ADVERTISEMENT

തൃശൂർ ∙  ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം നിലവിലുള്ള പ്രശ്നങ്ങൾ കൃത്യമായി ചർച്ച ചെയ്തു പരിഹരിക്കുമെന്നു പൂരം നടത്തിപ്പിനു വേണ്ടി നടത്തിയ ആലോചനാ യോഗത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. നിയമങ്ങൾ അനുസരിച്ച്, ആചാരങ്ങൾ പാലിച്ച് പൂരം നടത്തിപ്പിനു പുതിയ രൂപരേഖയുണ്ടാക്കും.  ഇതിനായി സാങ്കേതിക–നിയമ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി തുടർയോഗങ്ങൾ ചേരും. കോടതി അംഗീകരിക്കുന്ന പുനഃക്രമീകരണം നടപ്പിലാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ജനുവരിയോടെ രൂപരേഖ തയാറാക്കാനാണു ലക്ഷ്യമിടുന്നത്. വിവരശേഖരണത്തിന്റെ ഭാഗമായാണു യോഗം ചേർന്നതെന്നും യോഗ റിപ്പോർട്ട് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പീയൂഷ് ഗോയലിനു സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

പൂരം വെടിക്കെട്ട് നടത്തിപ്പ്, വെടിക്കെട്ടു കാണുന്നതിന് ഏർപ്പെടുത്തിയ ദൂരം, ആന എഴുന്നള്ളിപ്പുകൾ, വിവിധ ചടങ്ങുകൾ, പൊലീസ് നിയന്ത്രണം, ഗതാഗത നിയന്ത്രണം, വഴിയോര കച്ചവടം തുടങ്ങിയവ സംബന്ധിച്ച് ജില്ലാ ഭരണകൂടം, തിരുവമ്പാടി– പാറമേക്കാവ്–വടക്കുന്നാഥൻ ദേവസ്വം ഭാരവാഹികൾ, വെടിക്കെട്ട് ലൈസൻസികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരുമായി കേന്ദ്ര മന്ത്രി ചർച്ച നടത്തി. മന്ത്രി കെ.രാജൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചാണു പൂരം നടത്തിപ്പ് നിർവഹിച്ചിരുന്നതെന്നും കൂട്ടായ ചർച്ചയിലൂടെ പൂരപ്രേമികൾക്കു സുഗമമായി പൂരം ചടങ്ങുകൾ കാണാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു

പി.ബാലചന്ദ്രൻ എംഎൽഎ, കലക്ടർ അർജുൻ പാണ്ഡ്യൻ, ഡിപ്പാർട്മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ഡപ്യൂട്ടി സെക്രട്ടറി ഭുവനേഷ് പ്രതാപ് സിങ്, വിശാൽ ത്രിപാദി, എക്സ്പ്ലോസീവ്സ് ചീഫ് കൺട്രോളർ പി.കുമാർ, തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, സബ് കലക്ടർ മുഹമ്മദ് ഷഫീക്ക്, എഡിഎം ടി.മുരളി, അസി. കലക്ടർ അതുൽ സാഗർ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എ.ബാലഗോപാൽ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാർ, മറ്റു ദേവസ്വം പ്രതിനിധികൾ, വെടിക്കെട്ട് ലൈസൻസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പൂരം പഴയ പെരുമയോടെ നടത്തും, അതു ജനങ്ങളുടെയും പൂരപ്രേമികളുടെയും അവകാശം 
തൃശൂർ ∙ പൂരം പഴയ പെരുമയോടെ നടത്തുമെന്നും അതു ജനങ്ങളുടെയും പൂരപ്രേമികളുടെയും അവകാശമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ പൂരത്തിന്റെ ആദ്യഘട്ട ആലോചനാ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. ‘സംഘർഷങ്ങളില്ലാതെ തൃശൂർ പൂരം മനോഹരമായി നടത്തിയിരുന്ന, അത് ആസ്വദിച്ചിരുന്ന കാലം നമുക്കുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ തവണ ഹിതകരമല്ലാത്ത ചില സംഭവങ്ങളുണ്ടായി. പൂരം ജനങ്ങളുടെയും പൂരപ്രേമികളുടെയും അവകാശമാണ്.

തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിക്കുന്നു. കലക്ടർ അർജുൻ പാണ്ഡ്യനും മറ്റ് ഉദ്യോഗസ്ഥരും സമീപം.
തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിക്കുന്നു. കലക്ടർ അർജുൻ പാണ്ഡ്യനും മറ്റ് ഉദ്യോഗസ്ഥരും സമീപം.

ജനങ്ങളുടെ ഉത്സവമായി പൂരത്തെ മാറ്റണം. ഇക്കാര്യം കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിനോടു പറഞ്ഞപ്പോൾ അദ്ദേഹം ഒരു സംഘത്തെ തന്നെ നിയോഗിച്ചു. സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങളും പരിഗണിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. യോഗത്തിനു ശേഷം പൂരം വെടിക്കെട്ടു നടക്കുന്ന തേക്കിൻകാട് മൈതാനം മന്ത്രി സന്ദർശിച്ചു

English Summary:

Union Minister Suresh Gopi has promised a safe and traditional Thrissur Pooram celebration this year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com