സഹായമായി എത്തിയത് ടൺ കണക്കിന് സാധനങ്ങൾ; ചെറുപൊതികൾ മുതൽ ലോറികളിൽ വരെ സാമഗ്രികൾ
Mail This Article
കോഴിക്കോട്∙ വയനാട് മഴക്കെടുതിയെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് സഹായമെത്തിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ആഹ്വാനത്തിനു വൻ പ്രതികരണം. ഒഴുകിയെത്തിയത് ടൺ കണക്കിന് സാധനങ്ങൾ. കലക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ ഇതേക്കുറിച്ച് ആവശ്യമറിയിച്ച് മണിക്കൂറുകൾക്കകം ഒട്ടേറെപ്പേരാണു തങ്ങളാലാവുന്ന സഹായങ്ങളുമായി എത്തിയത്. മണിക്കൂറുകൾക്കകം പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളിൽ സാധനസാമഗ്രികൾ കുന്നുകൂടിയതോടെ തൽക്കാലം സഹായ സ്വീകരണം നിർത്തിവച്ചു.
ചെറുപൊതികളുമായി വന്നവർ മുതൽ വലിയ ലോറികളിൽ സാമഗ്രികളുമായി എത്തിയവർ വരെ ഈ ദൗത്യത്തിൽ പങ്കാളികളായി. മുതിർന്നവരോടൊപ്പം കുട്ടികളും ചെറുപൊതികളുമായി എത്തി. വ്യക്തികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂട്ടയ്മകളും സംഘടനകളും വിദ്യാർഥികളും വ്യാപാരികളും വ്യവസായ സ്ഥാപനങ്ങളും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ദൗത്യത്തിൽ പങ്കാളികളായി.
കുടിവെള്ളം, ബ്രഡ്, ബൺ, ബിസ്‌കറ്റ് തുടങ്ങിയ പാക്ക് ചെയ്ത ഭക്ഷ്യവസ്തുകൾ, പലഹാരങ്ങൾ, അരി, ആട്ട, പലവ്യഞ്ജനങ്ങൾ, വിവിധ പ്രായക്കാർക്കുള്ള വസ്ത്രങ്ങൾ, ചെരിപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ, മാറ്റ്, പുതപ്പ്, തോർത്ത്, മരുന്ന് തുടങ്ങി 13 ട്രക്ക് സാധനങ്ങളാണ് എത്തിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, കാസർകോട്, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നും സാധന സാമഗ്രികൾ എത്തി.
ദുരന്ത മേഖലയിലെ എത്തിപ്പെടാത്ത മേഖലകളിലേക്ക് ആകാശമാർഗം വിതരണം ചെയ്യുന്നതിനായി പ്രത്യേകം തയാറാക്കിയ 400 അവശ്യ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ ഇവിടെ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചു. നാവിക സേനയുടെ നേതൃത്വത്തിൽ പ്രത്യേകം സജ്ജമാക്കിയ 3 ഹെലികോപ്റ്ററുകളിലാണ് ഇവ വയനാട്ടിലെ ദുരന്തമേഖലകളിൽ എത്തിച്ചുനൽകുക.
കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ നേതൃത്വത്തിലുള്ള ടീമാണ് കലക്‌ഷൻ സെന്ററിന്റെ പ്രവർത്തനങ്ങളും ഏകോപനവും നിർവഹിക്കുന്നത്. സബ് കലക്ടർ ഹർഷൽ മീണ, അസിസ്റ്റന്റ് കലക്ടർ ആയുഷ് ഗോയൽ, കലക്ടറേറ്റ് സീനിയർ സൂപ്രണ്ട് ആർ.എസ്.ഫൈസൽ, ജൂനിയർ സൂപ്രണ്ടുമാരായ ഇ.ബിന്ദു, അജിത്ത്, ഡോ.നിജീഷ് ആനന്ദ്, ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥർ, കലക്ടറുടെ ഇന്റേണുകൾ തുടങ്ങിയവർ ഇവിടെ സജീവമായി രംഗത്തുണ്ട്.