ADVERTISEMENT

ഈയിടെ ഒരു രക്ഷിതാവിന്റെ സംശയം – ‘നാറ്റ’ ഫലം അറിഞ്ഞു. ആർക്കിടെക്ചർ പ്രവേശനത്തിന് ഇനിയെന്തു ചെയ്യണം ?

മറ്റൊരു രക്ഷിതാവ് ചോദിച്ചതിങ്ങനെ– മകൾ ‘നീറ്റ്’ എഴുതി. കേരളത്തിൽ ബിഎസ്‌സി അഗ്രികൾചർ പ്രവേശനം ‘നീറ്റ്’ വഴി തന്നെയാണോ ?

യഥാസമയം അപേക്ഷ നൽകിയാലും മികച്ച തയാറെടുപ്പോടെ പ്രവേശനപരീക്ഷകൾ എഴുതിയാലും ഇത്തരം പല സംശയങ്ങളും ബാക്കിയാണു രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും. എൻട്രൻസ് സ്കോർ മാത്രമല്ല, അതിനൊപ്പം ബോർഡ് പരീക്ഷയിലെ മാർക്ക് കൂടി ചേർത്ത് റാങ്ക്‌ ലിസ്റ്റ് തയാറാക്കുന്ന കോഴ്സുകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.

കേരള, സിബിഎസ്ഇ, ഐഎസ്‌സി തുടങ്ങി വിവിധ ബോർഡുകളുടെ ഹയർസെക്കൻഡറി ഫലം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വന്നു. പ്രവേശനപരീക്ഷകളിൽ അഖിലേന്ത്യാ എൻജിനീയറിങ് എൻട്രൻസ് ആയ ജെഇഇ മെയിൻ, ആർക്കിടെക്ചർ അഭിരുചിപരീക്ഷയായ ‘നാറ്റ’, ഐഐടികളിലേക്കുള്ള ഡിസൈൻ പരീക്ഷയായ യുസീഡ് എന്നിവയുടെ ഫലം വന്നുകഴിഞ്ഞു. തുടർപഠനത്തിലേക്കുള്ള യാത്രയിൽ ഇവയൊക്കെ ഓരോ ഘട്ടങ്ങളേ ആകുന്നുള്ളൂ. വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇനിയെന്തൊക്കെ നടപടിക്രമങ്ങളെന്നു വ്യക്തമായി മനസ്സിലാക്കി അതിനനുസരിച്ചാകാം തയാറെടുപ്പുകൾ.

1. കേരള എൻട്രൻസ്
കേരള എൻജിനീയറിങ്– ഫാർമസി എൻട്രൻസ് സ്കോർ ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. മിനിമം സ്കോർ നേടി യോഗ്യത നേടുന്നവർ, തുടർന്ന് പന്ത്രണ്ടാം ക്ലാസ് മാർക്ക് എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

ഇതു കൂടി ചേർത്ത് നോർമലൈസ് ചെയ്ത എൻജിനീയറിങ്, ഫാർമസി റാങ്ക്പട്ടികകൾ ജൂണിൽ പ്രഖ്യാപിക്കും. ഈ റാങ്കിന്റെ അടിസ്ഥാനത്തിൽ വിവിധ കോളജുകളിലേക്ക് ഓപ്ഷനുകൾ നൽകാം.

മുൻവർഷങ്ങളിൽ ഓരോ വിഭാഗത്തിലും പ്രവേശനം ലഭിച്ച അവസാന റാങ്കുകൾ മനസ്സിലാക്കിവയ്ക്കുന്നത് ഓപ്ഷൻ ഘട്ടത്തിൽ ഒരു പരിധിവരെ സഹായകരമാകും.

കേരള എൻട്രൻസിന്റെ ഒന്നാം പേപ്പറിന്റെ (ഫിസിക്സ് / കെമിസ്ട്രി) ഫലം ആണു ബി ഫാം റാങ്ക്‌ ലിസ്റ്റ് തയാറാക്കാൻ ഉപയോഗിക്കുന്നത്.

