ചെറുകുന്ന്-നടവയൽ റോഡ് തകർന്നു; തിരിഞ്ഞു നോക്കാതെ അധികൃതർ
Mail This Article
നടവയൽ ∙ ചെറുകുന്ന് - പുലച്ചിക്കുനി - നടവയൽ റോഡ് തകർന്നടിഞ്ഞു കാൽനടയാത്ര പോലും സാധ്യമല്ലാതായി. റോഡ് തകർന്നു പലയിടത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു മെറ്റലുകൾ ഇളകിക്കിടന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. കണിയാമ്പറ്റ, പൂതാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ടു വർഷങ്ങളായി.
പൂതാടി പഞ്ചായത്തിൽ ഉൾപ്പെടുന്ന പുലച്ചിക്കുനി മുതൽ നടവയൽ വരെയുള്ള ഭാഗമാണു പൂർണമായും തകർന്നുകിടക്കുന്നത്. സ്കൂൾ ബസ് അടക്കം ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പരാതികൾ നൽകിയെങ്കിലും അധികൃതർ അനങ്ങാപ്പാറ നയമാണു സ്വീകരിക്കുന്നത്.
റോഡ് തകർന്നു വലിയ കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങൾ അടക്കം അപകടത്തിൽപെടുന്നതു പതിവാണ്. കൂടാതെ ചെറിയ വാഹനങ്ങളുടെ അടി തട്ടി പാതിവഴിയിൽ കുടുങ്ങുന്നതും നിത്യസംഭവമാണ്. പലയിടത്തും ടാറിങ് കണികാണാൻ പോലുമില്ലാത്ത ഈ റോഡിനെ ആശ്രയിച്ച് അഞ്ചോളം ഊരുകളുമുണ്ട്. റോഡിന്റെ ശോച്യാവസ്ഥയ്ക്കു മാറ്റം ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണു നാട്ടുകാരുടെ തീരുമാനം.