വെടിക്കെട്ട് നിയന്ത്രണം; ഇടപെടുമെന്നു സുരേഷ് ഗോപി ഉറപ്പുനൽകിയതായി ദേവസ്വങ്ങൾ
Mail This Article
തൃശൂർ ∙ വെടിക്കെട്ടിനു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭേദഗതി ചെയ്യണമെന്ന പൂരക്കമ്മിറ്റിക്കാരുടെ ആവശ്യത്തിൽ ഇടപെടുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഉറപ്പ്. എല്ലാം ശരിയാക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ പറഞ്ഞു. പൂരം ഭംഗിയായി നടത്താൻ ഇടപെടണമെന്ന ആവശ്യവുമായി ദേവസ്വം ഭാരവാഹികളടക്കം പൂരക്കമ്മിറ്റിക്കാർ സുരേഷ് ഗോപിയെ കണ്ടു ചർച്ച നടത്തിയപ്പോഴാണു തീരുമാനം. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, പ്രസിഡന്റ് എം.ബാലഗോപാൽ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ, വൈസ് പ്രസിഡന്റ് പ്രശാന്ത് മേനോൻ എന്നിവരും പാലക്കാട്ടെ നെന്മാറ – വല്ലങ്ങി വേലയുടെ കമ്മിറ്റിക്കാരുമാണു പുതുക്കാട്ടെത്തി ചർച്ച നടത്തിയത്.
കേന്ദ്ര ഉത്തരവു ഭേദഗതി ചെയ്യാതെ പൂരം നടത്താൻ കഴിയാത്ത സാഹചര്യമാണെന്നു ഭാരവാഹികൾ ബോധ്യപ്പെടുത്തി. ഇതിനു വേണ്ട ഇടപെടൽ നടത്താമെന്ന ഉറപ്പു ലഭിച്ചതോടെ വെടിക്കെട്ടിന്റെ കാര്യത്തിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് അയവുവന്നു. വെടിക്കെട്ടു നടത്തുന്ന സ്ഥലവും (ഫയർലൈൻ) വെടിക്കോപ്പു സൂക്ഷിക്കുന്ന കേന്ദ്രവും (മാഗസിൻ) തമ്മിലെ അകലം 200 മീറ്ററായി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതോടെയാണു പൂരം അടക്കം വിവിധ ക്ഷേത്രോത്സവങ്ങൾ കടുത്ത പ്രതിസന്ധിയിലായത്.