ഇരുതലമൂരിക്ക് വായിൽ കാൻസർ; മൃഗശാലയിലെ ചികിത്സ ഫലം കണ്ടു
Mail This Article
തിരുവനന്തപുരം∙ റെഡ്സാൻഡ് ബോവ ഇനത്തിലുള്ള ഇരുതലമൂരി പാമ്പിന് വായിൽ ‘മാസ്റ്റ് സെൽ ട്യൂമർ’ എന്ന കാൻസർ കണ്ടെത്തിയതിനെത്തുടർന്നു നൽകിയ ചികിത്സ ഫലം കണ്ടു തുടങ്ങി. തീറ്റയെടുക്കാതെ, അവശനിലയിൽ കണ്ടെത്തിയ ഇരുതലമൂരിയെ കഴിഞ്ഞ മാസം 10ന് വനം വകുപ്പ് മൃഗശാലയിലെത്തിച്ചു. ഉദ്ദേശം 4 വയസ്സുള്ള ആൺ ഇരുതലമൂരിക്ക് 3.9 കിലോഗ്രാം ഭാരമുണ്ട്. ദ്രവ ഭക്ഷണം നൽകുന്നതിനു ട്യൂബ് ഇടുന്നതിനിടെ വായിൽ അസാധാരണ വളർച്ച കണ്ടെത്തി. തുടർന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ,ജില്ലാ വെറ്ററിനറി കേന്ദ്രം ലാബ് വെറ്ററിനറി സർജൻ ഡോ.സി.ഹരീഷ്,ഡോ. വി.ജി.അശ്വതി,ഡോ.ആർ.അനൂപ്,ഡോ.ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഫൈൻ നീഡിൽ ആസ്പിരേഷൻ, ബയോപ്സി പരിശോധനകളിൽ മാസ്റ്റ് സെൽ ട്യൂമർ എന്ന അപൂർവ കാൻസർ സ്ഥിരീകരിക്കുകയായിരുന്നു.
ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 3 സംഭവങ്ങളിൽ ഒന്നുപോലും ചികിത്സിച്ചു ഭേദമാക്കാൻ സാധിച്ചിട്ടില്ലെന്നു മുംബൈയിലെ ‘ദി കാൻസർ വെറ്റ്’ വെറ്ററിനറി കാൻസർ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ.നൂപുർ ദേശായിയുമായി നടത്തിയ ചർച്ചയിൽ കണ്ടെത്തിയിരുന്നു. സൈക്ലൊഫോസ്ഫമൈഡ് എന്ന കാൻസർ കീമോതെറപ്പി മരുന്ന് ഇൻജക്‌ഷൻ ആയി നൽകിയുള്ള ചികിത്സയാണ് നടക്കുന്നത്. വായിലൂടെ ട്യൂബ് ഇട്ട് ദ്രവീകൃത ഭക്ഷണവും, താപനില ക്രമീകരിക്കാൻ ഇൻഫ്രാറെഡ് ലൈറ്റും നൽകി ചികിത്സ ആരംഭിച്ചു. മൂന്നാഴ്ചത്തെ ചികിത്സയിൽ കാര്യമായ പുരോഗതി കൈവരിക്കാനായതു നേട്ടമാണെന്നു ചികിത്സയ്ക്കു നേതൃത്വം നൽകുന്ന ഡോ.നികേഷ് കിരൺ പറഞ്ഞു. സിടി സ്കാൻ പരിശോധനയിലും രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തി.