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കാറുള്ള രാജി ഇന്നലെ മഴയായതിനാലാണ് ആശുപത്രിയിലേക്കു നടന്നു പോയത്. അസുഖബാധിതയായ രാജി അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കണ്ട് മരുന്നു വാങ്ങി മടങ്ങുകയായിരുന്നു.
വീടിനു മുന്നിലൂടെ ആശുപത്രിയിലേക്ക് പോകുമ്പോൾ തന്നെ മനു രാജിയെ കണ്ടിരിക്കാമെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് ഇയാൾ കത്തിയുമായി കാത്തു നിന്നത്. രാജി തിരികെ വന്നപ്പോൾ ഇവർ തമ്മിൽ എന്തോ സംസാരിച്ചു. തുടർന്നാണ് കത്തിയെടുത്ത് ഇയാൾ കുത്തിയത്. ആക്രമണത്തിനിടെ മനുവിന്റെ കയ്യിലും പരുക്കേറ്റു. കുടയുമായി രാജി മനുവിന്റെ ആക്രമണം തടയാൻ ശ്രമിച്ചിരുന്നു.
സംഭവസ്ഥലത്തു കിടക്കുന്ന കുടയുടെ പ്രധാന കമ്പി വളഞ്ഞ നിലയിലാണ്. കാട്ടാക്കടയിൽ നിന്നു മായത്തേക്കു വന്ന കെഎസ്ആർടിസി ബസിനു മുന്നിലായിരുന്നു ആക്രമണം. ബസിലിരുന്നവരാണ് ആക്രമണം നേരിൽ കണ്ടത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. രണ്ടുവർഷം മുൻപ് തെറ്റിപ്പിരിഞ്ഞു. തുടർന്ന് മനു ഒറ്റയ്ക്കായിരുന്നു താമസം. കുറച്ചകലെയുള്ള സ്വന്തം വീട്ടിലാണ് രാജി കഴിഞ്ഞിരുന്നത്.