മസാലദോശയിൽ എട്ടുകാലി, അൽഫാം തിന്നുന്ന എലി: വൃത്തിഹീനമായി ഹോട്ടലുകൾ; പരാതിയുമായി ജനം
Mail This Article
കുന്നംകുളം ∙ വിൽക്കാൻ തയാറാക്കിയ അൽഫാം എലി രുചിച്ചു നോക്കുന്ന ചിത്രം വാട്സാപ്പിൽ ലഭിച്ചപ്പോൾ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ ഞെട്ടി. പാഴ്സൽ വാങ്ങാൻ ഹോട്ടലിൽ എത്തിയയാളാണ് ചിത്രമെടുത്തത്. പാറേമ്പാടത്തെ അലാമി അറബിക് റസ്റ്ററന്റിലേക്ക് ഓടിയെത്തിയ ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിച്ചു പിഴയിട്ടു. വൈകാതെ ഗുരുവായൂർ റോഡിലെ ഭാരത് ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത എട്ടുകാലിയെ കിട്ടിയത്. മരത്തംകോട് സ്വദേശിനിയായ യുവതിക്കാണ് മസാലദോശയിൽ നിന്ന് എട്ടുകാലിയെ കിട്ടിയത്. യുവതി പരാതിപ്പെട്ടതോടെ ഇൗ ഹോട്ടലും അടപ്പിച്ചു. ചില ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും നിലവാരത്തകർച്ചയും വെളിവാക്കിയ ഇൗ സംഭവങ്ങൾ ഉണ്ടായത് അടുത്ത ദിവസങ്ങളിലാണ്.
ജനുവരി മുതൽ 26 ഹോട്ടലുകളിൽ പരിശോധന നടത്തിയതായി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. ഇവയിൽ 10 സ്ഥാപനങ്ങളിൽ ന്യൂനത കണ്ടെത്തി നോട്ടിസ് നൽകി. 20050 രൂപ പിഴ അടപ്പിച്ചു. ഇതേ സമയം ഹോട്ടലുകളിലും കടകളിലും വിൽക്കുന്ന ഭക്ഷ്യ വസ്തുക്കൾ പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് മതിയായ സംവിധാനമില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു. മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് പരിശോധന നടത്താൻ ആളില്ലാത്ത സ്ഥിതിയുണ്ടെന്നാണ് ആക്ഷേപം. ജില്ലയിലെ വലിയ മത്സ്യ മാർക്കറ്റായ തുറക്കുളം പട്ടണത്തിലാണ്. വൃത്തിഹീന സാഹചര്യത്തിലുള്ള ഈ മാർക്കറ്റിന്റെ പരിസരത്ത് മൂക്കു പൊത്താതെ പോകാനാവില്ല.
പരാതിക്കിടയാക്കിയ ഹോട്ടലുകളെക്കുറിച്ച് ആളുകൾ പരാതിപ്പെടുന്നത് നഗരസഭയിൽ മാത്രമാണെന്നും നഗരസഭാധികൃതർ അത് യഥാസമയം അറിയിച്ചില്ലെന്നും ഭക്ഷ്യസുരക്ഷാ ഓഫിസർ പറയുന്നു. നഗരസഭയും ഇതര വകുപ്പുകളും തമ്മിൽ ഒത്തിണക്കത്തോടെ പ്രവർത്തിക്കണമെന്നും ആവശ്യമുണ്ട്. പട്ടണത്തിലെ ഭക്ഷണശാലകളെക്കുറിച്ച് പരാതിയുണ്ടെങ്കിൽ നഗരസഭ ആരോഗ്യവിഭാഗത്തിന് വാട്സാപ് വഴി സന്ദേശമയയ്ക്കാം. നമ്പർ: 7012965760.