അന്ന് കഷ്ടിച്ച് സർക്കാർ ജോലി വഴുതിപ്പോയി; ഒടുവിൽ രമ്യയ്ക്ക് ഒന്നാം റാങ്ക് നേട്ടം
Mail This Article
പിഎസ്‌സിയുടെ ലൈബ്രേറിയൻ റാങ്ക് ലിസ്റ്റുകളിലെ സ്ഥിരസാന്നിധ്യമാണ് ആർ.രമ്യയെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ സർക്കാർ ജോലി വഴുതിപ്പോകുകയായിരുന്നു ഇതുവരെ. എന്നാൽ പഞ്ചായത്ത് വകുപ്പിൽ ൈലബ്രേറിയൻ ഗ്രേഡ്–4 തസ്തികയ്ക്ക് കൊല്ലം ജില്ലയിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് നേട്ടം ആശിച്ച ജോലി നേടിത്തരുമെന്നാണ് രമ്യയുടെ പ്രതീക്ഷ.
കൊല്ലം പെരിനാട് നീരാവിൽ തുണ്ടിൽ പടിഞ്ഞാറ്റതിൽ രാജേന്ദ്രന്റെയും ശോഭനയുടെയും മകളായ രമ്യ ഇൻഡസ്ട്രിയൽ മൈക്രോബയോളജിയിലും ലൈബ്രറി സയൻസിലും ബിരുദം നേടിയ ശേഷമാണ് പിഎസ്‌സി പരീക്ഷാ പരിശീലന രംഗത്തു സജീവമായത്. കോച്ചിങ് സ്ഥാപനങ്ങളിൽ പോയിട്ടില്ലെങ്കിലും പനമൂട് ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന പരീക്ഷാ പരിശീലനത്തിൽ പങ്കെടുത്തിരുന്നു.
തൊഴിൽവീഥിയിലും വിന്നറിലും വന്ന പുതിയ മാറ്റങ്ങൾ ഏറെ ആകർഷകമാണെന്നാണ് രമ്യയുടെ വിലയിരുത്തൽ. കൂടുതൽ പരീക്ഷാപരിശീലനങ്ങൾ ഉൾപ്പെടുത്തിയതും പിഎസ്‌സിയുടെ മുൻകാല ചോദ്യപേപ്പറുകൾക്ക് പ്രാധാന്യം നൽകുന്നതും പഠനത്തെ സഹായിക്കുമെന്ന് രമ്യ പറയുന്നു.
കോമൺപൂൾ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ്–4, സെക്രട്ടേറിയറ്റിൽ കാറ്റലോഗ് അസിസ്റ്റന്റ്, മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ തുടങ്ങി അഞ്ചിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രമ്യ പരീക്ഷാ പരിശീലനം തുടരുകയാണ്. ഒപ്പം കുരീപ്പുഴ സേക്രട്ട് ഹാർട്ട് സിബിഎസ്ഇ സ്കൂളിൽ ലൈബ്രേറിയനായി ജോലി ചെയ്യുന്നു. ഭർത്താവ് സോഷ് എസ് പ്രസാദ് സൗദിയിൽ ഉദ്യോഗസ്ഥനാണ്. ഏക മകൻ വസുദേവ് എസ് പ്രസാദ് രണ്ടാം ക്ലാസിൽ പഠിക്കുന്നു.
‘‘വർഷങ്ങളായി തൊഴിൽവീഥിയുടെ വരിക്കാരിയാണ്. തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കുന്ന കറന്റ് അഫയേഴ്സ്, കേരള നവോത്ഥാനം, മോഡൽ ചോദ്യപേപ്പറുകൾ എന്നിവ സ്ഥിരമായി ശ്രദ്ധിക്കാറുണ്ട്. ലൈബ്രേറിയൻ പരീക്ഷയിൽ ചോദിച്ച പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ ഈ പരീക്ഷാ പരിശീലനഭാഗങ്ങൾ പഠിച്ചത് ഏറെ പ്രയോജനപ്പെട്ടു. റാങ്ക് കിട്ടിയെങ്കിലും ഇപ്പോഴും തൊഴിൽവീഥി വീട്ടിൽ വരുത്തി വായിക്കുന്നുണ്ട്’’