ADVERTISEMENT

മാനന്തവാടി ∙ ഒരു പകൽ മുഴുവൻ മാനന്തവാടിയെ ആശങ്കയിലാക്കിയ തണ്ണീർ കൊമ്പൻ ചെരിഞ്ഞെന്ന വാർത്ത ഇന്നലെ രാവിലെ പുറത്ത് വന്നതോടെ ഭയം ദുഃഖത്തിന് വഴിമാറുന്ന കാഴ്ചയാണു മാനന്തവാടിയിൽ. പേരിനു പോലും ഒരിഞ്ചു വനഭൂമിയില്ലാത്ത എടവക പഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന മാനന്തവാടി നഗരത്തിന്റെ പ്രാന്തപ്രദേശമായ പായോട്, പാണ്ടിക്കടവ് പ്രദേശങ്ങളിൽ കാട്ടാന എത്തിയെന്ന വാർത്ത കേട്ടാണ് വെള്ളിയാഴ്ച മാനന്തവാടിയും പരിസര പ്രദേശവും ഉണർന്നത്. പലരും പരസ്പരം ഫോണിൽ വിളിച്ചാണു കേട്ട വാർത്ത സത്യമാണോ എന്നുറപ്പുവരുത്തിയത്. കുടുംബസമ്മേതം മീനങ്ങാടിയിലേക്കു പുറപ്പെട്ട വാണാക്കുടി റോൾജിയാണ് റോഡിൽ കാട്ടാനയെ കണ്ട വിവരം സമീപവാസികളെ അറിയിച്ചത്. ഉടൻ എടവക പഞ്ചായത്ത് അംഗം വിനോദ് തോട്ടത്തിൽ വിവരം വനപാലകരെയും പൊലീസിനെയും അറിയിച്ചു. ഉടൻ തന്നെ പൊലീസും ഏറെ താമസിയാതെ വനപാലകരും സ്ഥലത്തെത്തി.

പുഴ കടന്ന് ആന മാനന്തവാടിയിൽ എത്തിയതോടെ ആദ്യത്തെ കൗതുകം ഭീതിക്കു വഴിമാറി. അധികൃതർ അവസരോചിതമായി ഉണർന്ന് പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങി. നഗരസഭയിലെ ടൗൺ, പെരുവക, താഴെയങ്ങാടി, എരുമത്തെരുവ് ഡിവിഷനുകളിലും എടവക പഞ്ചായത്തിലെ പാണ്ടിക്കടവ്, പായോട്, ചാമാടി പൊയിൽ വാർഡുകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ടൗൺ പരിസരത്തെ വിദ്യാലയങ്ങൾക്ക് അവധി നൽകുകയും ചെയ്തു. താലൂക്ക് ഓഫിസ് പരിസരത്ത് എത്തിയ കാട്ടാന ബസ് സ്റ്റാൻഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കുമോ എന്നതായിരുന്നു പ്രധാന ആശങ്ക. അതിനിടെ നാട് വിറപ്പിക്കുന്നതു തണ്ണീർ കൊമ്പനാണെന്ന വിവരവും പുറത്തു വന്നു. സമൂഹമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും വിവരം അറിഞ്ഞ ജനങ്ങൾ നാട്ടിലെത്തിയ ആനയെ കാണാൻ കൂട്ടമായി ഒഴുകിയെത്തി. നിരോധനാജ്ഞയ്ക്ക് പുല്ലുവില കൽപ്പിച്ച് ജനങ്ങൾ തിങ്ങിക്കൂടിയതോടെ അധികാരികളും കടുത്ത സമ്മർദത്തിലായി. 

