ADVERTISEMENT

ഒരച്ഛന്റെ പ്രോത്സാഹനത്തിന് മക്കളെ എത്ര ഉയരത്തിലും എത്തിക്കാന്‍ സാധിക്കും. ഇതിന്റെ മിന്നുന്ന ഉദാഹരണമാണ് ഇത്തവണത്തെ സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരന്‍ പ്രദീപ് സിങ്ങ്. പഠനവും ജോലിയും ബാലന്‍സ് ചെയ്ത് ഐഎഎസ് എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിനിടെ പല തവണ പഠനമവസാനിപ്പിക്കാന്‍ പ്രദീപിന് തോന്നിയിട്ടുണ്ട്. അപ്പൊഴെല്ലാം ക്ഷമയോടെ പിടിച്ച് നില്‍ക്കാന്‍ മകനെ പ്രോത്സാഹിപ്പിച്ച സുഖ്ബീര്‍ സിങ്ങിനു കൂടി അവകാശപ്പെട്ടതാണ് പ്രദീപിന്റെ ഒന്നാം റാങ്ക്. 

 

ഹരിയാനയിലെ സോണെപത് ജില്ലയില്‍ നിന്നുള്ള പ്രദീപ് സിങ്ങിന് ഇത് യുപിഎസ് സി പരീക്ഷയില്‍ നാലാമങ്കം. കഴിഞ്ഞ വര്‍ഷം 260-ാം റാങ്കോടെ ഇന്ത്യന്‍ റവന്യൂ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന്റെ പരിശീലനം ഫരീദാബാദിലെ നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് നാര്‍ക്കോട്ടിക്‌സില്‍ പുരോഗമിക്കവേയാണ് പ്രദീപിനെ തേടി ഒന്നാം റാങ്ക് എത്തുന്നത്. 

 

സോണെപത്തിലെ തെവ്രി ഗ്രാമത്തിലെ മുന്‍ സര്‍പാഞ്ച് ആയിരുന്നു പ്രദീപിന്റെ പിതാവ് സുഖ്ബീര്‍ സിങ്ങ്. തെവ്രി ഗ്രാമത്തിലെ ഗവണ്‍മെന്റ് സ്‌കൂളിലാണ് ഏഴാം ക്ലാസ് വരെപ്രദീപ്  പഠിച്ചത്. പിന്നീട് മക്കളുടെ പഠനാവശ്യത്തിനായി സുഖ്ബീറും കുടുംബവും സോണെപതിലേക്ക് മാറി. അവിടുത്തെ ശംഭു ദയാല്‍ മോഡേണ്‍ സ്‌കൂളില്‍പ്രദീപ് പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചു. ദീന്‍ബന്ധു ഛോട്ടുറാം യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി.

 

ബിരുദത്തിന് ശേഷം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷയുടെ പരിശീലനത്തിന് ചേര്‍ന്നു. അതില്‍ വിജയിച്ച് ആദായ നികുതി ഉദ്യോഗസ്ഥനായി അഞ്ച് വര്‍ഷം മുന്‍പ് ഡല്‍ഹിയിലെത്തി. തുടര്‍ന്നായിരുന്നു സിവില്‍ സര്‍വീസ് പരിശീലനം. 

 

ആദ്യം ഏതാനും കോച്ചിങ്ങ് സെന്ററുകളുടെ സഹായമൊക്കെ തേടിയെങ്കിലും സ്വയം പഠിക്കുന്നതാണ് തനിക്ക് പറ്റുകയെന്ന് തിരിച്ചറിഞ്ഞു. പക്ഷേ, അതിന് സ്ഥിരപ്രയത്‌നം ആവശ്യമായിരുന്നു. ഓരോ ദിവസവും നിശ്ചയിക്കുന്ന സിലബസിന്റെ ഭാഗങ്ങള്‍ അന്നു തന്നെ തീര്‍ക്കാന്‍ ശ്രമിക്കുമായിരുന്നു.

 

ജോലി തിരക്കുകള്‍ക്കിടെ പഠനം കൂടിയായപ്പോള്‍ ചിലപ്പോഴൊക്കെ പ്രദീപ് തളര്‍ന്നു. ഐഎഎസ് മോഹം ഉപേക്ഷിച്ച് കിട്ടിയ ജോലിയുമായി സംതൃപ്തിയടഞ്ഞാലോ എന്നെല്ലാം ആലോചിച്ചു.  പക്ഷേ, തളരാതെ പിടിച്ചു നില്‍ക്കാന്‍ പിതാവ് പ്രോത്സാഹനവുമായി കൂടെ നിന്നു. കര്‍ഷകന്‍ കൂടിയായ പിതാവാണ് താന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആകാനുള്ള പ്രചോദനമെന്ന് പ്രദീപ് സിങ്ങ് പറയുന്നു. കര്‍ഷക സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നാണ് പ്രദീപിന്റെ ആഗ്രഹം. ഇന്‍ഷുറന്‍സ് മേഖലയിലാണ്  പ്രദീപിന്റെ മൂത്ത സഹോദരന്‍ ജോലി ചെയ്യുന്നത്. ഇളയ സഹോദരി എംഎസ് സി മാത്തമാറ്റിക്‌സിനു പഠിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com