ADVERTISEMENT

തിരുവനന്തപുരം/ കൽപറ്റ ∙ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ ഇനി അനാഥരല്ല. പരുക്കേറ്റ മൃഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം ഏറ്റെടുക്കാൻ തയാറുള്ള സമീപ പ്രദേശങ്ങളിലെ ക്ഷീര കർഷകർക്ക് അവയെ ഏൽപ്പിക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂമാകും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

മൃഗങ്ങളെ ഏറ്റെടുക്കുന്ന ക്ഷീരകർഷകരുടെ പേര് വിവരങ്ങൾ  കൃത്യമായി രേഖപ്പെടുത്തും. നിലവിൽ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, ജലം എന്നിവ എൻജിഒ, വോളണ്ടിയർമാർ മുഖേന ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചൂരൽമല ദുരന്തസ്ഥലത്തുനിന്നും ലഭിച്ച രണ്ട് നായക്കുട്ടികളെ സൈന്യവും പൊലിസ് സ്പെഷ്യൽ ഡിഫൻസ് ഗ്രൂപ്പിനും കൈമാറിയിരുന്നു. ചൂരൽമല, മുണ്ടക്കൈ ഉൾപ്പെടെയുള്ള ദുരന്ത ബാധിത സ്ഥലങ്ങളിൽ നിന്നും ജീവനോടെയും അല്ലാതെയും കണ്ടെത്തുന്ന വളർത്തു മൃഗങ്ങളെയും പക്ഷികളെയും കൺട്രോൾ റൂമിൽ എത്തിച്ച് തുടർനടപടി സ്വീകരിക്കും. വെറ്ററിനറി ഡോക്ടർമാരും ഫീൽഡ് ഓഫിസർമാരും ഉൾപ്പെടുന്ന സംഘം രണ്ട് ബാച്ചുകളിലായാണ് പ്രവർത്തിക്കുന്നത്. 

ഡോക്ടറും ഫീൽഡ് ഓഫിസറും ചേർന്ന് ഫയർ ഫോഴ്സിന്‍റെ സഹായത്തോടെയാണ് ചെറിയ മൃഗങ്ങളെ കൂടുകളിലാക്കിയും വലിയ മൃഗങ്ങളെ ആംബുലൻസിൽ കയറ്റിയും മേപ്പാടിയിലെ പഞ്ചായത്ത് ആശുപത്രിയിൽ എത്തിക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ പ്രോട്ടോകോൾ പ്രകാരം ചത്ത മൃഗങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫിസർ ഡോ. രാജേഷ് അറിയിച്ചു. സംഭവസ്ഥലത്തു നിന്നും ലഭിക്കുന്ന മൃഗങ്ങളുടെ ശരീര ഭാഗങ്ങൾ മേപ്പാടിയിൽ നശിപ്പിക്കുന്നതിനും സജ്ജീകരണമായി.

ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജീവന്‍ നഷ്ടമായ വളര്‍ത്തു മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍, നശിച്ച പുല്‍കൃഷി, കറവയന്ത്രങ്ങള്‍ തുടങ്ങിയവയുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്. 

ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍ പെട്ടും മണ്ണിനടിയില്‍ പെട്ടും 107 ഉരുക്കളെ കാണാതായിട്ടുണ്ട്. ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തെ വനറാണി ഡയറി ഫാം വെള്ളിയാഴ്ച മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തര രക്ഷാ പ്രവര്‍ത്തന സംഘം സന്ദര്‍ശിക്കുകയും 20 മൃഗങ്ങള്‍ക്ക്  ആവശ്യമായ തീറ്റയും ചികിത്സയും നല്‍കുകയും ചെയ്തിരുന്നു.

English Summary:

Animal Welfare Efforts in Wayanad: Rescue Operations for Landslide-Stranded Animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com