മകൾക്ക് അങ്കണവാടിയിൽ പോകാനുള്ള വസ്ത്രവും ബാഗും തയാറാക്കി വച്ചു; പിറന്നാളിന് പിന്നാലെ വിയോഗം
![nayyatinkara-general-hospital-protest-krishnat nayyatinkara-general-hospital-protest-krishnat](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/7/20/nayyatinkara-general-hospital-protest-krishnat.jpg?w=1120&h=583)
Mail This Article
മലയിൻകീഴ്∙ വെൽഡിങ് തൊഴിലാളിയ ശരത്തിന്റേയും ചെങ്ങന്നൂർ സ്വദേശിയായ കൃഷ്ണയുടേയും പ്രണയവിവാഹമായിരുന്നു. ഈ വർഷം നാലാം വിവാഹ വാർഷികത്തിലേക്കു കടക്കുമ്പോഴാണ് ശരതിനെയും മകളെയും വിട്ട് കൃഷ്ണ മടങ്ങിയത്. അബോധവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ 19ന് ആയിരുന്നു കൃഷ്ണയുടെ 29–ാം ജന്മദിനം.
ബന്ധുക്കൾ പ്രതിഷേധിച്ചു
മലയിൻകീഴ് ∙ ആർഡിഒ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തണം, നെയ്യാറ്റിൻകര ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ട് അടിയന്തരമായി വേണം എന്നീ ആവശ്യങ്ങളാണ് ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബന്ധുക്കൾ ഉന്നയിച്ചത്. നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് കൃഷ്ണയെ മാറ്റുമ്പോൾ ഡിസ്ചാർജ് സമ്മറി മാത്രമാണ് നൽകിയത്. സബ് കലക്ടർ ഇടപെട്ടപ്പോഴാണ് ഇതു ലഭ്യമായത്. 15ന് ഉച്ചയ്ക്ക് രണ്ടരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ കൃഷ്ണയെ പ്രവേശിപ്പിച്ചത്.
എന്നാൽ, നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്നും നൽകിയ മെഡിക്കൽ റിപ്പോർട്ടിൽ ഇസിജി എടുത്ത സമയം 15ന് വൈകിട്ട് 3.45 ആണ് കാണിച്ചിരിക്കുന്നത്. പലയിടത്തും ഭർത്താവ് ശരത്ത് ഒപ്പിട്ടിട്ടുള്ളതായും കാണിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും ഒപ്പ് താൻ ഇട്ടിട്ടിട്ടില്ലെന്നും ശരത് പറയുന്നു. പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ്മാർട്ടം വൈകി. ഒടുവിൽ കേസ് എടുക്കാമെന്ന് നെയ്യാറ്റിൻകര ഡിവൈസ്എപി അറിയിച്ചതോടെയാണ് പോസ്റ്റ്മോർട്ടത്തിന് ബന്ധുക്കൾ തയാറായത്.
കണ്ണീരണിയിച്ച് മൂന്നുവയസ്സുകാരി
മലയിൻകീഴ് ∙ ഏക മകൾ 3 വയസ്സുകാരി ഋതികയ്ക്ക് അങ്കണവാടിയിൽ പോകാനുള്ള വസ്ത്രവും ബാഗും എല്ലാം തയാറാക്കി വച്ച ശേഷമാണ് കൃഷ്ണ നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് ഭർത്താവിനൊപ്പം പോയത്. അബോധവസ്ഥയിലായി വെന്റിലേറ്ററിൽ കഴിയുമ്പോഴും ഇന്നലെ ജീവൻ നഷ്ടമായി കൃഷ്ണ വീട്ടിലേക്കു മടങ്ങി എത്തുമ്പോഴും മകളുടെ അടുക്കിവച്ച വസ്ത്രവും ബാഗും എല്ലാം അതുപോലെ ആ കിടപ്പുമുറിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ച ഋതിക അമ്മയെ കണ്ടിട്ടില്ല. കൃഷ്ണ മകളെയും. മരണ വീട്ടിൽ എത്തിച്ചേർന്ന ബന്ധുക്കളുടെയും അവരുടെ മക്കളുടെയും ഒപ്പം കളിച്ചും നിഷ്കളങ്കമായ കാര്യങ്ങൾ പറഞ്ഞും തുള്ളിച്ചാടി നടക്കുന്ന ആ മൂന്നു വയസ്സുകാരി ഏവരെയും കണ്ണീരണിയിപ്പിച്ചു. 30ന് മകളുടെ പിറന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുന്നതിനിടെയാണ് വിധി കൃഷ്ണയെ കവർന്നത്.
അലർജി ഉണ്ടെന്ന് പറഞ്ഞില്ല: അധികൃതർ
അലർജി പ്രശ്നം ഉണ്ടെന്ന് പെൺകുട്ടിയോ കൂടെ ഉള്ളവരോ പറഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. കുത്തിവയ്പ്പ് നൽകിയെന്നത് തെറ്റാണ്. പെൺകുട്ടിക്ക് ഡ്രിപ്പിലൂടെ മരുന്ന് നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നം ഉണ്ടായത്. പെൺകുട്ടിയ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണ് മെഡിക്കൽ കോളജിലേക്ക് അയച്ചതെന്നും നെയ്യാറ്റിൻകര ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു.