ADVERTISEMENT

സതേൺ കലിഫോർണിയയിലെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സ്. വർഷം 1964. സിനിമാ മോഹവും തലയിൽ നിറച്ച് ഒരു യുവാവ് സർവകലാശാല പ്രവേശന പരീക്ഷയ്ക്കെത്തി. വളരെ താഴ്ന്ന മാർക്കാണ് ലഭിച്ചത്. പക്ഷേ, തോറ്റു പിൻമാറാൻ ആ ചെറുപ്പക്കാരൻ ഒരുക്കമല്ലായിരുന്നു.അടുത്ത വർഷം വരെ കാത്തിരുന്നു.ആ കൊല്ലവും പുറത്തായി. മൂന്നാം വർഷം കൂടുതൽ ഒരുക്കത്തോടെ പരീക്ഷയെഴുതി. ഇത്തവണയും ഗ്രേഡ് സി തന്നെ.  

സിനിമ പഠിക്കാനോ, സിനിമ പിടിക്കാനോ യാതൊരു യോഗ്യതയും ഇയാളിൽ കാണുന്നില്ല എന്നാണ് അവിടുത്തെ ഒരു അധ്യാപകൻ ഉപദേശിച്ചത്. ഒരുപാട് മോഹവുമായെത്തി പ്രവേശനം പോലും ലഭിക്കാതെ സർവകലാശാലയിൽ നിന്നു പിൻവാങ്ങുമ്പോൾ കാലം അയാളെ നോക്കി പുഞ്ചിരി തൂകിയിട്ടുണ്ടാകാം. കാരണം, സർവകലാശാല പഠനത്തിനു യോഗ്യതയില്ലെന്നു വിലയിരുത്തപ്പെട്ട ആ ചെറുപ്പക്കാരൻ സിനിമയുടെ സർവകലാശാലയായി മാറുന്ന കഥയാണു കാലം കരുതി വച്ചിരുന്നത്.

ഇത് ലോകം കണ്ട പ്രതിഭാധനനായ സിനിമാ സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗിന്റെ ജീവിത കഥയാണ്. 1946 ഡിസംബർ 18ന് ഓഹിയോവിലെ സിൻസിനാറ്റിൽ ഒരു യാഥാസ്ഥിതിക ജൂതകുടുംബത്തിലാണ് സ്പിൽബെർഗ് ജനിച്ചത്. അമ്മ ലിയ പോസ്നെർ ഒരു പിയാനിസ്റ്റ് ആയിരുന്നു. പിതാവ് ആർനോൾഡ് സ്പിൽബെർഗ് ഇലക്ട്രിക്കൽ എൻജിനിയറും.

പഠന വൈകല്യമായിരുന്നു കൊച്ചു സ്റ്റീവന്റെ ജീവിതത്തിലെ പ്രധാന പ്രശ്നം. ആദ്യത്തെ രണ്ട് വർഷം അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും സ്റ്റീവന്റെ ബാല്യത്തിനായില്ല. മണ്ടൻ വിദ്യാർഥി എന്ന വിളിയായിരുന്നു കാത്തിരുന്നത്. സ്കൂൾ ജീവിതം ഉപേക്ഷിക്കാൻ പോലും സ്റ്റീവൻ കൊതിച്ചു. ആ കാലയളവിലെല്ലാം ഡിസ്‌ലെക്സിയ എന്ന രോഗവും അദ്ദേഹത്തെ വിടാതെ പിൻതുടർന്നു. വായിക്കുന്ന കാര്യങ്ങൾ മനസിലാക്കാനും എഴുതാനും സാധാരണ ഒരാളെടുക്കുന്നതിന്റെ ഇരട്ടി സമയം വേണമായിരുന്നു സ്റ്റീവന്.

