സർക്കാർ പരിപാടികളിൽ ക്ഷണിച്ചില്ല; ചടങ്ങിലെത്തി സദസ്സിലിരുന്ന് ചാണ്ടി ഉമ്മന്റെ പ്രതിഷേധം
Mail This Article
പാമ്പാടി ∙ പുതുപ്പള്ളി മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽ നിന്നു സ്ഥലം എംഎൽഎ ചാണ്ടി ഉമ്മനെ മാറ്റിനിർത്തുന്നു എന്ന പരാതി ഉയരുന്നതിനിടെ മണർകാട് ഉപജില്ലാ കലോത്സവം ഉദ്ഘാടനത്തിലും ഭിന്നശേഷികലോത്സവത്തിന്റെ സമാപന യോഗത്തിലും ചാണ്ടി ഉമ്മനെ ക്ഷണിച്ചില്ല. ചടങ്ങിലെത്തി സദസ്സിലിരുന്നു സംഘാടകരെ ചാണ്ടി ഉമ്മൻ പ്രതിഷേധം അറിയിച്ചു. വെള്ളൂരിൽ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യത്തിലുള്ള പ്രതിഷേധവും പരാതിയും ചാണ്ടി ഉമ്മൻ അറിയിച്ചു. സ്ഥലം എംഎൽഎയെ സർക്കാർ പരിപാടികൾക്കു വിളിക്കണമെന്നാണു ചട്ടമെന്നും വേണ്ട നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി ചാണ്ടി ഉമ്മൻ പറഞ്ഞു. മന്ത്രി വി.എൻ.വാസവനും വേദിയിൽ ഉണ്ടായിരുന്നു.
മണർകാട്ടെ ഒഴിവാക്കൽ
∙ മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവ ഉദ്ഘാടനം, ഭിന്നശേഷി കലോത്സവ സമാപനം എന്നീ പരിപാടികളിൽ ചാണ്ടി ഉമ്മനെ ക്ഷണിച്ചില്ല. രാവിലെ നടന്ന സമ്മേളനം മന്ത്രി വി.എൻ.വാസവനാണ് ഉദ്ഘാടനം ചെയ്തത്. ഉച്ചയോടെ ചാണ്ടി ഉമ്മൻ ഉപജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിയിലെത്തി.പ്രതിഷേധ സൂചകമായി സദസ്സിൽ ഇരുന്നു. സംഘാടകരെത്തി ക്ഷണിച്ചെങ്കിലും സ്റ്റേജിൽ കയറാൻ തയാറായില്ല. പരിപാടിക്കു ക്ഷണിക്കാത്തതിൽ പ്രതിഷേധവും രേഖപ്പെടുത്തി. കലോത്സവത്തിന്റെ സംഘാടകസമിതി രക്ഷാധികാരി കൂടിയാണു ചാണ്ടി ഉമ്മൻ.
ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനായി ചാണ്ടി ഉമ്മൻ എംഎൽഎ വയനാട്ടിലാണെന്നു വിവരം ലഭിച്ചിരുന്നെന്നും ബോധപൂർവം ഒഴിവാക്കിയതല്ലെന്നും സംഘാടകർ വിശദീകരിച്ചെങ്കിലും മനഃപൂർവം ഒഴിവാക്കയതാണെന്ന നിലപാടിൽ എംഎൽഎ ഉറച്ചുനിന്നു. സംഘാടകർ ഫോണിൽപോലും വിളിച്ചു ചോദിച്ചില്ലെന്നും എംഎൽഎ പറഞ്ഞു.കൂരോപ്പട വില്ലേജ് ഓഫിസ് ഉദ്ഘാടനത്തിൽ നിന്നു ചാണ്ടി ഉമ്മനെ ഈയിടെ ഒഴിവാക്കിയതിൽ പ്രതിഷേധം ഉയരുകയും തുടർന്ന് ഉദ്ഘാടനം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
തിരുവഞ്ചൂരിലും പ്രതിഷേധം
∙ ഉമ്മൻ ചാണ്ടിയോടുള്ള വിരോധം തിരുവഞ്ചൂരിലെ അന്തേവാസികളോടു കാണിക്കരുതെന്നു ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനം കടുത്തുരുത്തിയിലേക്കു മാറ്റുന്നതിനെതിരെ തിരുവഞ്ചൂർ പബ്ലിക് ലൈബ്രറിയിൽ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ അധ്യക്ഷത വഹിച്ചു. ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് നാളെ രാവിലെ 10നു വൃദ്ധസദനത്തിനു സമീപം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഉപവാസസമരം നടത്താനും തീരുമാനിച്ചു.
ഉമ്മൻ ചാണ്ടിയുടെ ഓർമ പങ്കുവച്ച് ചാണ്ടി ഉമ്മൻ
∙ വെള്ളൂരിൽ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാംഘട്ട അടിസ്ഥാനസൗകര്യ വികസനങ്ങളുടെ ഉദ്ഘാടനത്തിന്റെ വേദിയിൽ ഉമ്മൻ ചാണ്ടിയുടെ ഓർമ പങ്കുവച്ച് ചാണ്ടി ഉമ്മൻ. ഇൻസ്റ്റിറ്റ്യൂട്ട് ഉമ്മൻ ചാണ്ടിയുടെ സ്വപ്നമാണെന്നും അദ്ദേഹമാണ് ഇതിനു തറക്കല്ലിട്ടതെന്നും സമ്മേളനത്തിന്റെ സ്വാഗതപ്രസംഗത്തിൽ ചാണ്ടി ഉമ്മൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കൈവശമുള്ള ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ വരുന്ന സ്ഥാപനം മികച്ച രീതിയിൽ പൂർത്തിയാക്കുമെന്നാണു പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.