ബി ഫാമിന് അപേക്ഷിച്ചവരുടെ പേപ്പർ ഒന്നിലെ കെമിസ്ട്രിയുടെ മാർക്കിനെ 2.25 കൊണ്ട് ഗുണിച്ച ശേഷം ഫിസിക്സ് മാർക്കിനോടു കൂട്ടും. കിട്ടുന്ന സംഖ്യയെ 2/3 കൊണ്ട് വീണ്ടും ഗുണിച്ച് ഇൻഡെക്സ് മാർക്ക് തയാറാക്കും. യോഗ്യത നേടാൻ കുറഞ്ഞത് 10 ഇൻഡെക്സ് മാർക്ക് വേണം.

ഇൻഡെക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ എൻട്രൻസ്‌ കമ്മിഷണർ റാങ്ക്‌ ലിസ്റ്റ് തയാറാക്കി, ഓപ്‌ഷൻ ക്ഷണിച്ച് അലോട്മെന്റ് നടത്തും.

2. ജെഇഇ മെയിൻ
ജെഇഇ മെയിൻ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് എൻഐടികൾ ഉൾപ്പെടെയുളള സ്ഥാപനങ്ങളിലെ പ്രവേശനം. ജെഇഇ അഡ്വാൻസ്ഡ് ഫലം കൂടി വന്ന ശേഷം അടുത്ത മാസം രണ്ടാം വാരത്തോടെ ജോയിന്റ് സീറ്റ് അലൊക്കേഷൻ കമ്മിറ്റി കൗൺസലിങ് പ്രക്രിയ ആരംഭിക്കും. www.josaa.nic.in എന്ന വെബ്സൈറ്റ് ശ്രദ്ധിക്കാം.

എൻഐടികളിലും മറ്റുമുള്ള ആർക്കിടെക്ചർ പ്രവേശനം ജെഇഇ മെയിൻ പേപ്പർ 2 ഫലത്തിന്റെ അടിസ്‌ഥാനത്തിലാണ്. 15നു ഫലം വന്ന ശേഷം ജൂൺ രണ്ടാം വാരം അലോട്മെന്റ് പ്രക്രിയ ആരംഭിക്കും.

3. ജെഇഇ അഡ്വാൻസ്ഡ്
ജെഇഇ മെയിനിൽ ഏറ്റവും മുകളിൽ വന്ന 2.45 ലക്ഷം പേർക്ക് ഈ മാസം 27ന് ഐഐടി പ്രവേശനപരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് എഴുതാം. ഇതിന്റെ ഫലം ജൂൺ 14ന്. കാറ്റഗറി തിരിച്ചു റാങ്ക് പ്രസിദ്ധീകരിക്കും.

സീറ്റുവിതരണം ‘ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി’ ജൂൺ 19 മുതൽ നടത്തും. ജെഇഇ അഡ്വാൻസ്ഡിൽ യോഗ്യത നേടിയവർക്ക് ഐഐടികളിലെ ബിആർക് പ്രോഗ്രാമിൽ താൽപര്യമുണ്ടെങ്കിൽ ജൂൺ 17ലെ ആർക്കിടെക്ചർ അഭിരുചി പരീക്ഷയെഴുതണം. ഇതിനുള്ള റജിസ്ട്രേഷൻ ജൂൺ 14, 15 തീയതികളിൽ. ഫലം ജൂൺ 21ന്.

4. നീറ്റ്
നീറ്റ് ഫലം ജൂൺ 5നു വരുമെന്നു പ്രതീക്ഷിക്കുന്നു. മുൻവർഷങ്ങളിൽ വിവിധ കാറ്റഗറികളിൽ പ്രവേശനം ലഭിച്ച അവസാന റാങ്കുകൾ നോക്കി മനസ്സിലാക്കുന്നതു നന്നായിരിക്കും.

