പാചക വാതകം ചോർന്ന് സ്ഫോടനം ഫ്ലാറ്റിലെ അടുക്കള തകർന്നു
Mail This Article
തിരുവില്വാമല ∙ പാചക വാതക സിലണ്ടർ ചോർന്നുണ്ടായ സ്ഫോടനത്തിൽ ഫ്ലാറ്റിലെ വീടിന്റെ അടുക്കള തകർന്നു. മലേശമംഗലം റോഡിലുള്ള തവയ്ക്കൽ അപ്പാർട്ടിമെന്റിലെ ഒന്നാം നിലയിൽ തിരുവില്വാമല സ്വദേശി നവീൻരാജ് താമസിക്കുന്ന വീട്ടിൽ ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയാണു സംഭവം. പുതിയ സിലിണ്ടർ അടുപ്പുമായി ബന്ധപ്പെടുത്തിയപ്പോഴാണു ചോർച്ചയുണ്ടായത്. ചോർച്ച നോക്കാൻ ലൈറ്റർ കത്തിച്ചു നടത്തിയ പരിശോധയ്ക്കിടെ തീ പിടിക്കുകയും വീട്ടുകാരും സംഭവമറിഞ്ഞെത്തിയ അയൽക്കാരും പുറത്തേക്കിറങ്ങി ഓടുകയും ചെയ്തു.
തുടർന്നാണു സ്ഫോടനമുണ്ടായത്. സിലിണ്ടർ പൊട്ടിത്തെറിക്കാഞ്ഞതും ആളുകൾ പുറത്തേക്കു പോയതും വലിയ അപകടം ഒഴിവാക്കി. സ്ഫോടനത്തിൽ അടുക്കളയിലെ തറ, വാതിലുകൾ, മേൽക്കൂര, വീട്ടുപകരണങ്ങൾ, വയറിങ് എന്നിവ നാശമായി. ഫ്ലാറ്റിന്റെ മുൻവാതിലിനും നാശം സംഭവിച്ചു. ആലത്തൂരിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണു സിലിണ്ടർ പുറത്തെത്തിച്ചത്.