ആനയളവിൽ ആശങ്ക; കുടമാറ്റത്തിന്റെ പ്രൗഢി പഴങ്കഥയാകുമോ ?
Mail This Article
തൃശൂർ ∙ കുടമാറ്റം വെറും കാഴ്ചയല്ല. തേക്കിൻകാട് മൈതാനത്തിലൂടെ പരന്നൊഴുകുന്ന മനുഷ്യ ജലത്തെ പൂര സന്ധ്യയിൽ തെക്കേ ഗോപുര നടയിലേക്കു വഴിതിരിച്ച് വിടുന്ന മാന്ത്രികതയാണ് അത്. 30 ഗജവീരന്മാർ മുഖാമുഖം നിന്നു ആവേശം തീർക്കുന്ന ആ വിരുന്ന് ഓർമയാകുമോ എന്ന ആശങ്കയിലാണ് പൂര പ്രേമികൾതെക്കേ ഗോപുര നടയിൽ തിടമ്പേറ്റി നിൽക്കുന്ന കരിവീരൻ. വർണക്കുടകൾ മാറിമറിയുമ്പോൾ ചെവിയാട്ടി നിൽക്കുന്ന ബാക്കി 14 ഗജവീരന്മാർ. ഈ കാഴ്ച വരും തലമുറയ്ക്ക് മുത്തശ്ശിക്കഥയാകുമോ? ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പൂരം നടത്തിപ്പ് ആശങ്കയിലായത്.
പൂരത്തിന്റെ പ്രധാന ആഘോഷമായ കുടമാറ്റത്തിന് 15 ആനകൾ അണിനിരക്കുന്ന ഇവിടെ 24 മീറ്ററാണ് വീതി. ആനകൾ തമ്മിലുള്ള അകലം 3 മീറ്റർ എന്ന നിബന്ധന കർശനമാക്കിയാൽ തെക്കേ ഗോപുരനടയിൽ പരമാവധി 6 ആനകളെ മാത്രമേ നിർത്താൻ സാധിക്കൂ. ഇരുവശങ്ങളിലേക്കും സ്ഥല പരിമിതിയുണ്ട്. തിരുവമ്പാടി വിഭാഗത്തിന്റെ ആനകളാണ് ഇവിടെ നിൽക്കുന്നത്. സ്വരാജ് റൗണ്ടിൽ നിൽക്കുന്ന പാറമേക്കാവ് വിഭാഗത്തിന്റെ ആനകളുടെ അകലം ക്രമീകരിക്കുന്നതിനു താരതമ്യേന പ്രശ്നമില്ല. എന്നാൽ കാഴ്ചയുടെ ഭംഗി നഷ്ടപ്പെടും എന്ന ആശങ്കയിലാണ് പൂരപ്രേമികൾ.
വീരശൈവ മഹാസഭ: ആചാരങ്ങൾ സംരക്ഷിക്കണം
തൃശൂർ ∙ ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം ക്ഷേത്ര ആചാരങ്ങളെ സാരമായി ബാധിക്കുമെന്നു ഓൾ ഇന്ത്യ വീരശൈവ മഹാസഭ. സർക്കാർ വിഷയത്തിൽ ഇടപെട്ട് ആചാരവും ഉത്സവങ്ങളും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നു വീരശൈവ മഹാസഭ പറഞ്ഞു. ദേശീയ സമിതി അംഗം പി.വി.സുരേഷ്, ജില്ലാ പ്രസിഡന്റ് പ്രദീപ് മച്ചാടൻ, സെക്രട്ടറി കുമാർ ഇരിങ്ങാലക്കുട, സി.കെ.സരസ്വതി എന്നിവർ പ്രസംഗിച്ചു.
പൂരപ്രേമിസംഘം: നിയമം ഉണ്ടാക്കണം
തൃശൂർ ∙ ആചാര സംരക്ഷണത്തിനു സർക്കാർ നിയമം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പൂര പ്രേമിസംഘം വായ് മൂടിക്കെട്ടി പ്രതിഷേധം നടത്തി. തൃപ്പൂണിത്തുറ ഉത്സവത്തിൽ പഞ്ചാരിമേളം ഒരു മണിക്കൂറിൽ അവസാനിപ്പിക്കേണ്ടി വന്നത് ആന എഴുന്നള്ളിപ്പ് നിയന്ത്രണം മൂലമാണെന്നും ആചാരങ്ങൾ സംരക്ഷിക്കപ്പെടുന്നതു വരെ സമരം തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴെക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ വിനോദ് കണ്ടെങ്കാവിൽ, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, നന്ദൻ വാകയിൽ, സജേഷ് കുന്നമ്പത്ത്, സെബി ചെമ്പനാടത്ത്, ശ്രീജിത്ത് വെളപ്പായ, ചാത്തനാത്ത് മുരളീധരൻ എന്നിവർ പങ്കെടുത്തു.