ADVERTISEMENT

കൂട്ടുകാർ പലരും ജോലി തേടി വിദേശത്തേക്കു പറന്നപ്പോൾ ബിപിൻ മാത്രം ജോലിയൊന്നും ശരിയാകാതെ, റിക്രൂട്ടിങ് ഏജൻസിയിൽ  കെട്ടിവച്ച പണമെങ്കിലും തിരികെ കിട്ടുമോ എന്ന ആശങ്കയിലായിരുന്നു. വിദേശജോലിയുടെ വാതിലടഞ്ഞപ്പോൾ മറ്റൊരു നിവൃത്തിയുമില്ലാതെ രണ്ടും കൽപിച്ചു തുടങ്ങിയതാണു പിഎസ്‌സി പഠനം. അതു ഫലവത്തായി. പതിനാലാം റാങ്കോടെ ആലപ്പുഴ ജില്ലയിലെ എൽഡി ക്ലാർക്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. ഇപ്പോൾ ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ എൽഡി ക്ലാർക്കാണ് കായംകുളം സ്വദേശി ബി.ബിപിൻ കുമാർ. അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷയിൽ ആലപ്പുഴ ജില്ലയിൽ ഒന്നാം റാങ്കുണ്ട്. സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് പരീക്ഷയിലും ഉയർന്ന റാങ്ക് നേടി. പൊലീസ്, എക്സൈസ് പരീക്ഷകളിൽ മികച്ച മാർക്ക് നേടിയെങ്കിലും യൂണിഫോം തസ്തികകളോടു താൽപര്യമില്ലാത്തതിനാൽ കായികപരീക്ഷയ്ക്കു പോയില്ല. 

Read Also : 3–ാം റാങ്കോടെ സർക്കാർ ജോലി നേടി ജിജേഷ്

∙ ജോലിക്കു ജീവന്റെ വില 

ബിഎസ്‌സി കംപ്യൂട്ടർ സയൻസ് പഠനം കഴിഞ്ഞ് ഒരു സ്വകാര്യ ബാങ്കിലായിരുന്നു ആദ്യജോലി. നാലു വർഷംകൊണ്ട് ഡപ്യൂട്ടി മാനേജർവരെയായി. ആയിടയ്ക്കാണ് അടുത്ത ചില സുഹൃത്തുക്കൾ മലേഷ്യയിലെ ഉയർന്ന ശമ്പളമുള്ള ജോലിക്കുവേണ്ടി നാടുവിടാൻ തീരുമാ‌നിച്ചത്. ജോലി ഉപേക്ഷിച്ച്, അതുവരെയുള്ള സമ്പാദ്യം നുള്ളിപ്പെറുക്കി റിക്രൂട്ടിങ് ഏജൻസിക്കു കൊടുത്ത് ബിപിനും കാത്തിരുന്നു. പക്ഷേ വീസ വന്നില്ല.

പരീക്ഷയെക്കുറിച്ചു കൃത്യമായ ധാരണയില്ലാത്തതാണ് പലരുടെയും പ്രശ്നം. പരീക്ഷ എന്താണ്, എങ്ങനെയാണ് എന്ന് ആദ്യം പഠിക്കണം. അതുകഴിഞ്ഞാണ് പരീക്ഷയ്ക്കുവേണ്ടി പഠിക്കേണ്ടത്. പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ തൊഴിൽവീഥി ഏറെ സഹായിച്ചിട്ടുണ്ട്. ജീവിതത്തിൽ പല പ്രയാസങ്ങളുമുണ്ടാകാം. പക്ഷേ, പഠിക്കാനിരി ക്കുമ്പോൾ എപ്പോഴും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുക. നല്ല ജോലിക്കുവേണ്ടി നാടുവിട്ടുപോകേണ്ട കാര്യമില്ല; ശ്രമിച്ചാൽ നാട്ടിൽതന്നെ സർക്കാർ ജോലി നേടിയെടുക്കാം.

ഏജൻസിക്കാർ കൈമലർത്തിയതോടെ ജീവിതം ചോദ്യചിഹ്നമായി. ഉണ്ടായിരുന്ന ജോലി വേണ്ടെന്നു വച്ചതിൽ കുറ്റബോധം, പണം നഷ്ടപ്പെട്ടതിന്റെ മാനസിക സമ്മർദം. അങ്ങനെ ഒരു വഴിയുമില്ലാതെ വന്നപ്പോഴാണ് എന്തുകൊണ്ടു സർക്കാർ ജോലിക്കു ശ്രമിച്ചുകൂടാ എന്നു തോന്നിയത്. കോച്ചിങ്ങിനൊന്നും പോകാൻ സാമ്പത്തികാവസ്ഥ ഇല്ലാതിരുന്നതിനാൽ സ്വയം പഠനമായിരുന്നു. ചെലവുകൾ ക്കു പണം കണ്ടെത്താൻ ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്തു. ജോലിക്കിടയിലെ ഇടവേളകൾ പഠനത്തിനായി നീക്കിവച്ചു. കോവിഡ് വന്നതോടെ ജീവിതം കൂടുതൽ പ്രയാസം നിറഞ്ഞതായി.

∙ പരീക്ഷയറിഞ്ഞ് പഠിക്കണം

തൊഴിൽവീഥി ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും റാങ്ക് ഫയലുകളും ആവർത്തിച്ചു വായിച്ചായിരുന്നു തയാറെടുപ്പ്. സ്കൂൾ പാഠപുസ്തക ങ്ങൾ വീണ്ടും പഠിച്ചു. ഒറ്റയ്ക്കിരുന്നു പഠിച്ചാൽ മാത്രമേ ഏകാഗ്രത ലഭിക്കൂ എന്നാണ് ബിപിന്റെ പക്ഷം. പത്താം ക്ലാസ്, പ്ലസ്ടു പ്രിലിമിനറി പരീക്ഷകൾ ക്കുവേണ്ടി നന്നായി തയാറെടുത്തു. സിലബസ് നന്നായി മനസ്സിലാക്കി മാർക്കിന്റെ വെയ്‌റ്റേജ് അനുസരിച്ചു പഠിച്ചു. എല്ലാം പഠിച്ചുതീർക്കാൻ ശ്രമിക്കുന്നതിനു പകരം പഠിക്കുന്നത്ര ഭാഗങ്ങൾ ആഴത്തിൽ ഹൃദിസ്ഥമാക്കുന്ന രീതിയാണ് പിന്തുടർന്നത്. ഓരോ വിഷയത്തിലും കൂടുതൽ ആത്മ വിശ്വാസത്തോടെ ഉത്തരമെഴുതാൻ കഴിയുന്ന ഭാഗങ്ങൾ കണ്ടെത്തി. ചിട്ടയായ ആ പഠനരീതി യാണു ബിപിന്റെ വിജയരഹസ്യം.

Content Summary: Inspirational Life story of Bibin Kumar, the PSC Rank Holder at Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com