സിവിൽ സർവീസ്: ഇന്റർവ്യൂവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മലയാളി പെൺകുട്ടി
Mail This Article
സിവിൽ സർവീസ് പരീക്ഷയിൽ ഇന്റർവ്യൂവിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചതു മലയാളി ആര്യ ആർ. നായർക്ക്– 275ൽ 206 മാർക്ക്. എഴുത്തുപരീക്ഷയിലെ മാർക്ക് കൂടി ചേർക്കുമ്പോൾ റാങ്ക് 301.
മറ്റുള്ളവരുടെ ഇന്റർവ്യൂ 40–50 മിനിറ്റ് നീണ്ടപ്പോൾ ആര്യയുടേത് 20 മിനിറ്റിൽ താഴെ മാത്രമായിരുന്നു. ഇത്ര വേഗം കഴിഞ്ഞപ്പോൾ കടമ്പ കടക്കില്ലെന്നു സംശയിച്ചെങ്കിലും നൽകിയ ഉത്തരങ്ങളിൽ ആത്മവിശ്വാസമുണ്ടായിരുന്നു. പ്രളയ കാലത്ത് ജില്ല മജിസ്ട്രേട്ട് ആയാൽ സ്വീകരിക്കുന്ന നടപടികൾ, റബറിന്റെ വിലയിടിവ് പരിഹരിക്കാനുള്ള മാർഗങ്ങൾ തുടങ്ങി കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടായിരുന്നു.
എഴുത്തുപരീക്ഷയുടെ സമയത്തു കാര്യങ്ങൾ പക്ഷേ സുഗമമായിരുന്നില്ല. തുടങ്ങുന്നതിനു 2 ദിവസം മുൻപു തെന്നി വീണു കാലിനു പൊട്ടലുണ്ടായി പ്ലാസ്റ്ററിട്ടു; തോളിനു ചതവും. എഴുതേണ്ടെന്നു പോലും ആദ്യം തീരുമാനിച്ചതാണ്.
കാലിലെ പ്ലാസ്റ്റർ അഴിച്ചുനോക്കി പരിശോധിച്ച ശേഷമാണു പരീക്ഷാ ഹാളിൽ എഴുതാൻ സൗകര്യമൊരുക്കിയത്. 4 ദിവസവും രാവിലെയും ഉച്ചയ്ക്കുമായുള്ള പരീക്ഷകൾ അര മണിക്കൂർ ഇടവിട്ടു വേദനസംഹാരി സ്പ്രേ അടിച്ചാണ് എഴുതിയത്. റിട്ട.ജോയിന്റ് ലേബർ കമ്മിഷണറായ കോട്ടയം കൂരോപ്പട അരവിന്ദത്തിൽ ജി.രാധാകൃഷണൻനായരുടെയും,റിട്ട അധ്യാപിക സുജാതയുടെയും മകളാണ് ആര്യ. മധ്യപ്രദേശിൽ ഇന്റിലിജൻസ് ബ്യൂറോയിലെ ജോലിക്കിടെയായിരുന്നു സിവിൽ സർവീസ് ഒരുക്കം.