മൈക്കിലൂടെ ജനം പിരിഞ്ഞു പോകണമെന്ന് അനൗൺസ്മെന്റ് നടത്തിയിട്ടും ഫലമൊന്നും ഉണ്ടായില്ല. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കലക്ടറും സബ് കലക്ടറും ഉന്നത വനം, പൊലീസ് അധികാരികളും സ്ഥലത്തെത്തി ആനയെ തുരത്താനുള്ള മാർഗങ്ങൾ ചികഞ്ഞു. ഇതിനിടെ ആനയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ഉത്തരവ് വൈകുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധവും ഉയർത്തി.യുദ്ധകാലാടിസ്ഥാനത്തിൽ 3 കുങ്കിയാനകളെ എത്തിച്ചും ആർആർടിയെ നിയോഗിച്ചും ഏത് വിധേനയും ആനയെ മയക്കുവെടി വച്ച് പിടികൂടാനായി പിന്നീട് പൂർണ ശ്രദ്ധയും. പൊലീസ് സ്റ്റേഷന് താഴെയായി 3 പ്രധാന റോഡുകൾക്ക് നടുവിലായുള്ള വയലിൽ എത്തിയ ആന അവിടെ നിന്നു നഗരത്തിലേക്ക് കടക്കാതെ സൂക്ഷിക്കാൻ കഴിഞ്ഞതു തന്നെ നേട്ടമായി.

എല്ലാ മുൻകരുതലുകളും സ്വീകരിച്ചു പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ശേഷമാണ് വെള്ളിയാഴ്ച വൈകിട്ട് 5നു ശേഷം മയക്കുവെടി നൽകിയത്. മയങ്ങിത്തുടങ്ങിയ കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ പ്രത്യേക വാഹനത്തിലാക്കി ബന്ദിപ്പൂർ വനത്തിലെ ആന ക്യാംപിലേക്ക് യാത്ര തിരിക്കുമ്പോഴേക്കും രാത്രി 10 കഴിഞ്ഞിരുന്നു. ഇതിനിടെ സമൂഹമാധ്യമങ്ങളിൽ ആനയെ കുറിച്ചുള്ള ചർച്ചകൾ നിറഞ്ഞു കവിഞ്ഞു. നിരോധനാജ്ഞ പ്രഹസനമായതും ആനയുടെ ശരീരം വെള്ളമൊഴിച്ചു തണുപ്പിക്കാത്തതും കണ്ണ് മൂടിക്കെട്ടാത്തതുമെല്ലാം വിമർശന വിധേയമായി.ഇന്നലെ രാവിലെ തണ്ണീർ കൊമ്പൻ ചെരിഞ്ഞെന്ന വാർത്ത കാട്ടുതീ പോലെയാണു പ്രചരിച്ചത്. റേഡിയോ കോളർ ഘടിപ്പിച്ചിട്ടും ആനയുടെ സഞ്ചാര പാത മനസിലാക്കാനാകാത്തതും വിമർശന വിധേയമായി. ആന കേരളത്തിൽ എത്തിയ വിവരം കർണാടക വനം വകുപ്പ് അധികൃതർ അറിയിച്ചിരുന്നില്ലെന്നു വനപാലകർ വ്യക്തമാക്കുകയും ചെയ്തു.

കൈകഴുകാനാകാതെ പൊലീസ് 
കൽപറ്റ ∙ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും മാനന്തവാടി നഗരത്തിൽ ജനക്കൂട്ടമെത്തുന്നതു തടയുന്നതിൽ പൊലീസ് പൂർണ പരാജയമായി. രാവിലെ മുതൽ തണ്ണീർക്കൊമ്പനെ കാണാൻ നഗരത്തിലേക്കു ജനമൊഴുകുകയായിരുന്നു. എന്നിട്ടും കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചു ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. വൈകിട്ട് 3 മണിയോടെ മാത്രമാണ് ജനക്കൂട്ടത്തോടു പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട് അനൗൺസ്മെന്റ് വാഹനം ഏർപ്പാടാക്കിയത്. തണ്ണീർക്കൊമ്പൻ നിലയുറപ്പിച്ച താഴ്ന്ന ചതുപ്പുനിലത്തിനു മുകളിൽ മല്ലയുദ്ധം കാണാൻ ഗാലറിയിൽ ഇരിക്കുന്ന പോലെയാണ് ആബാലവൃദ്ധം തടിച്ചുകൂടിയത്. ആദ്യ മയക്കുവെടി വച്ചപ്പോൾ ജനക്കൂട്ടം വലിയ ആരവമുണ്ടാക്കുകയും കരഘോഷം മുഴക്കുകയും ചെയ്തു. സമീപത്തെ കെട്ടിടങ്ങൾക്കു മുകളിൽ വലിയ ആൾക്കൂട്ടം തടിച്ചുകൂടിയതും തിക്കും തിരക്കും അപകടമുണ്ടാക്കാമെന്നതും പൊലീസ് കണക്കിലെടുത്തില്ല. എന്നാൽ, മാനന്തവാടിയിൽ ഗതാഗതനിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയിരുന്നെന്നും സമീപവാസികളും മാധ്യമങ്ങളുമാണു തടിച്ചുകൂടി നിന്നതിലേറെയുമെന്നും പൊലീസ് പറയുന്നു.

