ആടിന്റെ കരച്ചിൽകേട്ട് ചെന്നപ്പോഴേക്കും കൂട്ടിൽനിന്നു കടുവ കടന്നുകളഞ്ഞു; വീണ്ടും കടുവക്കൂട് സ്ഥാപിച്ചു
![wayanad-tiger-1 കടുവ എത്തി ആടിനെ കൊന്ന ആട്ടിൻകൂട്. താഴെ അരിവയൽ കാക്കനാട്ട് വർഗീസിന്റെ ആടിനെയാണു കൊന്നത്. ആട്ടിൻകൂടിനു സമീപം കാണുന്നതാണു കടുവയെ
പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്.](https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2023/12/28/wayanad-tiger-1.jpg?w=1120&h=583)
Mail This Article
ബത്തേരി∙ സീസി, അരിവയൽ, പുല്ലുമല, കല്ലൂർകുന്ന് ഭാഗങ്ങളിൽ കറങ്ങി നടക്കുന്ന കടുവയെ കെണിയിലാക്കാൻ വനംവകുപ്പ് ഇന്നലെ രണ്ടാമത്തെ കൂട് സ്ഥാപിച്ചു. താഴെ അരിവയൽ കാക്കനാട്ട് വർഗീസിന്റെ വീട്ടിലെ ആട്ടിൻകൂടിനോടു ചേർന്നാണു കൂട് വച്ചത്. കൊന്ന ആടിനെ ഭക്ഷിക്കാൻ കടുവ എത്തുമെന്നാണു നിഗമനം. കഴിഞ്ഞ രാത്രി ഒൻപതോടെയാണു വർഗീസിന്റെ വീട്ടിലെ ആടിനെ കടുവ പിടികൂടിയത്. ശബ്ദം കേട്ട് വീട്ടുകാർ ബഹളമുണ്ടാക്കിയപ്പോഴേക്കും കടുവ ഇരുളിൽ മറഞ്ഞു. കടുവ ആട്ടിൻകൂട് പൊളിച്ചാണ് ആടിനെ പിടികൂടിയത്. കഴുത്തിൽ കയർ കെട്ടിയതിനാൽ ആടിനെ കൂട്ടിൽ നിന്നു വലിച്ചു താഴെയിടാൻ കടുവയ്ക്കു കഴിഞ്ഞില്ല.
കഴിഞ്ഞ 23നു രാത്രി സീസി ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുക്കിടാവിനെയും കടുവ പിടികൂടിയിരുന്നു. ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽ നിന്നു സൗത്ത് വയനാട് ഡിവിഷനിലെ ഡബ്ല്യുവൈഎസ് 09 കടുവയാണെന്നു വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ആ കടുവ തന്നെയാകാം താഴെ അരിവയലിൽ ആടിനെ പിടികൂടിയതെന്നും കരുതുന്നു. 3 കിലോമീറ്റർ ചുറ്റളവിലാണ് കടുവ സാന്നിധ്യം പ്രകടമായിട്ടുള്ളത്.
![wayanad-tiger-varghese കടുവ വീട്ടുമുറ്റത്തെത്തിയതു വിവരിക്കുന്ന താഴെ അരിവയൽ കാക്കനാട്ട് വർഗീസ്.
വീട്ടുകാർക്കു സുരക്ഷയൊരുക്കുന്ന വനപാലകരെയും കാണാം.](https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2023/12/28/wayanad-tiger-varghese.jpg)
‘ആടിന്റെ കരച്ചിൽകേട്ട് ചെന്നപ്പോഴേക്കും കൂട്ടിൽനിന്നു കടുവ കടന്നുകളഞ്ഞു’
ബത്തേരി ∙ വീട്ടിലെത്തിയ വിരുന്നുകാരുമായി സംസാരിക്കുന്നതിനിടെ രാത്രിയാണ് ആടിന്റെ കരച്ചിൽ കേട്ടതെന്നു താഴെ അരിവയൽ കാക്കനാട്ട് വർഗീസ് പറഞ്ഞു. ടോർച്ച് എടുത്തു പുറത്തിറങ്ങിയപ്പോൾ കണ്ടത് കൂട്ടിലുണ്ടായിരുന്ന ആട്ടിൻ കുട്ടി വീടിനു മുന്നിലെ റോഡിലൂടെ ഓടുന്നതാണ്. പന്തികേടു തോന്നി ആട്ടിൻകൂട്ടിനടുത്തേയ്ക്കു ചെന്നു. അപ്പോഴേക്കും കടുവ ഇരുളിൽ മറഞ്ഞു. രണ്ട് ഭാഗമായി തിരിച്ച ആട്ടിൻ കൂട്ടിൽ 2 തള്ളയാടുകൾ ഒരിടത്തും ആട്ടിൻകുട്ടികൾ രണ്ടാമത്തെ ഭഗത്തുമാണ് ഉണ്ടായിരുന്നത്.
ആട്ടിൻകുട്ടികൾ കിടന്ന ഭാഗം കടുവ പൊളിച്ചെങ്കിലും ഉള്ളിൽ കയറാനായില്ല. രണ്ടാമത്തെ ഭാഗത്തെ പലക പൊളിച്ച ശേഷം ആടിനെ പിടികൂടിയെങ്കിലും കയർ കൊണ്ട് കെട്ടിയതിനാൽ വലിച്ചു കൊണ്ടു പോകാനായില്ല. കടുവയെ ഭയന്ന് റോഡിലൂടെ ഓടിപ്പോയ ആട്ടിൻകുട്ടിയെ പിന്നീട് ഏറെ ദൂരെ നിന്നാണ് കൊണ്ടുവന്നത്. ആട്ടിൻകുട്ടി വീണ്ടും കൂട്ടിൽ കയറാനും മടിച്ചു. തുടർന്നു നോക്കിയപ്പോഴാണ് കൂട്ടിൽ ആടു ചത്തു കിടക്കുന്നതു കണ്ടതെന്നും വർഗീസ് പറഞ്ഞു.