ADVERTISEMENT

വെഞ്ഞാറമൂട് ∙ വെ‍ഞ്ഞാറമൂട് ജംക്‌ഷനിലെ തിരക്കിന്റെ കൊടുംകുരുക്കഴിക്കാൻ മേൽപാലം യാഥാർഥ്യത്തിലേക്ക്. വെഞ്ഞാറമൂട് മേൽപാലത്തിന്റെ ഉയർന്ന ടെൻഡർ തുകയ്ക്ക് മന്ത്രിസഭാ യോഗം അനുമതി നൽകി. വെഞ്ഞാറമൂട് ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന ദീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യമാണ് സഫലമാകുന്നത്. ‘മലയാള മനോരമ’ തുടർച്ചയായി നടത്തിയ ക്യാംപെയ്നുകളുടെ ഫലമായാണ് മേൽപാലം യാഥാർഥ്യമാകുന്നതു വൈകാനിടയാക്കിയ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിലെത്തിയത്. 

27.95 കോടി രൂപ ചെലവിലാണ് മേൽപാലം നിർമിക്കുക. മേൽപാലത്തിനായി മുൻപ് 5 തവണ ടെൻഡർ ക്ഷണിച്ചിരുന്നു. അന്നെല്ലാം എസ്റ്റിമേറ്റ് തുകയിൽ വന്ന മാറ്റം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ നടപ്പായില്ല. മാർച്ചിൽ വിളിച്ച ആറാമത്തെ ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്. എന്നാൽ, ഇവർ രേഖപ്പെടുത്തിയത് അടിസ്ഥാന എസ്റ്റിമേറ്റ് തുകയിൽ നിന്ന് 33.45% വർധിച്ച തുകയായിരുന്നു.

ഈ ടെൻഡർ അംഗീകരിക്കണമെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം വേണമായിരുന്നു. അല്ലെങ്കിൽ റീ ടെൻഡർ ചെയ്യണം. റീ ടെൻഡർ ചെയ്താൽ വീണ്ടും ചെലവു വർധിക്കാനും കരാറുകാർ തുക ഉയർത്താനും സാധ്യതയുള്ളതിനാൽ ഊരാളുങ്കലിന്റെ ടെൻഡർ അംഗീകരിക്കണമെന്നായിരുന്നു റോഡ് ഫണ്ട് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടത്.

പൊതുമരാമത്ത് വകുപ്പ്, ധനവകുപ്പ് എന്നിവയുടെ അംഗീകാരത്തോടെ മുഖ്യമന്ത്രിയുടെ അനുമതിക്ക് ഫയൽ കൈമാറി. അദ്ദേഹം മന്ത്രിസഭയിൽ അവതരിപ്പിച്ച് അംഗീകാരമായതോടെ വെഞ്ഞാറമൂടിന് ആശ്വാസമായി. കിഫ്ബി ആണ് പദ്ധതിക്കു ഫണ്ട് അനുവദിക്കുന്നത്. അടുത്ത മാസം മേൽപാലം നിർമാണം തുടങ്ങാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഡി.കെ.മുരളി എംഎൽഎ പറഞ്ഞു.

എൻഎച്ച് 66ൽ നിന്ന് കഴക്കൂട്ടം, മംഗലപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളും നെടുമങ്ങാട്, പാലോട് തുടങ്ങിയ മലയോര മേഖലകളിൽ നിന്നുള്ള റോഡുകളും ഉൾപ്പെടെ ഒട്ടേറെ റോഡുകളുടെ സംഗമ സ്ഥാനമായ വെഞ്ഞാറമൂട് ജംക്‌ഷൻ കടന്നുപോകുന്നത് എംസി റോഡ് വഴിയുള്ള യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ്.

വിവിധ റോഡ‍ുകളുടെ നവീകരണത്തിന് മന്ത്രിസഭ അനുമതി 
തിരുവനന്തപുരം∙ തിരുവനന്തപുരം മണ്ഡലത്തിലെ വിവിധ റോഡ‍ുകളുടെ നവീകരണത്തിനു മന്ത്രിസഭ അനുമതി നൽകി.കൈതമുക്ക്-പേട്ട, സെന്റ് സേവ്യേഴ്സ് ജംക്‌ഷൻ-വലിയതുറ, ഗാന്ധിപാർക്ക്,    കൽപ്പക്കടവ്, ചാക്ക (കാരാളി റോഡ്) ഈഞ്ചക്കൽ-പുത്തൻ റോഡ് ജംക്‌ഷൻ-പൊന്നറ പാലം, സ്വീവേജ് ഫാം-വിദ്യാഗാർഡൻ, എയർപോർട്ട്-ചീലാന്തിമുക്ക്, ഈഞ്ചക്കൽ -കാഞ്ഞിരവിളാകം,     കൈതമുക്ക് ടെംപിൾ ജംക്‌ഷൻ-വെസ്റ്റ്ഫോർട്ട്(പുന്നപുരം റോഡ്), പാസ്പോർട്ട് ഓഫിസ്-ഇരുമ്പുപാലം-കരവാടി, വള്ളക്കടവ്-ആറാട്ട് ഗേറ്റ് എന്നീ റോഡുകളുടെ നവീകരണത്തിനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്. 15.55 കോടി രൂപയാണ് നവീകരണത്തിനു ചെലവഴിക്കുക.

English Summary:

Great news for Venjaramoodu! The long-awaited flyover project has received Cabinet approval, paving the way for smoother traffic flow and improved connectivity in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com