ADVERTISEMENT

പയ്യന്നൂർ∙ ജോലിസ്ഥലത്ത് എത്താൻ ഓട്ടോ വിളിച്ചു, പക്ഷേ ആരെയും കിട്ടിയില്ല. ഒപ്പമുള്ളവർ വീണ്ടും പലരെയും വിളിച്ചു. എന്നാൽ വണ്ടി വരുമ്പോഴേക്കും സമയം വൈകും എന്ന് പറഞ്ഞ് കൃത്യസമയത്ത് ജോലിസ്ഥലത്തെത്താൻ പി.വി. ശോഭയും ടി.വി.യശോദയും പി.ശ്രീലേഖയും വീട്ടുവിശേഷങ്ങളും പറഞ്ഞ് നടന്നു. ജോലിയോടുള്ള ആത്മാർഥത കൊണ്ട് കൃത്യസമയം പാലിക്കാൻ ശ്രമിച്ചപ്പോൾ വിധി മറ്റൊന്നായിരുന്നു.രാമന്തളി കല്ലേറ്റുംകടവിലേക്ക് പോയ മൂവരുടെയും ദേഹത്തേക്ക് ഏഴിമലടോപ് റോഡിൽ നിന്ന് രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി അമിതവേഗത്തിൽ വന്ന ഗുഡ്സ് വാഹനം പാഞ്ഞുകയറി.

തൊഴിലുറപ്പ് ജോലിക്ക് കയറുന്നതിന് മുൻപ് എടുത്ത ഫോട്ടോ. വലത്തുനിന്ന് രണ്ടാമത് യശോദ, മൂന്നാമത് ലേഖ, നാലാമത് ശോഭന.
തൊഴിലുറപ്പ് ജോലിക്ക് കയറുന്നതിന് മുൻപ് എടുത്ത ഫോട്ടോ. വലത്തുനിന്ന് രണ്ടാമത് യശോദ, മൂന്നാമത് ലേഖ, നാലാമത് ശോഭന.

ശ്രീലേഖയും യശോദയും തെറിച്ചു വീണു. വാഹനം സമീപത്തെ കടയുടെ മുന്നിലേക്ക് മറിഞ്ഞു. ശോഭ വാഹനത്തിന്റെ അടിയിലായി. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ലാലിച്ചൻ, ഉണ്ണി, ശിവജി, ശശി എന്നിവർ ഓടിയെത്തി വാഹനം എടുത്ത് മാറ്റിയപ്പോഴേക്കും ശോഭ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടുപേരുടെ ജീവനുവേണ്ടി നാട് നെഞ്ചുരുകി പ്രാർഥിച്ചെങ്കിലും മരണത്തിലും വേർപിരിയാതെ 3 പേരും യാത്രയായി. 

ഇന്നലെ രാവിലെ കുരിശുമുക്കിലായിരുന്നു സംഭവം.  രാമന്തളി ഓണപറമ്പിൽ എൻഎംഎംഎസ് നടപടികൾ പൂർത്തിയാക്കാൻ 20 തൊഴിലാളികളും എത്തിച്ചേർന്നു. രണ്ടുവിഭാഗങ്ങളായി തിരിച്ച് ഫോട്ടോ എടുത്തു. അതായിരുന്നു ശോഭയുടെയും യശോദയുടെയും ശ്രീലേഖയുടെയും അവസാന ഫോട്ടോ. കഴിഞ്ഞ ദിവസം ജോലിയെടുത്ത കല്ലേറ്റുംകടവിൽ കുറച്ചു കൂടി ജോലി ബാക്കി ഉണ്ടായിരുന്നു. ഇതു തീർക്കാനാണ് ഇവർ മൂന്നുപേരും കല്ലേറ്റുംകടവിലേക്ക് പോയത്.

ബാക്കിയുള്ളവർ ഓണപ്പറമ്പിലെ ജോലി സ്ഥലത്തായിരുന്നു. മിനിറ്റുകൾക്ക് ശേഷം സഹപ്രവർത്തകർ കേട്ട വാർത്ത അവരെ കണ്ണീരിലാഴ്ത്തി. മേറ്റ് ലീന, തൊഴിലാളികളായ ടി.വി.സരോജിനി, എം.ഇന്ദിര, കെ.രമണി, എം.വി.പാർവതി, വി.വി.ശ്യാമള, ഇ.കെ.ജാനകി, കെ.കമലാക്ഷി, എന്നിവർ അവസാന ഫോട്ടോ നോക്കി പൊട്ടിക്കരഞ്ഞു. ഇനി ഒരിക്കലും ഒരുമിച്ച് ജോലിചെയ്യാനോ ഫോട്ടോ എടുക്കാനോ കാണാനോ സാധിക്കാത്ത അകലേക്ക് മൂവരും യാത്രയായി.

ഒരു നിമിഷത്തെ അശ്രദ്ധ; പൊലിഞ്ഞത് 3 ജീവൻ
പയ്യന്നൂർ∙ കുടുംബം പുലർത്താനാണ് രാവിലെ  തൊഴിലുറപ്പ് ജോലിക്ക്  ഇറങ്ങിയത്. വലിയ സ്വപ്നങ്ങൾ ഒന്നുമില്ല. അന്നന്ന് കിട്ടുന്ന തുഛമായ വരുമാനം കൊണ്ട് സമാധാനത്തോടെ, സന്തോഷത്തോടെ ജീവിക്കണം എന്നായിരുന്ന ശോഭയുടെയും യശോദയുടെയും ശ്രീലേഖയുടെയും ആഗ്രഹം. മൂവരും രാമന്തളി ഗ്രാമത്തിലെ കല്ലേറ്റുംകടവിലാണ് താമസം. തൊഴിലുറപ്പ് ജോലി ഇവർക്ക് എന്നും ആവേശം കൂടിയായിരുന്നു.2008 മുതൽ ശോഭയും  യശോദയും തൊഴിലുറപ്പിലുണ്ട്. 100 ദിനം പൂർത്തിയാക്കിയ മികച്ച തൊഴിലാളികളുടെ കൂട്ടത്തിലാണ് മൂവരും ഇടം പിടിച്ചത്. മുൻ കാലങ്ങളിൽ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നാണ് പ്രാരംഭ നടപടികൾ പൂർത്തിയാക്കുന്നത്.

എന്നാൽ ഈ സാമ്പത്തിക വർഷത്തിൽ ഇതിന് മാറ്റം വന്നു. തൊഴിലാളികൾ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് എത്തിച്ചേരുകയും അവിടെ നിന്ന് ഫോട്ടോയെടുത്ത് നടപടികൾ പൂർത്തിയാക്കി പല സ്ഥലങ്ങളിലായി പിരിയുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ബാക്കി വന്ന ജോലി ചെയ്ത് തീർക്കാനാണ് ഇവർ മൂവരും കല്ലേറ്റുംകടവിലേക്ക് പോയത്. അമിത വേഗത്തിലെത്തിയ വാഹനം മൂന്നു കുടുംബങ്ങളുടെ പ്രകാശം അണച്ചു. നാടിന് തീരാ ദുഖം പകർന്നാണ് മൂന്ന് സുഹൃത്തുക്കളും ഒരുമിച്ച് യാത്രയായത്. ഒരു നിമിഷത്തെ അശ്രദ്ധയുടെ വില.

English Summary:

This article details the tragic road accident in Payyanur, Kerala, where three dedicated women walking to work were fatally struck by a speeding goods vehicle. The incident underscores the need for stringent road safety measures and responsible driving.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com