ദേശീയതലത്തിൽ സർക്കാർ മേഖലയിലുള്ള എല്ലാ മെഡിക്കൽ/ ഡെന്റൽ കോളജുകളിലെയും 15 % സീറ്റ് അഖിലേന്ത്യ ക്വോട്ടയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ഈ സീറ്റുകളിലേക്കുള്ള ഓൺലൈൻ കൗൺസലിങ് വിവരങ്ങൾ www.mcc.nic.in എന്ന വെബ്സൈറ്റിൽ വരും. അഖിലേന്ത്യ ക്വോട്ടയ്ക്കു ശ്രമിക്കുന്നവർ സംസ്ഥാന സിലക്‌ഷന് ഓപ്ഷൻ സമർപ്പിക്കുന്നതിനു തടസ്സമില്ല. കേരളത്തിലെയും 15% സീറ്റ് നികത്തുന്നത് ഇങ്ങനെയായിരിക്കും.

കേരളത്തിലെ ബാക്കിയുള്ള എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി, അഗ്രികൾചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി കോഴ്സുകളിലേക്ക് അലോട്മെന്റ് നടത്തുന്നതു സംസ്ഥാന എൻട്രൻസ് കമ്മിഷണറാണ്. ഇതിലേക്ക് അപേക്ഷിച്ചവർക്കു നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ അലോട്മെന്റ് നൽകും. ഇതിന് ഓപ്ഷൻ സമർപ്പിക്കാൻ കമ്മിഷണറുടെ വിജ്ഞാപനം പിന്നീടു വരും.

5. ഐസിഎആർ
അഖിലേന്ത്യാ തലത്തിൽ അഗ്രികൾച്ചറും സമാന വിഷയങ്ങളും പഠിക്കാൻ അവസരമൊരുക്കുന്ന ഐസിഎആർ എൻട്രൻസ് ജൂലൈ ഒന്നിനു നടത്തും.‌ 64 സംസ്ഥാന കാർഷിക സർവകലാശാലകളടക്കം ദേശീയ തലത്തിൽ കാർഷിക മേഖലയിൽ 75 സർവകലാശാലകളുണ്ട്. വെറ്ററിനറി ഒഴിക‌െയുള്ള ശാഖകളിൽ കാർഷിക സർവകലാശാലകളിലെ 15 % ബിരുദ സീറ്റുകളിലേക്കുള്ള സിലക്‌ഷൻ ഐസിഎആർ പരീക്ഷ വഴിയാണ്. ജൂലൈ 17നാണു ഫലപ്രഖ്യാപനം. പൊതു റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലുള്ള കൗൺസലിങ് ജൂലൈ അവസാനത്തോടെ.

6. നാറ്റ
ആർക്കിടെക്ചർ ബിരുദ പഠനത്തിനുള്ള ദേശീയ അഭിരുചിപരീക്ഷയായ ‘നാറ്റ’യുടെ ആദ്യ അവസരത്തിന്റെ ഫലം വന്നുകഴിഞ്ഞു.ഒരവസരം കൂടിയുണ്ടെങ്കിലും കേരളത്തിൽ പ്രവേശനത്തിന് ആദ്യത്തേതിന്റെ റാങ്ക് മാത്രമേ പ്രയോജനപ്പെടൂ. ജൂൺ 10നു മുൻപു ‘നാറ്റ’ യോഗ്യത നേടണമെന്ന കേരള എൻട്രൻസ് വിജ്ഞാപനത്തിലെ വ്യവസ്ഥയാണു കാരണം.

കേരളത്തിൽ എൻട്രൻസ് കമ്മിഷണർ വഴിയുള്ള ബിആർക് പ്രവേശനത്തിനു ‘നാറ്റ’ ബാധകമാക്കിയിട്ടുണ്ട്. റാങ്ക് ലിസ്റ്റ് തയാറാക്കുന്നത് യോഗ്യതാ പരീക്ഷയിലെ സ്കോറിനും ‘നാറ്റ’ സ്കോറിനും തുല്യപരിഗണന നൽകിയാണ്. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ വരും.‘നാറ്റ’ റാങ്കിന്റെ അ‍ടിസ്ഥാനത്തിൽ സ്വകാര്യ കോളജുകളിലെ ബിആർക് പ്രവേശനം സംബന്ധിച്ച വ്യവസ്ഥകൾക്കു പ്രവേശന സ്ഥാപനവുമായി ബന്ധപ്പെടണം.

