വയനാട് ചുരം യാത്ര ‘ചൊറ’യാകുന്നു; ഗതാഗതക്കുരുക്കില്ലാത്ത ഒരു ദിവസം പോലുമില്ലെന്ന സ്ഥിതി
Mail This Article
കൽപറ്റ ∙ കണ്ടെയ്നറുകളുടെയും അമിതഭാരം കയറ്റിയ വലിയ വാഹനങ്ങളുടെയും നിരന്തര സഞ്ചാരം വയനാട് ചുരത്തിലൂടെയുള്ള യാത്ര കൂടുതൽ ദുരിത പൂർണമാക്കുന്നു. ഇത്തരം വാഹനങ്ങൾ ചുരത്തിൽ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് ചെറുതല്ല. ചുരം വളവുകളിലെ കുഴികളിൽനിന്ന് ഇത്തരം വാഹനങ്ങൾ കയറാൻ 5 മിനിറ്റ് വൈകുമ്പോഴേക്കും ഗതാഗതക്കുരുക്ക് അനുഭവപ്പെടും. കണ്ടെയ്നറുകൾക്കും വലിയ ചരക്കുവാഹനങ്ങൾക്കും പുറമേ അന്യജില്ലകളിൽ നിന്നും കരിങ്കല്ല്, മെറ്റൽ, മണൽ തുടങ്ങിയ കയറ്റിക്കൊണ്ടുവരുന്ന ടിപ്പർ ലോറികൾ കൂടി ചുരത്തിൽ രാപകൽ വ്യത്യാസമില്ലാതെ ഓടുന്നുണ്ട്. അത്യാസന്ന നിലയിൽ കോഴിക്കോട്ടെ ആശുപത്രികളിലേക്ക് പോകുന്നവരും വിമാനത്താവളങ്ങളിലേക്ക് പോകുന്നവരും റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നവരും ഇവിടെ തുല്യരാണ്. ഗതാഗതക്കുരുക്കഴിയുന്നതു വരെ കാത്തു കിടക്കണം. ചുരത്തിൽ ഗതാഗതക്കുരുക്കില്ലാത്ത ഒരു ദിവസം പോലുമില്ലെന്നതാണു സ്ഥിതി.
ഉത്തരവുകളെല്ലാം പാളി
ചുരം റോഡിലെ വാഹന പാർക്കിങ് നിരോധിച്ച ഉത്തരവും ടിപ്പർ ലോറികൾക്കുള്ള നിയന്ത്രണവും അമിത ഭാരം കയറ്റിയ വാഹനങ്ങൾക്കുള്ള നിരോധനവും അട്ടിമറിക്കപ്പെട്ടു. ഉത്തരവുകൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധന നടത്താൻ ബന്ധപ്പെട്ട അധികൃതർ വീഴ്ച വരുത്തിയതാണ് കാരണം. കോഴിക്കോട്-വയനാട് കലക്ടർമാരുടെ നേതൃത്വത്തിൽ 2017 ഒക്ടോബർ 13ന് ചേർന്ന ചുരം വികസന യോഗമാണ് നവംബർ ഒന്നു മുതൽ ചുരത്തിൽ വാഹന പാർക്കിങ് നിരോധിച്ച് ഉത്തരവിറക്കിയത്. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെയാണു വാഹന പാർക്കിങ് നിരോധിച്ചത്. ആവശ്യത്തിന് പൊലീസുകാരെ വിന്യസിക്കാതെ വ്യൂ പോയിന്റിന് സമീപം നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ച് അധികൃതർ തടിതപ്പി. എന്നാൽ, തുടർനടപടികളുണ്ടായില്ല. നോ പാർക്കിങ് ബോർഡുകൾക്കു ചുവട്ടിൽ പോലും വാഹനങ്ങൾ നിർത്തിയിടുന്നത് പതിവായിരുന്നു.
ക്രെയിൻ സൗകര്യം എവിടെ?
