'തിരിച്ചു കയറാൻ പലവട്ടം പറഞ്ഞു; കയർ എറിഞ്ഞു കൊടുത്തെങ്കിലും അതിനു മുൻപേ മുങ്ങിപ്പോയി'
Mail This Article
തിരുവനന്തപുരം ∙ അതിഥിത്തൊഴിലാളികളായ തപൻദാസും വിശ്വജിത്ത് മണ്ഡലും അഴുക്കുചാലിലെ ഒഴുക്കിൽ ഇറങ്ങാൻ തയാറായെങ്കിലും വിലക്കിയ ശേഷം ജോയി ഇറങ്ങുകയായിരുന്നു. ‘നിങ്ങൾ കരയിൽ നിന്നാൽ മതി’ എന്നു ജോയി നിർബന്ധം പിടിച്ചതു കാരണം ഇവർ ഇറങ്ങിയില്ല. അപകടം നടക്കുമ്പോൾ തോടിന്റെ സംരക്ഷണ വേലിക്ക് അകത്ത് ഒരു ചുവട് മാത്രം വീതിയുള്ള തിട്ടയിൽ നിൽക്കുകയായിരുന്നു ഇരുവരും. മുള കൊണ്ട് ജോയി നീക്കുന്ന മാലിന്യം ഇവർ കോരിമാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. ജോയി മുങ്ങിപ്പോയതു കണ്ട് ആദ്യം ഇവർ ഞെട്ടി. പിന്നെ നിലവിളിച്ചു പുറത്തേക്ക് ഓടി. അപകടത്തിൽപെട്ട ജോയിയെ ഉടൻ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയതു മുതൽ മണിക്കൂറുകളോളം ഇരുവരും കാത്തിരുന്നു.
ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ
റെയിൽവേ പാഴ്സൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായ ഫോർട്ട് സ്വദേശി അനിൽ കുമാർ
‘അഴുക്കുചാലിൽ കഴുത്തറ്റം വെള്ളത്തിൽ വീണ അദ്ദേഹം മരത്തിന്റെ വേരിൽ പിടിച്ചു പൊങ്ങിക്കിടക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ പിടിവിട്ടു പോയതാണ്. കരയിൽ നിന്ന തൊഴിലാളികൾ കയർ എറിഞ്ഞു കൊടുക്കും മുൻപേ, ഒന്നും ശബ്ദിക്കാതെ കമ്പിവേലിക്കു പുറത്ത് കാഴ്ചക്കാരായി നിന്നവരെ ഒരുവട്ടം നോക്കി അയാൾ പൊടുന്നനെ മുങ്ങിത്താഴ്ന്നു. ആദ്യം തോടിന്റെ ഇടതുവശത്തു ചേർന്നുനിന്നു മുള കൊണ്ട് പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യം ജോയി നീക്കി.
ഒഴുക്ക് കൂടുതൽ ശക്തമായതോടെ റെയിൽവേ പോർട്ടർമാരിൽ ചിലർ അപകട മുന്നറിയിപ്പു നൽകി. ജോയി കേൾക്കാത്ത മട്ടിൽ ജോലി തുടർന്നു. അഴുക്കുചാൽ കുറുകെ കടന്നു വലതു വശത്തെ ഭിത്തിയിലെ കരിങ്കല്ലിൽ ചവിട്ടി നിന്ന്, വീണ്ടും മുളകൊണ്ട് മാലിന്യം വകഞ്ഞു മാറ്റി. ഇതിനിടയിലാണ് കാൽ വഴുതി വീണത്.
കണ്ണടച്ച് തുറക്കും മുൻപേ മുങ്ങാൻ തുടങ്ങി. കയർ എടുത്ത് എറിഞ്ഞു കൊടുത്തെങ്കിലും അതിനു മുൻപേ ജോയി മുങ്ങിപ്പോയി.’
മാലിന്യ നീക്കത്തിന് കരാർ എടുത്ത ഏജൻസൻസിയുടെ സൂപ്പർവൈസർ അമരവിള സ്വദേശി കുമാർ: ഒഴുക്കു ശക്തമായപ്പോൾ തന്നെ തിരിച്ചു കയറാൻ പലവട്ടം പറഞ്ഞു. ജോയി അണ്ണൻ കേട്ടില്ല. ഒഴുക്ക് പ്രശ്നമല്ലെന്നും പണി തീർത്തിട്ടു കയറാമെന്നും പറഞ്ഞ് അവിടെ തന്നെ നിന്നു. പെട്ടെന്നാണു മുങ്ങിപ്പോയത്.’