7. ക്ലാറ്റ്
ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷയായ ക്ലാറ്റ് ഈ മാസം 26നാണ്. കൊച്ചി നുവാൽസിലടക്കം രാജ്യത്താകെ മൂവായിരത്തോളം സീറ്റിലേക്കാണ‌ു പ്രവേശനം.

ജൂൺ രണ്ടാം വാരം ഫലപ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. അതിനുശേഷം പൊതുവായി റാങ്ക് ലിസ്റ്റ് ഇടും. വെബ്സൈറ്റിൽ തന്നെ താൽപര്യമുള്ള കോളജുകളിലേക്ക് ഓപ്ഷനുകൾ സമർപ്പിക്കാനും സാധിക്കും.

8. ഡിസൈൻ
ബോംബെ, ഗുവാഹത്തി, ഹൈദരാബാദ്, ജബൽപുർ ഐഐടികളിലെ ബാച്‌ലർ ഇൻ ഡിസൈൻ (ബി.ഡിസ്) കോഴ്സിലേക്കുള്ള പ്രവേശനം യുസീഡ് വഴിയാണ്. ഫലം വന്നു കഴിഞ്ഞു. റാങ്കിന്റെ അടിസ്‌ഥാനത്തിൽ വിവിധ ഐഐടികളിലേക്ക് ജൂൺ 8 മുതൽ 20 വരെ പൊതുവായ അപേക്ഷ സമർപ്പിക്കാം. ചില പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളും യുസീഡ് റാങ്ക് നോക്കി അഡ്മിഷൻ നടത്തുന്നുണ്ട്. www.uceed.iitb.ac.in നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ബി.ഡിസ് പ്രവേശനം എൻഐഡി എൻട്രൻസ് വഴിയാണ്. പ്രിലിംസ് വിജയിച്ചവർക്കുള്ള മെയിൻസ് പരീക്ഷ ഇപ്പോൾ നടക്കുകയാണ്. ഫലം 31ന്. 

9. ജിപ്മെർ, എയിംസ്
കേന്ദ്രസർക്കാരിനു കീഴിലുള്ള പുതുച്ചേരി ജിപ്മെറിൽ എംബിബിഎസ് പ്രവേശനപരീക്ഷ ജൂൺ 2നാണ്. കേരളത്തിൽ 7 കേന്ദ്രങ്ങൾ– തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ.

ജിപ്മെറിൽ വിവിധ വിഷയങ്ങളിൽ ബിഎസ്‌സി പ്രോഗ്രാമുകളിലേക്കു മേയ് 24 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.jipmer.edu.in

ന്യൂഡൽഹിയിലേത് ഉൾപ്പെടെ 14 എയിംസുകളിലെ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) എംബിബിഎസ് പ്രവേശനത്തിന് മേയ് 25, 26 തീയതികളിലാണു പരീക്ഷ.

10. ക്യുസെറ്റ്
ആർട്സ് ആൻഡ് സയൻസ് വിദ്യാർഥികൾക്കു 14 കേന്ദ്ര സർവകലാശാലകളിലേക്കും ബെംഗളൂരു ഡോ.ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സിലേക്കുമുള്ള പ്രവേശനം നൽകുന്ന പരീക്ഷയായ ക്യുസെറ്റ് (CUCET) 25, 26 തീയതികളിൽ നടത്തും.ഫലപ്രഖ്യാപനത്തിനു ശേഷം വിവിധ കേന്ദ്ര സർവകലാശാലകൾ കൗൺസലിങ് നടത്തും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സർവകലാശാലകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ ശ്രദ്ധിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com