വയനാട് ചുരത്തിൽ തകരാറായി കുടുങ്ങുന്ന വാഹനങ്ങൾ എടുത്തുമാറ്റാൻ ക്രെയിൻ സൗകര്യമൊരുക്കുമെന്ന വയനാട്–കോഴിക്കോട് ജില്ലാ ഭരണകൂടങ്ങളുടെ പ്രഖ്യാപനം നടപ്പിലായില്ല. ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് 2023 ഫെബ്രുവരി 22നാണ്, ലക്കിടിയിലും അടിവാരത്തും ക്രെയിൻ സംവിധാനമൊരുക്കുമെന്ന് വയനാട്-കോഴിക്കോട് കലക്ടർമാർ നടത്തിയ ചർച്ചയിൽ പ്രഖ്യാപിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും തുടർനടപടികൾ വൈകുകയാണ്. ചുരത്തിൽ വാഹനങ്ങൾ കേടായി കുടുങ്ങുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഇത്തരം വാഹനങ്ങളെ പെട്ടെന്ന് എടുത്തുമാറ്റാനുള്ള സംവിധാനം നിലവിൽ ഇല്ല. എവിടെ നിന്നാണോ ക്രെയിൻ എത്തിക്കാൻ എളുപ്പമെന്ന് നോക്കി എത്രയും പെട്ടെന്ന് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് ലക്കിടിയിലും അടിവാരത്തും ചുരം അതിർത്തിയിൽ ക്രെയിൻ സൗകര്യം ഒരുക്കണമെന്ന ആവശ്യമുയർന്നത്.
ബദൽപാത യാഥാർഥ്യമായില്ല
വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിനായുള്ള നിർദിഷ്ട അടിവാരം–മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് പദ്ധതി എങ്ങുമെത്തിയിട്ടില്ല. 2 തവണ സർവേ നടത്തി പ്ലാൻ തയാറാക്കിയത് മാത്രമാണ് ഏക നടപടി. ഹെയർപിൻ വളവുകളില്ലാതെ 14.5 കിലോമീറ്റർ ദൂരത്തിൽ തളിപ്പുഴയിൽ എത്തിച്ചേരുന്നതാണു നിർദിഷ്ട ബൈപാസ്. പുതുതായി നിർമിച്ച തുഷാരഗിരി റോഡ് ഉപയോഗിച്ചാൽ 2 കിലോമീറ്റർ ദൂരം വീണ്ടും കുറയും. റോഡ് വികസനത്തിനായി കോഴിക്കോട് ജില്ലയിലെ വനം അതിർത്തിവരെയുള്ള സ്ഥലങ്ങൾ സൗജന്യമായി ലഭിക്കും. തുടർന്നു രണ്ടര കിലോമീറ്റർ മാത്രമാണ് വനഭൂമിയുള്ളത്. ഇതിനോടു ചേർന്നു ജില്ലയിൽ ഇഎഫ്എൽ വനഭൂമിയിൽ നിലവിലുള്ള കൂപ്പ് റോഡ് വിപുലീകരിച്ചാൽ ബൈപാസ് റോഡ് വേഗത്തിൽ യാഥാർഥ്യമാക്കാം.
അവധി ദിനങ്ങളിലും വലിയ വാഹനങ്ങൾക്ക് അവധിയില്ല
കൽപറ്റ ∙ അവധി ദിനങ്ങളിൽ വയനാട് ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി കൊണ്ടുള്ള കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നു. 2023 ഒക്ടോബർ 27നാണ് കോഴിക്കോട് കലക്ടർ ഉത്തരവിട്ടത്. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധി ദിനങ്ങൾ, രണ്ടാം ശനിയോടു ചേർന്നുവരുന്ന വെള്ളിയാഴ്ചകൾ എന്നീ ദിവസങ്ങളിൽ വൈകിട്ട് 3നും രാത്രി 9നും ഇടയിലാണ് വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളത്.
