ADVERTISEMENT

സിവിൽ സർവീസ് നേടിയ സഹോദരങ്ങൾ പലരുണ്ട്. എന്നാൽ വിദേശകാര്യ സർവീസിൽ (ഐഎഫ്എസ്) സഹോദരങ്ങൾ അത്ര പതിവില്ല. രണ്ടാൾക്കും ഒരേസമയം ഒരിടത്തു തന്നെ പോസ്റ്റിങ് ലഭിക്കുന്നതും അപൂർവം. പാലക്കാട് രാമശ്ശേരി സ്വദേശികളായ ആർ. മധുസൂദനനും പ്രിയദർശിനിയുമാണ് ഈ അപൂർവ സഹോദരങ്ങൾ.

മധുസൂദനൻ ഈയിടെ വാർത്തകളിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ മഹാബലിപുരത്തു നടന്ന അനൗദ്യോഗിക ഉച്ചകോടിയിൽ മോദിയുടെ പരിഭാഷകനായ ആൾ; വിദേശകാര്യ സെക്രട്ടറിയുടെ ഓഫിസിൽ ഡപ്യൂട്ടി സെക്രട്ടറി. പ്രിയദർശിനി ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ മ്യാൻമർ ഡെസ്കിൽ അണ്ടർ സെക്രട്ടറി.

∙ പഠനവഴികൾ: ഇരുവരും പഠിച്ചതും വളർന്നതും കോയമ്പത്തൂരിൽ. പിതാവ് രവീന്ദ്രൻ നായർ തമിഴ്നാട് പൊലീസിൽ ഡിവൈഎസ്പിയായാണു വിരമിച്ചത്. അമ്മ നിർമലത ഇലക്ട്രിസിറ്റി ബോർഡിൽ ചീഫ് എൻജിനീയറായിരുന്നു. എൻജിനീയറിങ് ബിരുദം നേടിയ ശേഷമാണ് ഇരുവരുടെയും സിവിൽ സർവീസ് പ്രവേശനം.

∙ സിവിൽ സർവീസിലേക്ക്: മധുസൂദനൻ 2007ലാണ് സിവിൽ സർവീസ് നേടിയത്, 22–ാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ. റാങ്ക് 69. ഹിസ്റ്ററിയും പബ്ലിക് അഡ്മിനിസ്ട്രേഷനുമായിരുന്നു ഐച്ഛിക വിഷയങ്ങൾ.

ചേട്ടനെപ്പോലെ ഐഎഫ്എസ് നേടുകയെന്ന ലക്ഷ്യത്തോടെ 2009ൽ പ്രിയദർശിനി പരീക്ഷയെഴുതി. വിഷയങ്ങൾ ഹിസ്റ്ററിയും പബ്ലിക് അഡ്മിനിസ്ട്രേഷനും തന്നെ. അക്കുറി കിട്ടിയത് ഇന്ത്യൻ റെയിൽവേ പഴ്സനേൽ സർവീസ്. 2012ൽ വീണ്ടുമെഴുതിയപ്പോൾ 137–ാം റാങ്ക്.

∙ വിദേശഭാഷയേത്: വിദേശകാര്യ സർവീസിൽ വിദേശ ഭാഷാപഠനം നിർബന്ധമാണ്. ആദ്യ പോസ്റ്റിങ്ങും തിരഞ്ഞെടുക്കുന്ന ഭാഷ അനുസരിച്ചാണ്. 

പിന്നീടുള്ള പോസ്റ്റിങ് അങ്ങനെയാകണമെന്നില്ല. കംപൽസറി ഫോറിൻ ലാംഗ്വിജായി (സിഎഫ്എൽ) ചൈനീസ് തിരഞ്ഞെടുത്ത മധുസൂദനന്റെ ആദ്യ നിയമനം ബെയ്ജിങ്ങിലായിരുന്നു.

പ്രിയദർശിനി തിരഞ്ഞെടുത്തതു ഫ്രഞ്ച്. ആദ്യ പോസ്റ്റിങ് ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ.

∙ ജോലി ഇങ്ങനെ: എംബസിയിലും കോൺസുലേറ്റിലും ജോലി ചെയ്യുമ്പോൾ പ്രവാസി ക്ഷേമകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിലാണെങ്കിൽ നയതന്ത്ര വിഷയങ്ങൾക്കാണ് ഊന്നൽ. വായനയും അറിവുസമ്പാദനവും പ്രധാനം.

മധുസൂദനൻ 2018 മുതൽ ഡൽഹിയിലാണ്. റിട്ട. സിആർപിഎഫ് ഐജി കെ.വി. മധുസൂദനന്റെ മകളും ഡൽഹി സംസ്കൃതി സ്കൂൾ മെഡിക്കൽ ഓഫിസറുമായ ഡോ. അന്നപൂർണയാണു ഭാര്യ. അഞ്ചു വയസ്സുകാരൻ ഇഷാൻ മകൻ. കഴിഞ്ഞ വർഷം തന്നെ പ്രിയദർശിനിയും ഡൽഹിയിലെത്തി.

ഐഎഫ്എസ് കിട്ടാൻ എളുപ്പമോ ?

മുൻപത്തേതു പോലെയല്ല, ഐഎഫ്എസിൽ തസ്തികകളേറി; അതിനനുസരിച്ച് അവസരങ്ങളും. പക്ഷേ, ശരാശരി ഏതു റാങ്ക് വരെയുള്ളവർക്കു കിട്ടുമെന്നു പറയാനാകില്ല. ഓരോ വർഷവും ഈ കേഡ‍റിലേക്കു വരാനുള്ള ഉദ്യോഗാർഥികളുടെ താൽപര്യം അനുസരിച്ചാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com