ADVERTISEMENT

ചാലക്കുടി ∙ നാദാപുരം സ്വദേശികളുടെ 4 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ പൊലീസ് മണിക്കൂറുകൾക്കകം കുടുക്കിയത് പഴുതടച്ച നീക്കങ്ങളിലൂടെ. തട്ടിപ്പു നടത്തി ഇരുളിലേക്കു മറഞ്ഞ ഇവരെ ഇതര സംസ്ഥാനക്കാർ ഒട്ടേറെയുള്ള പെരുമ്പാവൂരിലെ താവളത്തിൽ നിന്നാണ് പൊക്കിയത്. ചെന്നൈ–തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് എറണാകുളം സ്വദേശി സഞ്ജു, ഓട്ടോ ഡ്രൈവർമാരായ മുരിങ്ങൂർ മണ്ടിക്കുന്ന് സ്വദേശി ജിജി, കൊരട്ടി സ്വദേശി തണ്ടാശേരി ജയൻ എന്നിവർ നൽകിയ വിവരങ്ങൾ ദൗത്യത്തിന് സഹായമായി.

ലോക്കോ പൈലറ്റ് നൽകിയ വിവരമനുസരിച്ച്, പുഴയിൽ വീണവരെ തിരയാൻ അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീമും രംഗത്തിറങ്ങിയിരുന്നു. ഇവർ കര പറ്റിയിട്ടുണ്ടെങ്കിൽ രക്ഷപ്പെട്ടു പോകാൻ സാധ്യതയുള്ള ഇടങ്ങളിലേക്കു പൊലീസ് തിരിഞ്ഞു. അങ്ങനെയാണു മുരിങ്ങൂരിൽ രാത്രി ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവർ ജിജിയെക്കുറിച്ചു സൂചന ലഭിച്ചത്. ജിജി ഇവരെ കൊരട്ടി വരെ എത്തിച്ചതായി വിവരം ലഭിച്ചതോടെ മറ്റു സ്റ്റേഷനുകളിലേക്കു സന്ദേശം പോയി. പ്രതികളിൽ രണ്ടുപേർക്കു പരുക്കുണ്ടെന്നും ഒരാളുടെ പരുക്ക് ഗുരുതരമാണെന്നും പൊലീസിനെ അറിയിച്ചതു ജിജിയാണ്.

അങ്കമാലി, പെരുമ്പാവൂർ മേഖല കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെ കൊരട്ടിയിലെ ഓട്ടോറിക്ഷ ഡ്രൈവർ ജയനാണു 4 പേരെ പെരുമ്പാവൂരിൽ എത്തിച്ചതെന്നറിഞ്ഞു. വൈകാതെ പ്രതികളിലൊരാളായ അബ്ദുൽ കലാമിനെ പ്രവേശിപ്പിച്ച ആശുപത്രി കണ്ടെത്തി അവിടെ കാവൽ ഏർപ്പെടുത്തി. തുടർന്നു മറ്റു പ്രതികളുടെ ഒളിത്താവളങ്ങൾ കൂടി കണ്ടെത്തി ബാക്കിയുള്ളവരെയും പിടികൂടി. പുലർച്ചെ 3.30ന് ഇവരെ ചാലക്കുടിയിലെത്തിച്ചു. തലേന്നു പ്രതികൾ ഓട്ടോയിൽ രക്ഷപ്പെട്ടതും 3.30നായിരുന്നു.

തട്ടിയെടുത്ത 4 ലക്ഷം രൂപയിൽ 50,000 രൂപയോളം പരുക്കേറ്റയാളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ ചെലവായി. ശേഷിച്ച തുക കടങ്ങൾ വീട്ടാനും നാട്ടിലേക്ക് അയയ്ക്കാനും പ്രതികൾ പങ്കിട്ടെടുത്തു. ബാക്കി വന്ന 75,000 രൂപ പൊലീസ് കണ്ടെടുത്തു.

ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് എസ്എച്ച്ഒ എം.കെ.സജീവ്, എസ്ഐ ആൽബിൻ തോമസ് വർക്കി, ഡാൻസാഫ്- ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി.സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമസ്, ജില്ലാ ഇന്റലിജൻസ് വിഭാഗം എസ്ഐ ഒ.എച്ച്.ബിജു, സൈബർ സെൽ ഉദ്യോഗസ്ഥരായ ഷനൂസ്, സിൽജോ ചാലക്കുടി പൊലീസ് സ്റ്റേഷനിലെ അഡീഷനൽ എസ്ഐ ജോഫി ജോസ്, ഷാജഹാൻ യാക്കൂബ്, എഎസ്ഐ ജിബി പി.ബാലൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.ആർ.സുരേഷ്കുമാർ എന്നിവരാണു നേതൃത്വം നൽകിയത്.

