കുഴികളെണ്ണിയാൽ നടുവൊടിയും!; റോഡ് റീടാർ നടത്തിയിട്ട് 10 വർഷം
Mail This Article
കോവളം ∙ ആകെ കുണ്ടും കുഴികളും... പലയിടത്തും ടാറിങ് കാണാനില്ല. മഴവെള്ളക്കുത്തൊഴുക്കിൽ റോഡുതന്നെ പലയിടത്തും ഇല്ലാത്ത സ്ഥിതി. ബസ് ഗട്ടറിൽ വീണു യാത്രികയ്ക്ക് നട്ടെല്ലിനു ഗുരുതര പരുക്കേറ്റ കോവളം കെഎസ് റോഡിന്റെ ദുഃസ്ഥിതിക്കെതിരെ നാടാകെ രോഷമുയരുന്നു. റോഡ് തുടങ്ങുന്ന കോവളം മുതൽ വലിയ ഗട്ടറുകളാണ്. മഴ പെയ്താൽ സ്ഥിതി ഗുരുതരം. ഈ പാതയിലൂടെ സർവീസ് നടത്തിയ കെഎസ്ആർടിസി ഇലക്ട്രിക്കൽ ബസിലെ യാത്രിക കോവളം തൊഴിച്ചൽ സ്വദേശിനി രാധികദേവിക്കാണ് (55) കഴിഞ്ഞ ദിവസം പരുക്കേറ്റത്. ഗട്ടറിൽ ബസ് വീണതിനെ തുടർന്ന് യാത്രിക സീറ്റിൽ നിന്നുയർന്നുവീണു. പരിശോധനയിൽ നട്ടെല്ലിനു പൊട്ടലും ഡിസ്‌കിനു സ്‌ഥാനചലനവും സംഭവിച്ചതായി രാധികാദേവി പറഞ്ഞു. പരുക്കിന്റെ ആഘാതത്തിനൊപ്പം ആശുപത്രിയിലെത്തിക്കാതെ വഴിയിൽ ഇറക്കിവിട്ട ബസ് ജീവനക്കാരുടെ പെരുമാറ്റമാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്നും ഇവർ പരാതിപ്പെട്ടു.
10 വർഷത്തിലേറെയായി റോഡ് റീടാറിങ് നടത്തിയിട്ടെന്നു നാട്ടുകാർ. പാതയുടെ പടിഞ്ഞാറേപൂങ്കുളത്തിനോടടുത്ത കുറച്ചുദൂരം കോർപറേഷൻ പരിധിയിലും ശേഷിച്ച ദൂരം വെങ്ങാനൂർ പഞ്ചായത്തു പ്രദേശത്തുമാണ്. നിരന്തര പരാതിയെത്തുടർന്ന് കോർപറേഷൻ പരിധിയിലെ പാത റീടാറിങ് നടപടി തുടങ്ങിയിട്ടുണ്ട്. മെറ്റൽ നിരത്തിയതിൽ ഒതുങ്ങരുതെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അതേസമയം റീടാറിങ് കരാർ ആയിട്ടും പണിനടത്തുന്നില്ലെന്നതാണ് പഞ്ചായത്തു പരിധിയിലുൾപെടുന്ന ഭാഗത്തെ പ്രശ്‌നം. വെള്ളായണി, പൂങ്കുളം ഭാഗങ്ങളിൽ നിന്നു രാജ്യാന്തര ടൂറിസം കേന്ദ്രമായ കോവളത്തിലേക്ക് എളുപ്പത്തിൽ എത്താനാകുന്ന റോഡാണിത്.
17 ലക്ഷം അനുവദിച്ചു: എംഎൽഎ
∙ കോവളം കെഎസ് റോഡിന്റെ റീടാറിങിനായി എംഎൽഎ ഫണ്ടിൽ നിന്നു 17 ലക്ഷം രൂപ അനുവദിച്ചുവെന്ന് എം.വിൻസന്റ് എംഎൽഎ. പണി ഏറ്റെടുത്ത കരാറുകാരൻ ജോലി തുടങ്ങാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാലാവസ്ഥ അനുകൂലമല്ലെന്ന ന്യായം നിരത്തിയാണ് വൈകിപ്പിക്കുന്നത്.
അന്വേഷണം ആരംഭിച്ചു: കെഎസ്ആർടിസി
കോവളം ∙ യാത്രക്കാരി സീറ്റിൽനിന്നു മുകളിലേക്കുയർന്നുവീണു നട്ടെല്ലിനു ഗുരുതര പരുക്കേറ്റ സംഭവത്തിൽ അന്വേഷണ നടപടികൾ ആരംഭിച്ചതായി കെഎസ്ആർടിസി വിഴിഞ്ഞം ഡിപ്പോ അധികൃതർ. വനിതയിൽനിന്നു വിശദമായ പരാതി ലഭിക്കുന്ന മുറയ്ക്കാവും അന്വേഷണം തുടങ്ങുകയെന്നും അധികൃതർ വിശദീകരിച്ചു. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറോടാണ് നിർദേശിച്ചിട്ടുള്ളത്. വിഴിഞ്ഞം ഡിപ്പോയിൽനിന്നു ഓപ്പറേറ്റ് ചെയ്യുന്ന വാഹനമെന്ന നിലയ്ക്കാണ് അന്വേഷണം. റിപ്പോർട്ട് സ്വിഫ്ട് മാനേജ്‌മെന്റുൾപെടെയുള്ള അധികൃതർക്ക് കൈമാറുമെന്നും അറിയിച്ചു