ട്രോളിലും കവിതയിലുംകാർട്ടൂണിലും തണ്ണീർക്കൊമ്പൻ
മാനന്തവാടി ∙ ആന നഗരത്തിലിറങ്ങിയതിന് ഒപ്പം ഏറെ ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ആന ന്യൂമാൻസ് കോളജിന് സമീപത്തെത്തിയതിനൊപ്പം കോളജിന്റെ പേര് ലോകം മുഴുവൻ എത്തിച്ചതിന്റെ പേരിൽ പൂർവ വിദ്യാർഥികളുടെ വക അഭിനന്ദന പോസ്റ്ററായിരുന്നു ആദ്യത്തേത്. ആന ട്രഷറിയിലും താലൂക്ക് ഓഫിസിലും പൊലീസ് സ്റ്റേഷന് സമീപവും എത്തിയതെല്ലാം ട്രോളർമാർക്ക് വിഷയമായി. വെള്ളമുണ്ട അഡീഷനൽ എസ്ഐ സാദിർ തലപ്പുഴയുടെ കവിതയും ടി.കെ. ഹാരിന്റെയും നാഷാദ് മാനന്തവാടിയുടെയും നീണ്ട കുറുപ്പും അനീസ് മാനന്തവാടിയും കാർട്ടൂണും ചർച്ചയായി. 

കൃഷി നശിച്ചതിലും സങ്കടം ആന ചരിഞ്ഞതിൽ: വാഴക്കർഷകർ
മാനന്തവാടി ∙ പാട്ടത്തിനെടുത്ത വയലിൽ നടത്തിയ കൃഷി നശിച്ചതിലും ഏറെ നൊമ്പരം തണ്ണീർ കൊമ്പൻ ചെരിഞ്ഞതിലെന്നു  കർഷകർ.  മാനന്തവാടി ടൗണിനോട് ചേർന്ന വയലിൽ വാഴക്കൃഷി ചെയ്തതിന്റെ സമീപത്തുനിന്നാണ് വെള്ളി വൈകിട്ട് തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ചത്. കേരള അതിർത്തി കടന്നെത്തിയ തണ്ണീർ കൊമ്പനെ രാത്രി പത്തോടെയാണ് മൂന്നു കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. ആന കൃഷിയിടത്തിലൂടെ പരിഭ്രാന്തനായി തലങ്ങും വിലങ്ങും നടന്നപ്പോൾ ഒട്ടേറെ വാഴകളാണ് ചവിട്ടിയരക്കപ്പെട്ടത്. ഒരു പകൽ മുഴുവൻ വീടിന് സമീപത്തെ വയലിൽ കഴിഞ്ഞ ആന പ്രതീക്ഷിച്ചത്ര നാശം വരുത്തിയില്ലെന്നും ആന ചെരിഞ്ഞതിൽ അതിയായ വ്യസനമുണ്ടെന്നും പടയൻ ഷാജി പറഞ്ഞു. ഷാജി, രാജൻ പാണ്ടിക്കടവ്, തേക്കുംകുടി മത്തായി എന്നിവരുടെ വാഴത്തോട്ടങ്ങളിലാണു നാശനഷ്ടങ്ങൾ ഉണ്ടായത്. വായ്പ എടുത്താണ് ഇവർ കൃഷി ഇറക്കിയത്.  വനംവകുപ്പിൽ നിന്ന് അർഹമായ നഷ്ടപരിഹാരം  ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com