വളരെ ചെറുപ്പത്തിൽ തന്നെ സിനിമ എന്ന അത്ഭുതം സ്റ്റീവനെ ആകർഷിച്ചിരുന്നു.  എങ്ങനെയും സ്കൂൾ പഠനം പൂർത്തിയാക്കാനും സിനിമാ സംവിധാനം പഠിക്കാനും സ്റ്റീവൻ തീരുമാനിച്ചു. അങ്ങനെയാണു സതേൺ കാലിഫോർണിയയിലെ സിനിമാറ്റിക് ആർട്സ് സർവകലാശാലയുടെ പടിക്കലെത്തുന്നത്. അവിടെയും വില്ലനായി നിന്നത് ഡിസ്‌ലെക്സിയയാണ്. 

1966ൽ സ്റ്റീവ്  കാലിഫോർണിയ സ്റ്റേറ്റ് സർവകലാശാലയിൽ ചേർന്ന് ഇംഗ്ലീഷ് സാഹിത്യ പഠനം ആരംഭിച്ചു. പഠന കാലം യൂണിവേഴ്സൽ സ്റ്റുഡിയോയിലെ എഡിറ്റിങ് ഡിപ്പാർട്ടുമെന്റിൽ സഹായിയായി സ്റ്റീവന് ജോലി ലഭിച്ചു. 1968ൽ സ്റ്റുഡിയോ അധികൃതർ ഒരു ഹ്രസ്വ ചലച്ചിത്രം നിർമിക്കാൻ തീരുമാനിച്ചു. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ ആ ദൗത്യം സ്റ്റീവൻ സ്പിൽബെർഗ്  ഏറ്റെടുത്തു.ആംബ്ലിൻ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. ഒട്ടേറെ പുരസ്കാരങ്ങൾ നേടി. അതോടെയാണ് സ്റ്റീവൻ സ്പിൽബെർഗിന്റെ ജീവിതം മാറിമറയുന്നത്. അദ്ദേഹത്തിന് ഒരു സിനിമ സംവിധാനം ചെയ്യാൻ സ്റ്റുഡിയോ അനുമതി നൽകി. ഏഴു വർഷം നീണ്ടുനിൽക്കുന്ന ഒരു കരാർ. അതോടെ ബിരുദ പഠനം ഉപേക്ഷിച്ച് സ്പിൽബെർഗ് സിനിമാ ജീവിതത്തിലേക്കു കാല് കുത്തി. അങ്ങനെ 1974ൽ ആദ്യ ചിത്രം ഷുഗർലാൻഡ് എക്സ്പ്രസ് വെളിച്ചംകണ്ടു.പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

ലോകം അറിയുന്ന സിനിമാ സംവിധായകനായപ്പോഴും ഡിസ്‌ലെക്സിയ എന്ന രോഗം തന്നെ വിടാതെ പിൻതുടരുന്നുണ്ടായിരുന്നുവെന്നു 2017ൽ അദ്ദേഹം വെളിപ്പെടുത്തിയപ്പോൾ ഞെട്ടലോടെയാണ് ആരാധകർ ആ സത്യത്തിനു കാതോർത്തത്.തന്റെ മുന്നിലെത്തുന്ന തിരക്കഥകളും നോവലുകളും വായിക്കാനും മനസിലെ കഥകൾ എഴുതാനും ഇപ്പോഴും സാധാരണ ഒരാളെടുക്കുന്നതിന്റെ ഇരട്ടി സമയം വേണം സ്റ്റീവൻ സ്പിൽബെർഗിന്. 

പരിമിതികളോടു നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന സ്റ്റീവനെ 2006ൽ പ്രീമിയർ മാസിക ആധുനിക സിനിമാലോകത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തിയായി തിരഞ്ഞെടുത്തു. ഈ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട 100 വ്യക്തികളിൽ ഒരാളായി ടൈം മാസികയും നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ലൈഫ് മാസികയും സ്റ്റീവൻ സ്പിൽബെർഗിനെ തിര​ഞ്ഞെടുത്തു. ഡ്രീംവർക്ക്സ് എന്ന ചലച്ചിത്ര സ്റ്റുഡിയോയുടെ ഉടമയാണ് ഇദ്ദേഹം. ഷിൻഡ്ലേഴ്സ് ലിസ്റ്റ് ,സേവിംഗ് പ്രൈവറ്റ് റയാൻ എന്നീ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹത്തിന് ഓസ്കർ ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com