ADVERTISEMENT

ചാലക്കുടി ∙ കെട്ടിടം പൊളിക്കുന്നതിനിടെ നിധിയായി ലഭിച്ച സ്വർണം വിലക്കുറവിൽ നൽകാമെന്നു വിശ്വസിപ്പിച്ചു നാദാപുരം സ്വദേശികളുടെ 4 ലക്ഷം രൂപ റെയിൽവേ സ്റ്റേഷനിൽ വച്ചു തട്ടിയെടുത്ത 4 ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. കോഴിക്കോട് നാദാപുരം സ്വദേശികളായ ലെനീഷ്, രാജേഷ് എന്നിവരാണ് തട്ടിപ്പിന് ഇരകളായത്. അസം സ്വദേശികളായ മുഹമ്മദ്‌ സിറാജുൽ ഇസ്‌ലാം (26),  അബ്ദുൽ കലാം (26), ഗുൽജാർ ഹുസൈൻ (27), മുഹമ്മദ്‌ മുസ്മിൽ ഹഖ് (24) എന്നിവരെയാണു ഡിവൈഎസ്പി കെ.സുമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതിൽ അബ്ദുൽ കലാമിനു ട്രെയിൻ തട്ടി പരുക്കേറ്റിരുന്നു.

മുഹമ്മദ്‌ സിറാജുൽ ഇസ്‌ലാമാണു തട്ടിപ്പിന്റെ ആസൂത്രകനെന്നു പൊലീസ് അറിയിച്ചു. നാദാപുരത്തു രണ്ടര വർഷമായി മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഇയാൾ അവിടെ ലോറി ഡ്രൈവറായ ലെനീഷിനോടാണ് 4 ലക്ഷം രൂപ നൽകിയാൽ 7 ലക്ഷം രൂപയുടെ സ്വർണം നൽകാമെന്നു പറഞ്ഞത്. ഇതിനായി തൃശൂരിലേക്ക് മുഹമ്മദിനൊപ്പം എത്തിയ ലെനീഷ് സുഹൃത്തായ സ്വർണപ്പണിക്കാരൻ രാജേഷിനെയും ഒപ്പംകൂട്ടി. തൃശൂരിലെത്തിയപ്പോൾ ചാലക്കുടി റെയിൽവേ സ്റ്റേഷനാണു സുരക്ഷിതമെന്നു പറഞ്ഞ് അവിടേക്കു കൊണ്ടുപോയി. 

നാലു ലക്ഷം രൂപ കൈമാറിക്കഴിഞ്ഞപ്പോൾ നൽകിയ ലോഹം രാജേഷ് കട്ടർ ഉപയോഗിച്ചു മുറിച്ചു നോക്കിയപ്പോഴാണു മുക്കുപണ്ടമാണെന്നു സംശയം തോന്നിയത്. ഇതിനിടെ ഇതരസംസ്ഥാനക്കാർ നാലു പേരും പണവുമായി ട്രാക്കിലൂടെ ഓടി രക്ഷപ്പെട്ടു. ഇതോടെ ലെനീഷും രാജേഷും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ആദ്യം നിധിയുടെ കഥ മറച്ചു വച്ചു കാർ വാങ്ങാനാണു പണം നൽകിയതെന്നു പറഞ്ഞെങ്കിലും ഒടുവിൽ പൊലീസിനോടു സ്വർണമിടപാടിന്റെ വിവരങ്ങൾ പറഞ്ഞു.

ഒരു കിലോമീറ്ററിൽ താഴെ ദൂരം ഓടി പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാലത്തിലൂടെ പോകുന്നതിനിടെ ട്രെയിൻ വന്നപ്പോൾ അബ്ദുൽ കലാം ഒഴികെയുള്ളവർ പുഴയിലേക്കു ചാടി. അബ്ദുൽ കലാമിനു ട്രെയിൻ തട്ടി പരുക്കേൽക്കുകയും ചെയ്തു. ഓട്ടോറിക്ഷകൾ മാറിക്കയറി പെരുമ്പാവൂരിലെത്തി അബ്ദുൽ കലാമിനെ ആശുപത്രിയിലാക്കി മറ്റു മൂന്നു പേരും മുങ്ങിയെങ്കിലും പൊലീസ് തിരഞ്ഞെത്തി. ഇതര സംസ്ഥാനക്കാരുടെ താവളങ്ങളിൽ ഒളിവിൽ കഴിഞ്ഞ മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയും ആശുപത്രിയിലുള്ളയാൾക്കു പൊലീസ് കാവൽ ഏർപെടുത്തുകയും ചെയ്തു. ഡിസ്ചാർജ് ചെയ്തതോടെ ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവർ പുഴയിൽ വീണതായി ചെന്നൈ–തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും അഗ്നിരക്ഷാ സേനയും പുഴയിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ കവർച്ച നടന്നതായി പരാതി ലഭിച്ചതോടെ റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. നവനീത് ശർമയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം സജ്ജമാക്കി പ്രതികൾക്കായി വല വിരിക്കുകയായിരുന്നു. സംഭവം നടന്നു 24 മണിക്കൂർ തികയും മുൻപേ പ്രതികളെ 4 പേരെയും കുടുക്കാനായത് പൊലീസിന് ആശ്വാസമായി. തട്ടിയെടുത്ത നാലു ലക്ഷം രൂപയിൽ 70,000 രൂപയേ കണ്ടെടുക്കാനായിട്ടുള്ളൂ.

