ഷട്ടർ തകരാർ; അടയ്ക്കാനാകാതെ അൻപത്തൊന്നാംതറ റെഗുലേറ്റർ
Mail This Article
വെങ്കിടങ്ങ് ∙ കോൾമേഖലയിലെ അൻപത്തൊന്നാംതറയിൽ ജല നിയന്ത്രണത്തിനായി സ്ഥാപിച്ച റെഗുലേറ്ററിന്റെ ഷട്ടർ തകരാർ കാരണം അടയ്ക്കാനാകാതെ വെള്ളം പാഴാകുന്നു. തുറന്ന് കിടക്കുന്ന റെഗുലേറ്റർ വഴി കോൾ മേഖലയിൽ സംഭരിക്കേണ്ട വെള്ളം മുഴുവൻ കടലിലേക്ക് ഒഴുകി പോകുകയാണ്. പറപ്പൂർ, അടാട്ട്, മുണ്ടൂർ, കണ്ടാണശേരി, എടക്കളത്തൂർ മേഖലയിലെ കോൾ കൃഷിക്കാണ് ഇത് മൂലം വെള്ളത്തിന്റെ ലഭ്യത കുറയുക. അൻപത്തിയൊന്നാംതറയ്ക്ക് വടക്ക് ഒൻപത് മുറി പണ്ടാരക്കോളിന്റെ കിഴക്ക് ഭാഗത്താണ് 3 സ്പാനോടുകൂടിയ റെഗുലേറ്റർ ഉള്ളത്.
പീച്ചിയിൽ നിന്നും പുഴയ്ക്കൽ, അടാട്ട് മേഖല വഴി ഒഴുകിയെത്തുന്ന വെള്ളമാണ് ഇൗ റെഗുലേറ്റർ ഉപയോഗിച്ച് നിയന്ത്രിക്കേണ്ടത്. കൈ കൊണ്ട് തിരിച്ച് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്ന തരത്തിലാണ് ഷട്ടറുകളുള്ളത്. ഇടയ്ക്കിടെ പെയ്ന്റിങ് നടക്കുമെങ്കിലും റെഗുലേറ്ററിന്റെ മെക്കാനിക്കൽ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ഷട്ടറുകളുടെ സ്തംഭനത്തിന് കാരണം.
പല തവണ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും ഇതിന് പരിഹാരമായില്ലെന്ന് പാടശേഖര സമിതി ഭാരവാഹികളും കർഷകരും പറഞ്ഞു. പറപ്പൂർ മേഖലയിലെ കൃഷിയെ സംരക്ഷിക്കാനായി കോടികൾ ചെലവിട്ട് പതിയാർക്കുളങ്ങരയിൽ സ്ഥാപിച്ച തടയണ ഇത് മൂലം പ്രയോജനപ്പെടുത്താനാകുന്നില്ലെന്ന് പറപ്പൂർ സംഘം കോൾ സൗത്തിന്റെ ഭാരവാഹിയായ ഷിന്റോ പറഞ്ഞു. അൻപത്തൊന്നാംതറയിലെ റെഗുലേറ്റർ അടച്ചാലേ പതിയാർക്കുളങ്ങരയിലെ തടയണയിലെ ഷട്ടറുകളിട്ട് വെള്ളം സംഭരിക്കാനാകൂ. അല്ലാത്ത പക്ഷം ഇവിടെ തടയുന്ന വെള്ളം മറ്റൊരു വഴിയിലൂടെ ഒഴുകിപ്പോകുന്ന സ്ഥിതിയാണ്.
പതിയാർക്കുളങ്ങരയിലെ തടയിണലേക്ക് മുല്ലശേരി കനാലിൽ നിന്ന് വെള്ളം ലിഫ്റ്റ് ചെയ്യുന്നതിന് സബ്മേഴ്സിബിൾമോട്ടറും പമ്പ് സെറ്റും അധികൃതർ വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കർഷകർ പറഞ്ഞു. സബ്മേഴ്സിബിൾ മോട്ടർ അടിയന്തരമായി അനുവദിക്കുക കൂടി ചെയ്താലെ കോൾമേഖലയുടെ വാലറ്റമായ പറപ്പൂർ മേഖയിലെ കൃഷിക്ക് ആവശ്യത്തിന് വെള്ളം സംഭരിക്കാനാകൂ.