25000 ലീറ്ററിന്റെ ജലസംഭരണി പ്രയോജനപ്പെടാതെ മൂന്നര പതിറ്റാണ്ട്
![thrissur-water-tank-and-pumbing-seter thrissur-water-tank-and-pumbing-seter](https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2022/11/8/thrissur-water-tank-and-pumbing-seter.jpg?w=1120&h=583)
Mail This Article
മാള ∙ ഗ്രാമ പഞ്ചായത്തിലെ ആറോളം വാർഡുകളിൽ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുന്ന ജലസംഭരണി നോക്കുകുത്തിയാവാൻ തുടങ്ങിയിട്ട് 35 വർഷം. പഴൂക്കരയിൽ സ്ഥിതി ചെയ്യുന്ന 25000 ലീറ്ററിന്റെ സംഭരണിയാണു ഉപയോഗശൂന്യമായി കിടക്കുന്നത്. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഷ്ടമിച്ചിറ, കുരിയക്കാട്, അണ്ണല്ലൂർ, കാട്ടിക്കരക്കുന്ന്, പ്രേംനഗർ, പഴൂക്കര, ആനപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ശുദ്ധജലം നൽകാൻ പദ്ധതി ആരംഭിച്ചത്.
6 വർഷത്തോളം പദ്ധതി പ്രവർത്തിച്ചെങ്കിലും പിന്നീട് നിലച്ചു. സംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിന് ഏതാനും മീറ്റർ മാറി പഴൂച്ചിറയ്ക്കു സമീപം പമ്പിങ് കേന്ദ്രവും സ്ഥാപിച്ചിരുന്നു. എന്നാൽ അതും ഇപ്പോൾ പ്രവർത്തിക്കാതെ കിടക്കുകയാണ്. മോട്ടറുകളും മറ്റും കാണാതെ പോയിട്ടുമുണ്ട്. സംഭരണി നിർമിക്കാൻ പ്രദേശവാസിയായ കാളത്ത് വേലായുധൻ സ്ഥലവും വിട്ടു നൽകിയിരുന്നു. പദ്ധതിയുടെ പ്രയോജനം ലഭിക്കേണ്ട പ്രദേശങ്ങളിൽ ഇപ്പോൾ വേനൽക്കാലത്ത് ശുദ്ധജലക്ഷാമം രൂക്ഷമാണ്.
രണ്ടാഴ്ച എത്തുമ്പോൾ കിട്ടുന്ന ജലനിധി വെള്ളമാണ് ആശ്രയം. ഉയർന്ന പ്രദേശങ്ങളിൽ പൈപ്പിലൂടെ എത്തുന്ന വെള്ളം ലഭിക്കുന്നിതിനും ബുദ്ധിമുട്ട് നേരിടാറുണ്ട്. അധികൃതർ കണ്ണ് തുറന്ന് ജലസംഭരണിയും പമ്പിങ് കേന്ദ്രവും പുന:സ്ഥാപിച്ച് ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് നിവാസികളുടെ ആവശ്യം