മറ്റുള്ളവരുടെ മനസ്സിലൊരു സ്ഥാനം വേണോ? പാലിക്കാം ഈ സാമാന്യ മര്യാദകൾ
Mail This Article
ശരീരഭാഷയിലൂടെ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്നതിലും ശ്രദ്ധ നിലനിർത്തുന്നതിലും കൈകൾ കൊണ്ടുള്ള ആംഗ്യങ്ങൾക്ക് കാര്യമായ പങ്കു വഹിക്കാനുണ്ട്. മിതവും നിയന്ത്രിതവുമായ ആംഗ്യങ്ങൾ വ്യക്തിയുടെ വശ്യതയ്ക്ക് മാറ്റു കൂട്ടുമെങ്കിലും ആംഗ്യങ്ങളുടെ ധാരാളിത്തം നേർവിപരീതഫലം ചെയ്യും. കയ്യാംഗ്യങ്ങളെ ആകർഷണീയമാക്കാൻ എപ്പോഴും ഓർത്തിരിക്കേണ്ട കാര്യങ്ങളുടെ സംഗ്രഹം താഴെക്കൊടുക്കുന്നു.
1. കൈവെള്ളകൾ പുറമേക്കു ദൃശ്യമാകത്തക്കവണ്ണം തുറന്ന കൈകൾ സത്യസന്ധതയുടെയും തുറന്ന മനസ്ഥിതിയുടെയും സൂചനയാണ്.
2. കൈകൾ ഗോപുരാകൃതിയിൽ ചേർത്തുവെയ്ക്കുന്നത് ആളുകളിൽ മതിപ്പുളവാക്കും. കാരണം അത് ആത്മവിശ്വാസത്തെയും തന്റേടത്തെയും സൂചിപ്പുക്കുന്നു.
3. ഹസ്തദാനം ചെയ്യുമ്പോൾ ദൃഢമായി പിടിക്കുക; അമിതമായി മുറുക്കുകയോ തീർത്തും അയച്ചിടുകയോ അരുത്. കൈകൾ കഴിവതും ഈർപ്പരഹിതമായിരിക്കാൻ ശ്രദ്ധിക്കണം. വിയർക്കുന്ന കൈപ്പത്തി പരിഭ്രമത്തിന്റെ സൂചനയാകാമെന്നതിനാൽ അത് ഹസ്തദാനം ചെയ്യപ്പെടുന്ന വ്യക്തിയിലും അസ്വസ്ഥതയുളവാക്കും. ഇരുകൈകൾകൊണ്ടുമുള്ള ഹസ്ത ദാനം നിങ്ങളുടെ ആത്മാർഥതയെക്കുറിച്ചു സംശയമുണർത്തിയേക്കാം.
4. വികാരനിർഭരമായി മനസ്സിൽ തട്ടുംവിധം കാര്യങ്ങൾ പറയേണ്ട സാഹചര്യങ്ങളില്‍ നെഞ്ചിൽ കൈവച്ചുകൊണ്ടുള്ള സംസാരം നിങ്ങളുടെ ആത്മാർഥതയെക്കുറിച്ച് മറ്റുള്ളവരിൽ സംശയമുണർത്തും.
5. ആരെങ്കിലും നിങ്ങളോടു സംസാരിക്കുമ്പോൾ മൊബൈൽ ഫോൺ, പേപ്പർവെയ്റ്റ് പോലുള്ള വസ്തുക്കളിൽ ഉഴിഞ്ഞു കൊണ്ടും തലോടിക്കൊണ്ടുമിരിക്കുന്നത് ശരിയല്ല. അത് അപരന് നിങ്ങൾ അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്ന ധാരണയുണ്ടാക്കും.
6. കൈകൾ തുടയ്ക്കുന്നത് വസ്ത്രത്തിൽ വേണ്ട, കർച്ചീഫ് തന്നെ ഉപയോഗിക്കുക.
7. ആവേശപ്രകടനമെന്ന നിലയ്ക്ക് കൈ മുഷ്ടി ചുരുട്ടി മുകളിലേക്കുയർത്തുന്നത് ആത്മനിയന്ത്രണം ആവശ്യമായ സന്ദർഭങ്ങളിൽ അഭികാമ്യമല്ല. മുഷ്ടി ചുരുട്ടിയുള്ള ആംഗ്യങ്ങളൊന്നും തന്നെ സൗഹാർദ്ദ സൂചകങ്ങളല്ല.
സാമാന്യ മര്യാദകളിലൂടെ അന്യരുടെ മനസ്സിലേക്ക്
പൊതുവായ പെരുമാറ്റ മര്യാദകള്‍ അറിഞ്ഞിരിക്കുന്നതോടൊപ്പം അവ പ്രായോഗിക ജീവിതത്തിൽ ഭംഗിയായി ഉപയോഗപ്പെടുത്താൻ പരിശീലിക്കുകയെന്നതും ആളുകളെ ആകർഷിക്കാൻ അത്യന്താപേക്ഷിതമാണ്. വിനയത്തോടു കൂടിയ പെരുമാറ്റം ആരും ഇഷ്ടപ്പെടും. എന്നാൽ അതിവിനയവും അതുപോലുള്ള കൃത്രിമമായ പ്രകടനങ്ങളും വിപരീതഫലം ചെയ്യും. പെരുമാറ്റ മര്യാദകളിൽ മുഖ്യമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെപ്പറയുന്നവയാണ്.
