ടോൾ കടക്കാൻ ഫാസ്ടാഗുള്ള ബസുകൾ എത്തിക്കാൻ കെഎസ്ആർടിസിയുടെ നെട്ടോട്ടം
Mail This Article
മാള ∙ ടോൾ കടക്കാൻ ഫാസ്ടാഗില്ലാത്ത കെഎസ്ആർടിസി ബസുകൾ പകുതി വഴി സർവീസ് നടത്തുന്നത് വിവാദമായതോടെ സമീപ ഡിപ്പോകളിൽ നിന്ന് ഫാസ്ടാഗുള്ള ബസുകൾ മാളയിലേക്കെത്തിക്കാൻ കെഎസ്ആർടിസിയുടെ നെട്ടോട്ടം. ചാലക്കുടി, പുതുക്കാട് ഡിപ്പോകളിൽ നിന്നുള്ള 5 ബസുകളാണ് ഇന്നലെ മാളയിലേക്കെത്തിച്ചിരിക്കുന്നത്. ഇതിലൊന്ന് ഫാസ്റ്റ് പാസഞ്ചറായി സർവീസാരംഭിക്കുകയും ചെയ്തു.
മാള ഡിപ്പോയുടെ 2 ദീർഘദൂര സർവീസുകൾ ട്രിപ്പിനിടയിൽ തകരാർ നിമിത്തം കായംകുളം ഡിപ്പോയിലാണ്. ഇതിനാൽ സർവീസ് നടത്തുന്ന ബസുകളുടെ കുറവ് നികത്താനാണ് സമീപ ഡിപ്പോകളിൽ നിന്ന് കൂടുതൽ ബസ് ഇന്നലെ പകരം എടുത്തിരിക്കുന്നത്. മാള ഡിപ്പോയിൽ നിന്ന് ഇന്നലെ കൂടുതൽ ബസുകൾ സർവീസ് നടത്തി. 4 സൂപ്പർ ഫാസ്റ്റുകളും 6 ഫാസ്റ്റ് പാസഞ്ചറുമടക്കം 27 സർവീസുകളാണ് ഇന്നലെ നിരത്തിലിറങ്ങിയത്.
ടെസ്റ്റിനയച്ചവയിൽ മൂന്നെണ്ണം കൂടി തിരിച്ചെത്താനുണ്ട്. തിരിച്ചെത്തിക്കഴിഞ്ഞാൽ പകരമെടുത്ത ബസുകൾ അതതു ഡിപ്പോകളിലേക്കു തിരിച്ചയയ്ക്കും. വാർഷിക ടെസ്റ്റിനായി ഇവിടെ നിന്ന് കൊണ്ടുപോയ 6 ബസുകൾക്കു പകരമായി അങ്കമാലി, ആലുവ ഡിപ്പോകളിൽ നിന്ന് മാളയിലേക്കെത്തിച്ച ബസുകൾക്ക് ഫാസ്ടാഗില്ലാത്തതും ട്രിപ്പ് പാതി വഴിയിൽ ഉപേക്ഷിച്ചതും വിവാദമായതോടെയാണ് ഫാസ്ടാഗ് സൗകര്യമുള്ള ബസുകൾ സമീപ ഡിപ്പോകളിൽ നിന്ന് പകരമെടുത്തിരിക്കുന്നത്.