ADVERTISEMENT

പുൽപള്ളി ∙വനപ്രദേശത്തും പാതയോരങ്ങളിലും വളരുന്ന കുറുന്തോട്ടി ഗോത്രസമൂഹത്തിനു വരുമാനമാർഗമാകുന്നു. ആയുർവേദ മരുന്നുനിർമാണത്തിനുപയോഗിക്കുന്ന കുറുന്തോട്ടി ഇപ്പോൾ വൻതോതിൽ സംഭരിക്കുന്നുണ്ട്. പട്ടികവർഗ സഹകരണസംഘങ്ങളാണ് ഇവ സംഭരിച്ച് ഉണക്കി മരുന്നുകമ്പനികൾക്ക് വിൽക്കുന്നത്. പച്ചക്കുറുന്തോട്ടി എത്തിക്കുന്നവർക്ക് കിലോഗ്രാമിന് 17 രൂപത്തോതിൽ ലഭിക്കും. പുൽപള്ളി, തിരുനെല്ലി, ബത്തേരി, മേപ്പാടി തുടങ്ങിയ സംഘങ്ങൾക്കു കീഴിൽ നൂറുകണക്കിനാളുകൾ കുറുന്തോട്ടി ശേഖരിക്കുന്നു.

വനത്തിലും സ്വകാര്യ തോട്ടങ്ങളിലും പാതയോരങ്ങളിലും വളരുന്ന കറുത്ത കുറുന്തോട്ടിയാണ് മരുന്ന് ആവശ്യത്തിന് ഉപയോഗിക്കുന്നത്. ചെടി പറിച്ചെടുത്ത് വേരിലെ മണ്ണുനീക്കി കെട്ടുകളാക്കി സംഭരണകേന്ദ്രങ്ങളിലെത്തിക്കുന്നു. സീസണിലെ തേൻസംഭരണം വനവിഭവങ്ങൾ ശേഖരിക്കുന്നവരെ നിരാശരാക്കിയിരുന്നു. ഏറെക്കാലത്തിനു ശേഷം ഇക്കൊല്ലം തേൻസംഭരണം തീരെയുണ്ടായില്ല. 

തേൻഉൽപാദനം കാര്യമായി കുറഞ്ഞു. വരൾച്ചയും അന്തരീക്ഷ താപവും നീണ്ടുനിന്നതാണ് കാരണമായി പറയുന്നത്. തേൻശേഖരിക്കാൻ ദിവസങ്ങളോളം വനത്തിൽ തമ്പടിച്ചവർക്കും കാര്യമായൊന്നും ലഭിച്ചില്ല. കർണാടക ഉൾവനങ്ങളിലേക്കു തേൻ ശേഖരിക്കാൻ പോകുന്നവർ പാത്രങ്ങൾ നിറയെ തേനുമായി വരുമായിരുന്നു. ഇക്കൊല്ലം നിരാശയോടെ മടങ്ങി. മഴമാറ്റത്തോടെ കുറുന്തോട്ടിയായി ആശ്രയം.

കുറുന്തോട്ടി ശേഖരിക്കാൻ കൂട്ടമായി വനത്തിൽ കയറുന്നവർ വൈകിട്ട് കെട്ടുകണക്കിനു മരുന്നുമായി വരുന്നത് വനാതിർത്തിയിലെ പതിവുകാഴ്ചയാണ്. 1000 രൂപയിൽ കുറയാത്ത വരുമാനം ലഭിക്കുമെന്ന് ഇവർ പറയുന്നു. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടാവും. വേനൽ ശക്തമാകുന്നതോടെ ഇവ പറിച്ചെടുക്കാനുള്ള കഷ്ടപ്പാടേറും. വെയിലത്തുണക്കി മഴയും മഞ്ഞുംകൊളളാതെ സംഘങ്ങൾ ഇവ സൂക്ഷിച്ച് ഓർഡറനുസരിച്ച് കയറ്റിവിടും. കുറുന്തോട്ടിക്കു ശേഷം ചുണ്ട, ഓരില, മൂവില, മരങ്ങളിലെ പൂപ്പൽ എന്നിവകളും ശേഖരിക്കും.

English Summary:

This article highlights the growing economic significance of Kurunthotti, a medicinal plant, for tribal communities in Kerala. The plant, traditionally used in Ayurveda, is being sustainably harvested and sold to pharmaceutical companies, creating a valuable source of income for these communities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com