ADVERTISEMENT

ജോലിയിൽനിന്ന് അവധിയെടുത്ത് രാഹുൽ നടത്തിയ ശ്രമങ്ങൾക്കുള്ള ഉത്തരമാണ് സർവകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ ഒന്നാം സ്ഥാനം. ചിട്ടയായ പഠനത്തിലൂടെ വിജയപ്പടവുകളിലെ ത്തുമ്പോൾ അതിനുപകരിച്ച ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിലൊരാളായി തൊഴിൽവീഥിയെ രാഹുൽ കൂടെച്ചേർക്കുന്നു. രാഹുലിന്റെ ഒന്നാം റാങ്ക് നേട്ടം ഇതാദ്യമല്ല. സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിൽ കൊല്ലം ജില്ലയിൽ ഒന്നാം റാങ്ക് നേടിയിരുന്നു. പത്തനംതിട്ട ജില്ലയിലെ എൽഡി ക്ലാർക്ക് 5–ാം റാങ്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് 9–ാം റാങ്ക് എന്നിവയാണ് മറ്റു പ്രധാന റാങ്ക് നേട്ടങ്ങൾ. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ്, പൊലീസ് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകളിലും മികച്ച റാങ്ക് നേടി.

സ്വയം പഠിച്ച് പ്രിലിംസ് ജയം 
സർവകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നാം റാങ്കിലെത്തുമെന്ന് കരുതിയില്ലെന്ന് എച്ച്.രാഹുൽ പറയുന്നു. 2022 നവംബർ 25ന് പത്തനംതിട്ട കുടുംബ കോടതിയിൽ എൽഡി ക്ലാർക്കായി ജോയിൻ ചെയ്ത രാഹുൽ ജോലിയിൽനിന്ന് അവധിയെടുത്താണ് സർവകലാശാലാ അസിസ്റ്റന്റ് പരീക്ഷയ്ക്കു തയാറെടുത്തത്. പത്തനാപുരം കോളജ് ഓഫ് എൻജിനീയറിങിൽനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബിടെക് നേടിയ ശേഷമാണ് രാഹുൽ പിഎസ്‌സി പരീക്ഷാപരിശീലന രംഗത്തേക്കിറങ്ങിയത്. തുടക്കത്തിൽ സ്വന്തമായിട്ടായിരുന്നു പരിശീലനം. തൊഴിൽവീഥി, ഇയർ ബുക്ക്,സ്കൂൾ പാഠപുസ്തകങ്ങൾ, റാങ്ക് ഫയലുകൾ എന്നിവയൊക്കെ പഠനത്തിന് ഉപയോഗപ്പെടുത്തി. എൻട്രിയുടെ ഓൺലൈൻ ക്ലാസും അറ്റൻഡ് ചെയ്തിരുന്നു. മലയാളത്തിൽ അൽപം പിന്നാക്കമായതിനാൽ ആ പഠനത്തിനു കൂടുതൽ സമയം ചെലവഴിച്ചു. മലയാള പാഠഭാഗങ്ങളിലെ പദശുദ്ധി, വാക്യശുദ്ധി എന്നിവ പ്രത്യേകം എഴുതിയെടുത്തു പഠിച്ചു. ഒപ്പം ഇംഗ്ലിഷ്, മാത്സ് പാഠഭാഗങ്ങവും ഹൃദിസ്ഥമാക്കി. പ്രിലിംസിന് പ്രത്യേക പരിശീലനമൊന്നും നടത്തിയിരുന്നില്ല. മുൻപ് പഠിച്ചതുവച്ചാണ് പരീക്ഷ എഴുതിയത്. പ്രിലിംസ് ജയിച്ചതിനു പിറ്റേന്ന് ജോലിയിൽനിന്ന് അവധിയെടുത്തു. രണ്ടര മാസത്തോളം അവധിയെടുത്താണു മെയിൻ പരീക്ഷയ്ക്കു പരിശീലിച്ചത്.

