ADVERTISEMENT

ഗുരുവായൂർ∙ നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ഗുരുവായൂർ ഉണ്ണിക്കണ്ണനെ പൂജിക്കാന്‍ അവസരവും അസുലഭ ഭാഗ്യവും ലഭിച്ച ആഹ്ലാദത്തിലും ആനന്ദനിർവൃതിയിലുമാണ് ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പട്ട തോന്നല്ലൂർ പുതുമന ശ്രീജിത്ത് നമ്പൂതിരി. ഇതോടൊപ്പം തന്നെ തികഞ്ഞ സന്താേഷത്തിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും. കഴിഞ്ഞ 17 വർഷമായി ശ്രീജിത്ത് നമ്പൂതിരി കൃഷ്ണഭക്തയായ കുറൂരമ്മയുടെ പേരിലുള്ള വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. 

 ബികോം ബിരുദധാരിയായ ശ്രീജിത്ത് നമ്പൂതിരി 20 വയസ്സുള്ളപ്പോഴാണ് മേൽശാന്തിയായി കുറൂരമ്മ ക്ഷേത്രത്തിൽ സേവനമാരംഭിച്ചത്. ഇതിനിടയിൽ കഴിഞ്ഞ 7 വർഷമായി തുടർച്ചയായി ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തി നിയമനത്തിനുള്ള അപേക്ഷ നൽകിയിരുന്നു. എട്ടാം തവണയാണ് ഭഗവാന് പൂജ ചെയ്യാനുള്ള നിയോഗവും ഭാഗ്യവും ശ്രീജിത്ത് നമ്പൂതിരിയെ തേടിയെത്തിയത്.

വാക്കുകൾപ്പുറത്തുള്ള ആനന്ദത്തിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു. അചഞ്ചലമായ കൃഷ്ണഭക്തിയും 16 വർഷമായി പൂജിക്കുന്ന കുറൂരമ്മയുടെ അനുഗ്രഹവും പുതിയ നിയോഗത്തിന് കാരണമായിട്ടുണ്ടാകാമെന്ന് അദ്ദേഹം ഉറച്ചവിശ്വസിക്കുന്നു.

തോന്നല്ലൂർ പുതുമന പരമേശ്വരൻ നമ്പൂതിരിയുടെയും ആലമ്പിള്ളി സാവിത്രി അന്തർജനത്തിന്റെയും രണ്ടു മക്കളിൽ മൂത്തയാളാണ് മുപ്പത്താരുകാരനായ ശ്രീജിത്ത് നമ്പൂതിരി. സഹോദരി ശ്രീജ യുഎസിലാണ്. പുതുരുത്തി കിണറ്റാമിറ്റം മന കൃഷ്ണശ്രീയാണ് ഭാര്യ. എരുമപ്പെട്ടി ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ആരാധ്യ, രണ്ടു വയസ്സുകാരൻ ഋഗ്വേദ് എന്നവരാണ് മക്കൾ. 

 ബിരുദ പഠനത്തിനുശേഷം ശാന്തി ജോലിക്കൊപ്പം ഒന്നര വർഷം മെ‍‍ഡിക്കൽ റെപ്രസെന്റിറ്റീവായും നാലു വർഷം യോഗക്ഷേമം കുറീസിലും ജോലി ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് കുറൂരമ്മ ക്ഷേത്രത്തിലെ മേൽശാന്തിയായി മാത്രമായി തുടർന്നു. മുത്തച്ഛൻ ശിവദാസൻ നമ്പൂതിരിയിൽ നിന്നാണ് പൂജകളുടെ ബാലപാഠങ്ങൾ അഭ്യസിച്ചത്. പിന്നീട് ഗുരുവായൂർ പാെട്ടക്കുഴി നാരായണൻ നമ്പൂതിരി, പഴയങ്ങാട്ട് സുമേഷ് നമ്പൂതിരി എന്നിവരിൽ നിന്നും ശാന്തി പൂജകൾ സ്വായത്തമാക്കി. 

നറുക്കെടുപ്പ് കഴിഞ്ഞ് മേൽശാന്തിയായി പ്രഖ്യാപിച്ച ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് തോന്നല്ലൂരിലെ വസതിയിലെത്തിയ ശ്രീജിത്ത് നമ്പൂതിരിയെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് മാതാപിതാക്കളുടെയും കുടുംബത്തിലെ മുതിർന്നവരുടെയും കാൽക്കൽ നമസ്കരിച്ചു.

സന്ധ്യയോടെ താൻ മേൽശാന്തിയായിരുന്ന കുറൂരമ്മ ക്ഷേത്രത്തിലെത്തി കൃഷ്ണഭഗവാനെയും കുറൂരമ്മയെയും  വണങ്ങിയ ശ്രീജിത്ത് നമ്പൂതിരി മേൽശാന്തിയായി ചുമതലയേൽക്കുന്നതിന്റെ മുന്നാേടിയായി നടത്തേണ്ട 12 ദിവസത്തെ ഭജനയ്ക്കായി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് തിരിച്ചു.

51 അപേക്ഷകരാണ് തന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. 42 പേർ യോഗ്യത നേടി. തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ വി.ജി.രവീന്ദ്രൻ, സി.മനോജ്, മനോജ് ബി.നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, ടി.രാധിക എന്നിവർ പങ്കെടുത്തു.

English Summary:

Sreejith Namboothiri from Thonnallur Puthumana family has been chosen as the new Melshanti (chief priest) of the revered Guruvayur Temple. He shares his happiness and spiritual fulfillment at the opportunity to serve Lord Krishna after years of anticipation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com