മണലൂർ ഗവ.ഹോമിയോ ഡിസ്പെൻസറി വെള്ളവും വെളിച്ചവുമില്ല; ശുചിമുറി അടച്ചിട്ടു
Mail This Article
കാഞ്ഞാണി∙വെള്ളവും വെളിച്ചവും ഇല്ലാത്തതിനെ തുടർന്ന് മണലൂർ പഞ്ചയാത്ത് ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ ശുചിമുറി അടച്ചിട്ടു. വാരന്തയിൽ ചികിത്സതേടി കാത്തിരിക്കുന്ന രോഗികളുടെ ദേഹത്തേക്ക് കെട്ടിടത്തിന്റെ മുകളിലെ പാരപ്പെറ്റിൽ നിന്ന് പ്രാവിന്റെ കാഷ്ഠം വീഴുന്നതും പതിവായി. ജീവനക്കാർക്കും രോഗികൾക്കും ഉപയോഗിക്കാൻ സാധിക്കാത്തതു മൂലമാണ് മോട്ടറോ, കുടിവെള്ള കണക്‌ഷനോ ഇല്ലാത്ത ശുചിമുറി അടച്ചിട്ടത്.
ഡോക്ടറടക്കമുള്ള ജീവനക്കാർ സമീപത്തെ മറ്റൊരു സ്ഥാപനത്തിലെ ശുചിമുറിയാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ അതും അടച്ചിട്ടു. ബദൽ സംവിധാനം പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടില്ല.മണലൂർ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടമുറി പോലുള്ള ഇടുങ്ങിയ മുറിയിൽ പ്രവർത്തിക്കുന്ന ഡിസ്പൻസറിയിലേക്ക് ദിവസേന രാവിലെ മുതൽ ശരാശരി 120 മുതൽ 150 പേർ ചികിത്സ തേടിയെത്തുന്നത്.
സ്ഥമില്ലാത്തതിനാൽ മരുന്നുപെട്ടികൾ അട്ടിയിട്ടിരിക്കുന്നതിന്റെ ഇടയിലാണ് ഡോക്ടറുടെ കസേര. ഇവിടിരുന്നാണ് ഡോക്ടർ രോഗികളെ പരിശോധിക്കുന്നത്. മഴ പെയ്താൽ മുറ്റത്തും വരാന്തയിലുമെല്ലാം നിൽക്കാൻ ബുദ്ധിമുട്ടാണ്.തൊട്ടടുത്ത് ഇടുങ്ങിയ സ്ഥലത്താണ് ഫാർമസി. മരുന്നു സൂക്ഷിക്കാൻ അലമാര വയ്ക്കാൻ സ്ഥലമില്ല. മരുന്നുപെട്ടികൾ അട്ടിയിട്ട് വയ്ക്കാനും ഇടമില്ല.
പഞ്ചായത്ത് നിരന്തരം അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. പഴയ സ്റ്റാർ ടാക്കീസിനു സമീപത്തേക്ക് ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം പണിയാൻ പഞ്ചായത്ത് ഫണ്ട് പാസായിട്ടുണ്ട്. എന്നാൽ തറയുടെ പണികൾ പോലും തുടങ്ങിയിട്ടില്ല.