∙ആരെയെങ്കിലും ആശ്വസിപ്പിക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽ കൈപ്പത്തികളില്‍പ്പിടിച്ച് ലഘുവായ തോതിലുള്ള ഒരു അമർത്തലോ വളരെ നിയന്ത്രിതമായ തോതിലുള്ള ആലിംഗനമോ കൈകൊണ്ട് മൃദുവായി പുറത്തു തട്ടലോ വ്യക്തിപരമായ അടുപ്പത്തിന്റെ തോതനുസരിച്ചും ആളിനും സന്ദർഭത്തിനുമനു സരിച്ചും വകതിരിവോടെ പ്രയോഗിക്കാം.
∙വാതിൽ തുറന്ന് ആളുകളെ സ്വീകരിച്ച ശേഷം നിങ്ങൾ മുന്നിൽ നടന്ന് അകത്തേയ്ക്ക് ആനയിക്കുന്നതിനു പകരം അവരെ മുന്നിൽ നടക്കാൻ അനുവദിക്കുക.
∙ഫോണിൽ സംസാരിക്കുമ്പോൾ മിതമായ സ്ഥായിയിൽ, നിയന്ത്രിതമായ ശബ്ദത്തിൽ മാത്രം സംസാരിക്കുക. ഉച്ചത്തിലുള്ള സംസാരം നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിക്കു മാത്രമല്ല ചുറ്റുമുള്ളവർക്കും അരോചകമായിരിക്കും. വളരെ വ്യക്തിപരമായ ടെലഫോൺ സംഭാഷണങ്ങൾ കഴിവതും ഒറ്റയ്ക്കായിരിക്കുമ്പോൾ നടത്താൻ ശ്രദ്ധിക്കുക.
∙മറ്റുള്ളവർ ശ്രദ്ധിക്കുന്നില്ലെന്ന് നിങ്ങൾക്ക് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ പോലും അവരുടെ മാനറിസങ്ങളെക്കുറിച്ചോ അതു പോലുള്ള ദൗർബല്യങ്ങളെക്കുറിച്ചോ മോശപ്പെട്ട പരാമർശങ്ങൾ നടത്താതിരിക്കുക.
∙ചുണ്ടുകൾ ഇടയ്ക്കിടെ നാക്കിൻ തുമ്പുകൊണ്ട് നനയ്ക്കുന്നത് പരിഭ്രമത്തെ സൂചിപ്പിക്കുന്നു. സ്ത്രീകളിലാകുമ്പോൾ അത് ലൈംഗിക തൃഷ്ണയുടെ സൂചനയുമാകാം.
∙വിരൽ ഞൊടിച്ചു കൊണ്ടോ കൈകെട്ടിയോ ആളുകളെ വിളിക്കരുത്. പുറകിൽ നിന്നാണെങ്കിൽ അടുത്തുചെന്ന് ഒരു ലഘു സ്പർശം കൊണ്ട് കാര്യം സാധിക്കാമല്ലോ.
സ്വയം നിരീക്ഷിക്കുക
നിങ്ങളുടെ രൂപഭാവങ്ങളും മാനറിസങ്ങളും ഒരു കണ്ണാടിയും മുന്നിൽ നിന്ന് വിമർശനബുദ്ധ്യാ നിരീക്ഷിക്കുന്നത് ദൗർബല്യങ്ങള്‍ കണ്ടെത്തി സ്വയം തിരുത്തുന്നതിന് ഒരളുവുവരെയെങ്കിലും സഹായകമാകും. അതു പോലെ തന്നെ നിങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകളുടെയും മറ്റും വിഡിയോ റിക്കര്‍ഡിങ് സൂക്ഷ്മ വിശകലനം ചെയ്യുന്നതും ഇതേ ഗുണം ചെയ്യും. ആവശ്യമെങ്കിൽ വളരെ അടുത്ത സുഹൃത്തുക്കളുടെ സഹായം തേടുകയുമാവാം. പക്ഷേ അവരുടെ നിരീക്ഷണങ്ങളെയും നിർദ്ദേശങ്ങളെയും യാതൊരു മുൻവിധിയോടെ കാണരുത്. പറയുന്നതിൽ ശരിയുണ്ടെന്നു തോന്നുന്ന പക്ഷം ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ‘‘ഞാനെന്ന ഭാവത്തെ’’ മാറ്റി നിർത്തി തുറന്ന മനസ്സോടെ തയാറാകുമ്പോൾ മാത്രമേ ഈ രീതി പരമാവധി ഫലപ്രദമാകൂ.
നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തികളുടെ പെരുമാറ്റവും ശരീര ഭാഷയും നിരീക്ഷിക്കുന്നതും അവയുടെ അഭികാമ്യമായ വശങ്ങൾ നിങ്ങളുടെ വ്യക്തിത്വവുമായി യോജിച്ചു പോകുമെന്നു തോന്നുന്ന പക്ഷം അനുകരിക്കുന്നതും നന്നായിരിക്കും. വസ്ത്രധാരണ രീതി പ്രായത്തിനും നടപ്പുമൂല്യങ്ങൾക്കും ഇണങ്ങുന്ന വിധത്തിലായിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. പെർഫ്യൂമുകൾ ഉപയോഗിക്കുന്നതു നല്ലതാണെങ്കിലും രൂക്ഷ ഗന്ധമുള്ള പെർഫ്യൂമുകള്‍ സകലരിലും അസ്വസ്ഥതയുളവാക്കും.
മുഖം എപ്പോഴും മധുരമായ ഒരു പുഞ്ചിരിയിൽ പ്രസന്നമായിരിക്കട്ടെ. അത് മറ്റുള്ളവരിലേക്ക് പടരുകയും സർവരിലും സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ മാനസികാവസ്ഥയെ ഉണർത്തുകയും ചെയ്യും.
കടപ്പാട്
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്
Order Book>>