സർക്കാർ ജോലിയാണോ ലക്ഷ്യം? അമർജ്യോത് പറയുന്നു വിജയവഴികൾ
Mail This Article
കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം, ഇംഗ്ലിഷിലും സൈക്കോളജിയിലും പിജി... സർക്കാർ ജോലി ലക്ഷ്യമിട്ടുള്ള യാത്രയ്ക്കിടയിൽ എം.അമർജ്യോത് നേടിയ യോഗ്യതകളാണിവ. ലക്ഷ്യം തെറ്റിയില്ല, പത്തോളം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലെ മികച്ച സ്ഥാനത്തിനൊപ്പം സെക്രട്ടേറിയറ്റ്/പിഎസ്‌സി കംപ്യൂട്ടർ അസിസ്റ്റന്റ് ലിസ്റ്റിൽ മാർക്ക് അടിസ്ഥാനത്തിൽ ഒന്നാമനുമായി. സെക്രട്ടേറിയറ്റ് കംപ്യൂട്ടർ അസിസ്റ്റന്റ് ലിസ്റ്റിൽ രണ്ടാം റാങ്കാണ് അമർജ്യോതിന്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ എൽഡി ടൈപ്പിസ്റ്റായി ജോലി ചെയ്യുന്ന അമർജ്യോത് പിഎസ്‌സി പരീക്ഷാ പരിശീലനപാതയിൽ സജീവമാണ് ഇപ്പോഴും.
കണ്ണൂർ അരോളി വടേശ്വരം അഞ്ജനത്തിൽ ഉണ്ണികൃഷ്ണന്റെയും സുവർണബിന്ദുവിന്റെയും മകനായ അമർജ്യോത് കണ്ണൂർ ജില്ലയിലെ എൽഡി ടൈപ്പിസ്റ്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്, എസ്‌സി/എസ്ടി വികസന കോർപറേഷനിൽ ടൈപ്പിസ്റ്റ് തുടങ്ങി പത്തോളം റാങ്ക് ലിസ്റ്റിലും വാട്ടർ അതോറിറ്റി എൽഡി ടൈപ്പിസ്റ്റ് ഷോർട് ലിസ്റ്റിലുമുണ്ട്. ജോലി ലഭിച്ചെങ്കിലും ഉയർന്ന തസ്തികകൾ ലക്ഷ്യം വച്ച് പിഎസ്‌സി പരീക്ഷാ പരിശീലനം തുടരാൻ തന്നെയാണ് തീരുമാനം.
ഭാര്യ പ്രസുല പിഡബ്ല്യുഡിയിൽ ഒാവർസിയർ ഗ്രേഡ്– 2 തസ്തികയിൽ ജോലി ചെയ്യുന്നു. മകൾ: രണ്ടു വയസ്സുകാരി അലംകൃത.
‘‘തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും സ്ഥിരമായി പിന്തുടരാറുണ്ട്. കണ്ണൂർ ബ്രില്യൻസ് കോളജിൽ കുറച്ചു നാൾ പരീക്ഷാ പരിശീലനം നടത്തിയിരുന്നു. ഒ.അബൂട്ടി മാഷിന്റെ ഇംഗ്ലിഷ് പാഠങ്ങളാണു തൊഴിൽവീഥിയോടുള്ള അടുപ്പം കൂട്ടിയത്. തുടക്കക്കാർക്കുപോലും മനസിലാകുന്ന രീതിയിലുള്ള തൊഴിൽവീഥിയിലെ ഇംഗ്ലിഷ് പരീക്ഷാ പരിശീലനം പരീക്ഷകളിൽ ഏറെ സഹായിച്ചു. സെക്രട്ടേറിയറ്റ് കംപ്യൂട്ടർ അസിസ്റ്റന്റ് പരീക്ഷയിൽ 40 മാർക്കിന്റെ ചോദ്യങ്ങൾ ഇംഗ്ലിഷ് വിഷയത്തിൽ നിന്നായിരുന്നു. ഉത്തരമെഴുതാൻ തൊഴിൽവീഥിയിലെ പരിശീലനം വഴികാട്ടിയായി. തൊഴിൽവീഥിയിലെ മോഡൽ ചോദ്യപേപ്പറുകൾ സ്ഥിരമായി എഴുതി പരിശീലിച്ചതും ഗുണം ചെയ്തു’’.
എം.അമർജ്യോത്
English Summary: Kerala PSC Success Story Of Amar Jyoth