ഈ ദിവസങ്ങളിൽ 6 ചക്രത്തിൽ കൂടുതലുള്ള ടിപ്പറുകൾ, 10 ചക്രത്തിൽ കൂടുതലുള്ള ചരക്കുവാഹനങ്ങൾ, മൾട്ടി ആക്‌സിൽ വാഹനങ്ങൾ, ട്രക്കുകൾ തുടങ്ങിയ വലിയ വാഹനങ്ങൾ ചുരത്തിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും തിങ്കളാഴ്ച രാവിലെ 6 മുതൽ 9 വരെയും ഈ നിരോധനം പ്രാബല്യത്തിലുണ്ടാകുമെന്നായിരുന്നു ഉത്തരവ്. ഇൗ സമയക്രമം പാലിക്കാതെ കടന്നുവന്ന വലിയ ചരക്കുലോറി ചുരം 7–ാം വളവിൽ മറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം 5 മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. മരക്കഷണങ്ങൾ കയറ്റി ചുരമിറങ്ങുകയായിരുന്ന 12 ചക്രലോറിയാണ് ശനിയാഴ്ച രാത്രി എട്ടരയോടെ 7–ാം വളവിൽ മറിഞ്ഞത്.
ലക്കിടിയിൽ വച്ച് പൊലീസ് ലോറിയെ തടഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഗതാഗതക്കുരുക്ക് ഒഴിവാക്കാമായിരുന്നു. വലിയ ലോറി ഇടുങ്ങിയ വളവിന് നടുവിൽ വീണതോടെ മിനിറ്റുകൾക്കുള്ളിൽ തന്നെ ചുരത്തിൽ രൂക്ഷമായ ഗതാഗതതടസ്സം നേരിട്ടു. ചുരത്തിനു മുകളിൽ വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴ വരെയും വാഹനങ്ങളുടെ നീര നീണ്ടനിര രൂപപ്പെട്ടു. ഇതിനിടയിൽ വരിതെറ്റിച്ച് മറികടന്നുവന്ന വാഹനങ്ങൾ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഹൈവേ പൊലീസും ചുരംസംരക്ഷണ സമിതി അംഗങ്ങളും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്. ക്രെയിനെത്തിച്ച് ലോറി സ്ഥലത്തു നിന്നു മാറ്റിയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മരക്കഷണങ്ങൾ ഒരുവശത്തേക്ക് നീക്കിയുമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അന്നു പുലർച്ചെ ഒന്നര വരെ ഗതാഗതക്കുരുക്ക് നീണ്ടു.
നോക്കാൻ ആളില്ല; ഉത്തരവ് പാളി
നോക്കാൻ ആളില്ലാതെയായതോടെ കണ്ടെയ്നറുകളും അമിതഭാരം കയറ്റിയ വലിയ വാഹനങ്ങളും ചുരത്തിലൂടെ തലങ്ങും വിലങ്ങും പായുകയാണ്. ഇത്തരം നൂറുക്കണക്കിനു വാഹനങ്ങളാണു ചുരത്തിലൂടെ ദിവസേന കടന്നുപോകുന്നത്. ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം കഴിഞ്ഞെത്തുന്ന കണ്ടെയ്നർ ട്രക്കുകളും ഭാരം കയറ്റിയ വാഹനങ്ങളും കാരണം ഗതാഗത നിയന്ത്രണമുള്ള ദിവസങ്ങളിൽ പോലും അതിരാവിലെ തന്നെ ചുരം വീർപ്പുമുട്ടി തുടങ്ങുകയാണ്. ഗതാഗത നിയന്ത്രണമുള്ള ദിവസങ്ങളിൽ ഇത്തരം വാഹനങ്ങൾ ചുരത്തിലൂടെ കടന്നുപോകുന്നുണ്ടോയെന്ന നിരീക്ഷിക്കാനുള്ള ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.