ആശ്വാസമായി അറസ്റ്റ് 
ചാലക്കുടി ∙ അതിഥിത്തൊഴിലാളിയായ കൂട്ടുകാരനെ വിശ്വസിച്ച് ഉറ്റവരുടെ സ്വർണാഭരണങ്ങൾ പണയം വച്ചു നാലര ലക്ഷം രൂപയോളം സംഘടിപ്പിച്ചു നിധിയിലെ സ്വർണം കുറഞ്ഞ വിലയ്ക്കു വാങ്ങാമെന്നു മോഹിച്ചെത്തിയ നാദാപുരം സ്വദേശികൾക്കു നഷ്ടമായതു കാലങ്ങൾ കൊണ്ടു സ്വരുക്കൂട്ടിയ പൊന്ന്. ലോറി ഡ്രൈവറായ ലെനീഷിനോടാണ് ഒരേ മുതലാളിയുടെ കീഴിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരനായ സുഹൃത്ത് മുഹമ്മദ്‌ സിറാജുൽ ഇസ്‌ലാം നിധി കിട്ടിയ കൂട്ടുകാരന്റെ വിവരം അറിയിക്കുന്നത്. ഏഴര ലക്ഷത്തിന്റെ സ്വർണം 4 ലക്ഷത്തിനു കിട്ടുമെന്നു വിശ്വസിപ്പിച്ചു. തുടർന്നാണ് അമ്മയുടെയും ഭാര്യയുടെയും മറ്റു ബന്ധുക്കളുടെയും സ്വർണാഭരണങ്ങൾ പണയം വച്ചു പണം സംഘടിപ്പിച്ചത്.

ഇവരുടെ കാറിൽ തൃശൂരിലേക്കു പോകുമ്പോഴും മുഹമ്മദ്‌ ‘ഇതു കിട്ടുന്നതു നിങ്ങളുടെ ഭാഗ്യമാണ്’ എന്നു പറഞ്ഞു. സുഹൃത്ത് സ്വർണപ്പണിക്കാരൻ രാജേഷിനെ കൂടെ കൂട്ടിയതാണ് തട്ടിപ്പ് മനസിലാക്കാൻ ലെനീഷിനു സഹായകമായത്. തൃശൂരിൽ വച്ചു സ്വർണം കൈമാറാൻ കൂട്ടാക്കാതിരുന്നിട്ടും സുഹൃത്തിന്റെ വാക്കിൽ നാദാപുരം സ്വദേശികൾ വിശ്വാസമർപ്പിച്ചു. 

ചാലക്കുടിയിൽ വച്ചേ സ്വർണം നൽകാനാകൂ എന്നു പറഞ്ഞപ്പോഴും സംശയിച്ചില്ല. ചെറിയ കാറിൽ തട്ടിപ്പുകാരടക്കം ആറു പേരും റെയിൽവേ സ്റ്റേഷനിലെത്തി. സ്വർണമെന്നു പറഞ്ഞു നൽകിയ ലോഹം മുറിച്ചു നോക്കാൻ തുടങ്ങും വരെ ഇതര സംസ്ഥാനക്കാരുടെ പെരുമാറ്റം സ്വാഭാവികമായിരുന്നു.  വ്യാജസ്വർണമാണെന്നു തിരിച്ചറിഞ്ഞു നിമിഷങ്ങൾക്കകം ഭാവം മാറി. നാദാപുരം സ്വദേശികൾ കൈമാറിയ 4 ലക്ഷം രൂപയും വ്യാജ സ്വർണത്തിന്റെ പൊതിയുമായി ട്രാക്കിലൂടെ ഓട്ടം.

പിന്നാലെ ഓടിയെങ്കിലും തട്ടിപ്പുകാർക്കൊപ്പമെത്താൻ നാദാപുരത്തെ ചെറുപ്പക്കാർക്ക് ആയില്ല. ഓട്ടത്തിനിടെ തട്ടിപ്പുകാരെ തേടി വിധിയുടെ രൂപത്തിൽ ചെന്നൈ–തിരുവനന്തപുരം എക്സ്പ്രസ് കൂകിപ്പാഞ്ഞെത്തി. നാലംഗ സംഘത്തിലെ ഒരാളുടെ ദേഹത്ത് ട്രെയിൻ തട്ടുകയും മറ്റു 3 പേർ താഴേയ്ക്കു ചാടുകയും ചെയ്തു. പക്ഷേ, ഓട്ടവും ചാട്ടവും ഇവരെ രക്ഷിച്ചില്ല. ഒടുവിൽ പൊലീസിന്റെ വലയിലായി. നാദാപുരം സ്വദേശികളുടെ പേരിൽ കേസില്ലെന്നു പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞത്. നിധി ലഭിച്ചെന്നും മറ്റുമുള്ള അവിശ്വസനീയമായ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു പൊലീസ് അറിയിച്ചു.   

English Summary:

Assam Natives Arrested for Gold Fraud in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com