പരീക്ഷയെപേടിക്കരുത്
പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നവരോട് രാഹുലിനു പറയാനുള്ളത് ആത്മവിശ്വാസം വെടിയാതെ പരിശീലിക്കണമെന്നതാണ്. പുതുതായി ഈ രംഗത്തേക്കിറങ്ങുന്നവർ, വർഷങ്ങളായി തയാറെടുപ്പ് നടത്തുന്നവരോടു മത്സരിക്കാൻ കഴിയില്ലെന്നു പറഞ്ഞ് മാറിനിൽക്കരുത്. ജീവിതത്തിലെ ആദ്യ പിഎസ്‌സി പരീക്ഷയായിരുന്നു പത്തനംതിട്ട ജില്ലയിലെ എൽഡി ക്ലാർക്കിന്റേത്. പതിനായിരക്കണക്കിന് ഉദ്യോഗാർഥികളോടു മത്സരിച്ച് അതിൽ അഞ്ചാം റാങ്ക് നേടാൻ കഴിഞ്ഞു. മറ്റുള്ളവർക്കും ഇതു സാധിക്കും. വിഷയങ്ങളോടുള്ള നമ്മുടെ അപ്രോച്ച് പോലെയിരിക്കും നേട്ടങ്ങളും. വർഷങ്ങളായി തയാറെടുക്കുന്ന പലരും ഇടയ്ക്കുവച്ച് പഠനം നിർത്തിപ്പോകുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരീക്ഷകളിൽ വേണ്ടത്ര ശോഭിക്കാതെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതിരിക്കുമ്പോഴാണു പലരും മതിയാക്കുന്നത്. അന്നത്തെ ദിവസത്തെ മോശം പ്രകടനം കൊണ്ടാവും ഒരു പരീക്ഷയിൽ പിന്നാക്കം പോകുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ മറ്റു പല കാരണങ്ങൾകൊണ്ടുമായിരിക്കും അങ്ങനെ സംഭവിക്കുക. എപ്പോഴും അങ്ങനെയായിരിക്കില്ല. 

‘‘തൊഴിൽവീഥി സ്ഥിരമായി വാങ്ങുമായി രുന്നു. തൊഴിൽവീഥിയിലെ മാതൃകാ പരീക്ഷകളാണു കൂടുതലായി ശ്രദ്ധിച്ചത്. സർവകലാശാലാ അസിസ്റ്റന്റ് പരീക്ഷാസമയത്തു പ്രസിദ്ധീകരിച്ച എല്ലാ മാതൃകാ പരീക്ഷകളും ചെയ്തു പരിശീലിച്ചിരുന്നു. സമയബന്ധിതമായി പരീക്ഷ എഴുതി പൂർത്തിയാക്കാൻ മാതൃകാ പരീക്ഷകൾ ഏറെ ഗുണം ചെയ്തു. പിഎസ്‌സി പരീക്ഷ ഉച്ചയ്ക്ക് 2 മണിക്കാണ് ആരംഭിക്കുക. ഇതേ സമയത്താണു മാതൃകാ പരീക്ഷകൾ ചെയ്തു നോക്കുമായിരുന്നത്. വിവിധ തസ്തികകളിലെ പരീക്ഷയ്ക്ക് തൊഴിൽവീഥി പ്രസിദ്ധീകരിച്ചിരുന്ന സ്പെഷൽ ടോപിക്സ് സോർട്ട് ചെയ്തെടുക്കുമായിരുന്നു. ഇതിന്റെ കലക്ഷൻ ഇപ്പോഴും കൈയിലുണ്ട്’’.

പരാജയങ്ങൾ വിജയങ്ങളാക്കി മാറ്റാനുള്ള ആത്മവിശ്വാസം ആർജിച്ചു മുന്നോട്ടു പോകണം. അടൂർ പൊങ്ങലടി തട്ടയിൽ ഹരിഭവനിൽ കെ.ഹരികുമാറിന്റെയും ഗീതയുടെയും മകനാണ് രാഹുൽ. ഏക സഹോദരൻ അഖിൽ ബാംഗ്ലൂർ ടാറ്റയിൽ ജോലി ചെയ്യുന്നു. സർവകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് നിയമന ഉത്തരവു ലഭിച്ചാലുടൻ ജോലിയിൽ പ്രവേശിക്കാനാണു രാഹുലിന്റെ തീരുമാനം.

English Summary:

Rahul's Winning Formula: How Self-Study and Determination Secured Top Ranks in Multiple Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com