മദ്യപൻ എന്ന വ്യാജേന ശരീരത്തിലിടിച്ചുവരെ മോഷണം; കള്ളന്മാരെ പേടിച്ച് കോലഴി
Mail This Article
കോലഴി∙ കൊട്ടാരം മൂകാംബിക ,തിരൂർ അച്യുതപുരം ക്ഷേത്രങ്ങളിൽ മോഷണം. കൊട്ടാരം മൂകാംബിക ക്ഷേത്രത്തിന്റെ ന്റെ പ്രധാന ഭണ്ഡാരം കുത്തിത്തുറന്നു പണം കവർന്നു.ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് മോഷ്ടാവ് അകത്ത് കടന്നെങ്കിലും ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.അച്യുതപുരം ക്ഷേത്രത്തിൽ ഭണ്ഡാരത്തിന് 2 ലോക്കുകൾ ഉണ്ടായിരുന്നതിനാൽ കുത്തിത്തുറക്കാനുള്ള ശ്രമം വിജയിച്ചില്ല.എന്നാൽ ഓഫിസ് കുത്തിത്തുറന്ന് മേശയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നിട്ടുണ്ട്.കൊട്ടാരം മൂകാംബിക ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ ഒരു മാസത്തെ വരുമാനമുണ്ടായിരുന്നു. പുറത്തേക്ക് ചിതറി വീണ നാണയങ്ങൾ ഒഴികെ മുഴുവൻ തുകയും നഷ്ടപ്പെട്ടു. പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിയുന്നത്.ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നു കഴുകി ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങളും മോഷണം പോയിട്ടുണ്ട്.കഴിഞ്ഞ വർഷവും ഇതേ വീട്ടിൽ സമാനമായ സംഭവമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് മോഷണം നടക്കുന്നുണ്ട്.അച്യുതപുരം ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ നിന്നു കഴിഞ്ഞദിവസം നാട്ടുകാർ കള്ളനെ പിടികൂടിയിരുന്നു.തിരൂർ അമ്പലം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ വാർത്താ ബോർഡുകളിലെ ഇരുമ്പ് ഷീറ്റുകളും ഫ്രെയിമുകളും മോഷണം പോയവയിൽപ്പെടുന്നു.ഈ മോഷ്ടാവിന്റെ ദൃശ്യം സമീപത്തെ കടകളിലെ സിസിടിവി ക്യാമറയിൽ നിന്നു വ്യക്തമായിട്ടുണ്ട്.കൊട്ടാരം മൂകാംബിക ക്ഷേത്രത്തിൽ വിയ്യൂർ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.പ്രദേശത്ത് തുടർച്ചയായി മോഷണം നടക്കുന്നത് നാട്ടുകാരിൽ ഭീതി പരത്തിയിട്ടുണ്ട്.നാട്ടുകാർ മോഷ്ടാവിനെ പിടികൂടി പൊലീസിന് കൈമാറിയതിന് തൊട്ടു പിന്നാലെയാണ് വീണ്ടും മോഷണം.
മദ്യപൻ എന്ന വ്യാജേന ശരീരത്തിലിടിച്ച് മോഷണം: യുവാവ് അറസ്റ്റിൽ
തൃശൂർ ∙ നഗരത്തിലെ ഓണത്തിരക്കിനിടെ മദ്യപൻ എന്ന വ്യാജേന ശരീരത്തിൽ വന്നിടിച്ച് മൊബൈൽ ഫോൺ മോഷ്ടിക്കുന്നയാൾ അറസ്റ്റിൽ. മഞ്ചേരി മേളാക്കം ദേശത്ത് വലിയപറമ്പിൽ അയൂബ് (37) ആണ് അറസ്റ്റിലായത്.എംഒ റോഡിലെ നടപ്പാതയിൽ കഴിഞ്ഞദിവസം വെള്ളിക്കുളങ്ങര പെരുമ്പിള്ളി വീട്ടിൽ ജോഷി ചാക്കോയുടെ ഫോൺ മോഷ്ടിക്കപ്പെട്ടിരുന്നു. പരാതിയിൽ ഈസ്റ്റ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ജോസ് തിയറ്ററിനു പിറകുവശത്തെ അയ്യന്തോൾ ലെയ്നിൽ ഫോൺ മോഷ്ടിച്ച് ഓടിയ ഒരാളെ തടഞ്ഞുവച്ചതായി വിവരം ലഭിക്കുകയായിരുന്നു. എസ്ഐ എം.ഹരീന്ദ്രന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. സംഭവം നടന്ന സ്ഥലത്തെ ദൃശ്യങ്ങൾ പരിശോധിച്ചു പ്രതി ഇയാൾ തന്നെയെന്നു സ്ഥിരീകരിച്ചു. പരാതിക്കാരന്റെ ഫോൺ കണ്ടെത്താനായിട്ടില്ല.ഇയാളുടെ കയ്യിലുണ്ടായിരുന്ന മറ്റൊരു മൊബൈൽ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സിപിഒമാരായ സൂരജ്, വൈശാഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
തട്ടുകടയിൽ മോഷണം
കാഞ്ഞാണി∙ പെരുമ്പുഴ 2–ാംപാലം സമീപം അടഞ്ഞ കിടന്നിരുന്ന ഹോമിലി ഫുഡ്സ് എന്ന വഴിയോര തട്ടുകടയിൽ മോഷണം.2 പാചകവാതക സിലണ്ടർ, വട്ടയ, പാത്രങ്ങൾ തുടങ്ങിയവയാണ് മോഷണം പോയത്.അരികിലെ വാതിൽ പൊളിച്ച് അകത്തു കടന്ന് പൂട്ടിവച്ചിരുന്ന പെട്ടി തുറന്നാണ് മോഷണം.കാഞ്ഞാണി സ്വദേശികളായ അവണിശേരി രജിത, കൊടയ്ക്കാട്ട് അനിത എന്നീ വീട്ടമ്മാർ നടത്തുന്ന ഹോട്ടലാണിത്.