ചിറങ്ങര ജംക്ഷൻ; സിഗ്നൽ സംവിധാനങ്ങൾ പരിഷ്കരിക്കണം: നാട്ടുകാർ
![thrissur-chirangara-junction thrissur-chirangara-junction](https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2022/11/25/thrissur-chirangara-junction.jpg?w=1120&h=583)
Mail This Article
കൊരട്ടി ∙ ചിറങ്ങര ജംക്‌ഷനിലെ സിഗ്നലിൽ അപകടങ്ങൾ വർധിക്കാനുള്ള കാരണം അശാസ്ത്രീയമായ സിഗ്നൽ സംവിധാനമാണെന്ന് യാത്രക്കാരും നാട്ടുകാരും. ജംക്‌ഷനിൽ യുടേൺ സംവിധാനമാണ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പുശേഖരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ മരിച്ചതോടെയാണ് ശാസ്ത്രീയമായ ഗതാഗത നിയന്ത്രണ സംവിധാനം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ 2015–ൽ നാട്ടുകാർ ചേർന്നു രൂപീകരിച്ച ആക്‌ഷൻ കൗൺസിലിന്റെ സമരഫലമായാണ് ഇവിടെ സിഗ്നൽ സ്ഥാപിച്ചത്.
തുടക്കത്തിലെ ഒട്ടേറെ പാകപ്പിഴകൾ സിഗ്നലിൽ നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. 6 വർഷത്തിനിടെ പതിനഞ്ചോളം അപകടമരണങ്ങളും അതിലേറെ അപകടങ്ങളും ഇവിടെ നടന്നതായാണ് കണക്ക്. സിഗ്നൽ പോസ്റ്റുകൾ സ്ഥാപിച്ചതിലടക്കം പാകപ്പിഴകൾ സംഭവിച്ചതായും ആക്ഷേപമുയർന്നു. റോഡിന്റെ നിരപ്പിൽ നിന്ന് ഉയർത്തി നിർമിക്കാത്ത മീഡിയനിലുള്ള സിഗ്നൽ പോസ്റ്റുകൾ 3 വർഷത്തിനിടെ 5 തവണയാണ് വാഹനങ്ങൾ ഇടിച്ചു മറിഞ്ഞത്.
സിഗ്നലുകൾ ലഭിച്ച് വാഹനങ്ങൾ മുന്നോട്ടെടുക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പവും യാത്രക്കാർക്കുള്ളതും അപകടങ്ങൾക്കു കാരണമാകുന്നു. അശ്രദ്ധമായി പലരും വാഹനമെടുക്കുന്നതാണ് വലിയ അപകടങ്ങൾക്കു കാരണമാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ സമീപവാസികളുടെയും യാത്രക്കാരുടെയും പരാതികൾ ലഭിച്ചതോടെ 2021 മാർച്ചിൽ റോഡ് സേഫ്റ്റി വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ നടപടികൾ ഒന്നുമുണ്ടായില്ല.