കെട്ടിടം പൊളിക്കുന്നതിനിടെ നിധിയായി ലഭിച്ച സ്വർണം വിലക്കുറവിൽ നൽകാമെന്നു വിശ്വസിപ്പിച്ചാണ് നാദാപുരം സ്വദേശികളുടെ 4 ലക്ഷം രൂപ അസം സ്വദേശികളായ മുഹമ്മദ്‌ സിറാജുൽ ഇസ്‌ലാം (26), അബ്ദുൽ കലാം (26), ഗുൽജാർ ഹുസൈൻ (27), മുഹമ്മദ്‌ മുസ്മിൽ ഹഖ് (24) എന്നിവർ ചേർന്ന് തട്ടിയെടുത്തത്. ഇതിൽ അബ്ദുൽ കലാമിനു ട്രെയിൻ തട്ടി പരുക്കേറ്റിരുന്നു.

മുഹമ്മദ്‌ സിറാജുൽ ഇസ്‌ലാമാണു തട്ടിപ്പിന്റെ ആസൂത്രകനെന്നു പൊലീസ് അറിയിച്ചു. നാദാപുരത്തു രണ്ടര വർഷമായി മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഇയാൾ അവിടെ ലോറി ഡ്രൈവറായ ലെനീഷിനോടാണ് 4 ലക്ഷം രൂപ നൽകിയാൽ 7 ലക്ഷം രൂപയുടെ സ്വർണം നൽകാമെന്നു പറഞ്ഞത്. ഇതിനായി തൃശൂരിലേക്ക് മുഹമ്മദിനൊപ്പം എത്തിയ ലെനീഷ് സുഹൃത്തായ സ്വർണപ്പണിക്കാരൻ രാജേഷിനെയും ഒപ്പംകൂട്ടി. തൃശൂരിലെത്തിയപ്പോൾ ചാലക്കുടി റെയിൽവേ സ്റ്റേഷനാണു സുരക്ഷിതമെന്നു പറഞ്ഞ് അവിടേക്കു കൊണ്ടുപോയി.

നാലു ലക്ഷം രൂപ കൈമാറിക്കഴിഞ്ഞപ്പോൾ നൽകിയ ലോഹം രാജേഷ് കട്ടർ ഉപയോഗിച്ചു മുറിച്ചു നോക്കിയപ്പോഴാണു മുക്കുപണ്ടമാണെന്നു സംശയം തോന്നിയത്. ഇതിനിടെ ഇതരസംസ്ഥാനക്കാർ നാലു പേരും പണവുമായി ട്രാക്കിലൂടെ ഓടി രക്ഷപ്പെട്ടു. ഇതോടെ ലെനീഷും രാജേഷും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ആദ്യം നിധിയുടെ കഥ മറച്ചു വച്ചു കാർ വാങ്ങാനാണു പണം നൽകിയതെന്നു പറഞ്ഞെങ്കിലും ഒടുവിൽ പൊലീസിനോടു സ്വർണമിടപാടിന്റെ വിവരങ്ങൾ പറഞ്ഞു.

ചാലക്കുടിയിൽ വച്ചേ സ്വർണം നൽകാനാകൂ എന്നു പറഞ്ഞപ്പോഴും സംശയിച്ചില്ല. ചെറിയ കാറിൽ തട്ടിപ്പുകാരടക്കം ആറു പേരും റെയിൽവേ സ്റ്റേഷനിലെത്തി. സ്വർണമെന്നു പറഞ്ഞു നൽകിയ ലോഹം മുറിച്ചു നോക്കാൻ തുടങ്ങും വരെ ഇതര സംസ്ഥാനക്കാരുടെ പെരുമാറ്റം സ്വാഭാവികമായിരുന്നു. വ്യാജസ്വർണമാണെന്നു തിരിച്ചറിഞ്ഞു നിമിഷങ്ങൾക്കകം ഭാവം മാറി. നാദാപുരം സ്വദേശികൾ കൈമാറിയ 4 ലക്ഷം രൂപയും വ്യാജ സ്വർണത്തിന്റെ പൊതിയുമായി ട്രാക്കിലൂടെ ഓട്ടം.

പിന്നാലെ ഓടിയെങ്കിലും തട്ടിപ്പുകാർക്കൊപ്പമെത്താൻ നാദാപുരത്തെ ചെറുപ്പക്കാർക്ക് ആയില്ല. ഓട്ടത്തിനിടെ തട്ടിപ്പുകാരെ തേടി വിധിയുടെ രൂപത്തിൽ ചെന്നൈ–തിരുവനന്തപുരം എക്സ്പ്രസ് കൂകിപ്പാഞ്ഞെത്തി. നാലംഗ സംഘത്തിലെ ഒരാളുടെ ദേഹത്ത് ട്രെയിൻ തട്ടുകയും മറ്റു 3 പേർ താഴേയ്ക്കു ചാടുകയും ചെയ്തു. പക്ഷേ, ഓട്ടവും ചാട്ടവും ഇവരെ രക്ഷിച്ചില്ല. ഒടുവിൽ പൊലീസിന്റെ വലയിലായി. നാദാപുരം സ്വദേശികളുടെ പേരിൽ കേസില്ലെന്നു പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞത്. നിധി ലഭിച്ചെന്നും മറ്റുമുള്ള അവിശ്വസനീയമായ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു പൊലീസ് അറിയിച്ചു.

English Summary:

Swift Police Action in Chalakudy Leads to Arrest of Nadapuram Robbers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com