ADVERTISEMENT

തിരുവനന്തപുരം∙ അശോകൻ മാമനോടു തന്റെ അച്ഛൻ മണിയൻ പിണങ്ങിയത് എന്തിനാണെന്ന് അന്നു നാലാം ക്ലാസിൽ പഠിച്ചിരുന്ന സുമേഷിന് ഇപ്പോഴും അറിയില്ല. പക്ഷേ, അന്ന് അച്ഛൻ പിണങ്ങിയില്ലായിരുന്നെങ്കിൽ താൻ ഇപ്പോൾ ജീവനോടെ കാണില്ലായിരുന്നെന്നു സുമേഷിന് ഉറപ്പുണ്ട്. അമ്പൂരി ദുരന്തത്തിന്റെ ആദ്യ മണി മുഴങ്ങിയതു സുമേഷിന്റെ വീടിനു പിന്നിലായിരുന്നു. 

കൂറ്റൻ മരം അടുക്കള തകർത്തുകൊണ്ടു തലയടിച്ചു വീണു. കൂര ചോരുന്നതിനാൽ ഭാര്യ സുശീലയെയും മക്കളായ സുമയെയും സുമേഷിനെയും നേരം വെളുക്കുവോളം എവിടെയെങ്കിലും നിർത്തണം. രാവിലെ കൂര പണിയാം. കഷ്ടിച്ചു 10 മീറ്റർ അപ്പുറത്തെ അശോകൻ മാമന്റെ വീട്ടിൽ നിൽക്കാനായിരുന്നു സുമേഷിന്റെ ആഗ്രഹം. അമ്മ സുശീലയും അതു തന്നെ പറഞ്ഞു. 

സുമേഷിന്റെ അമ്പൂരിയിലെ  പഴയ വീട്  തകർന്ന  നിലയിൽ.
സുമേഷിന്റെ അമ്പൂരിയിലെ പഴയ വീട് തകർന്ന നിലയിൽ.

തലേന്ന് അശോകൻ എന്തോ പറഞ്ഞതിലെ സൗന്ദര്യപ്പിണക്കത്തിൽനിന്നു മാറാത്ത മണിയൻ അവിടെ പോകേണ്ടെന്നു പറഞ്ഞു. മഴയത്തു 3 പേരെയും കൂട്ടി അൽപം അകലെയുള്ള വൽസമ്മ ടീച്ചറിന്റെ വീട്ടിലേക്കു മണിയൻ നടക്കുമ്പോൾ അശോകന്റെ വീട്ടിൽ നിന്നാൽ മതിയായിരുന്നെന്നു സുശീല പറഞ്ഞു. മുൻപേ നടക്കുന്ന അച്ഛന്റെ മനസ്സു മാറട്ടെയെന്ന ആഗ്രഹത്തോടെ സുമേഷ് പിന്നാലെയും. മണിയൻ പിന്മാറിയില്ല. 

വൽസമ്മയുടെ വീട്ടിൽ എത്തിയപ്പോൾ രാത്രി 7.30 കഴിഞ്ഞു. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ മണിയൻ പുറത്തേക്കിറങ്ങി. വീടുവരെ പോയിട്ടു വരാമെന്ന് അച്ഛൻ പറയുന്നതു സുമേഷ് കേട്ടിരുന്നു. വേറെ മരങ്ങൾ വീണിട്ടുണ്ടോയെന്നു നോക്കാനായിരിക്കാം. അൽപം കഴിഞ്ഞപ്പോൾ നെഞ്ചത്തടിച്ചുകൊണ്ടു മണിയൻ ഓടിവരുന്നു. അശോകന്റെ വീടും അതിനുനേരെ നടപ്പാതയുടെ താഴെയുള്ള ടൈറ്റസിന്റെ വീടും ഉരുൾപൊട്ടലിൽ തകർന്നു. ആരെയും കാണാനില്ല. മലയുടെ താഴെ ആരൊക്കെയോ നിലവിളിക്കുന്നു. അപ്പോഴേക്കും തോമസിന്റെ വീട്ടിലെ 24 ജീവനുകളെക്കൂടി കവർന്ന ഉരുൾ അതിനു താഴെയുള്ള നെയ്യാറിന്റെ വൃഷ്ടിപ്രദേശത്തു ലയിച്ചിരുന്നു. 

ദുരന്ത പ്രദേശത്തു താമസിച്ചിരുന്നവർക്കുവേണ്ടി കൂട്ടപ്പൂ അമ്മതയിൽ ഒരേക്കർ സ്ഥലം വാങ്ങിയ സർക്കാർ സന്നദ്ധസംഘടനകളുടെ കൂടി സഹായത്തോടെ 15 വീടുകൾ നിർമിച്ചു. അവിടെയാണു സുമേഷിന്റെയും കുടുംബത്തിന്റെയും താമസം. താൻ ജനിച്ച, നാലാം ക്ലാസിൽ പഠിക്കുന്നതുവരെ അന്തിയുറങ്ങിയ വീട് ഇപ്പോഴും കഴുക്കോലും ചുമരും മാത്രമായി അവശേഷിക്കുന്നുണ്ട്. എങ്കിലും വല്ലപ്പോഴും അവിടെ എത്തും. ഉരുളിൽ തകർന്ന അശോകന്റെ വീടിനടിയിലെ പരന്ന പാറ ഇപ്പോൾ കാണാം. അതിലൂടെ കണ്ണീരുപോലെ തെളിഞ്ഞ ഉറവ ഒലിച്ചിറങ്ങുന്നുണ്ട് ഇപ്പോഴും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com